Connect with us

cover story

നിലവിളിക്കുന്ന കുഞ്ഞിളംപൂക്കൾ

പീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകാം. പീഡനത്തിനിരകളാകുന്ന കുട്ടികളിലെ കുറ്റബോധം, ഭയം, ലജ്ജ, ദേഷ്യം എന്നിവ തുടക്കത്തിൽതന്നെ ചികിത്സിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കാം.

Published

|

Last Updated

മൂന്ന് വയസ്സുകാരിയായ മകളുടെ ശരീരമാസകലം മുറിപ്പാടുകൾ കണ്ട രേഖ ഞെട്ടിത്തരിച്ചുപോയി. തുടർന്ന് സാവധാനം കുട്ടിയിൽനിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ രേഖയുടെ മനസ്സ് അൽപ്പനേരത്തേക്ക് മരവിച്ചുപോയി. കാരണം അതിനു പിന്നിൽ തന്റെ ഭർത്താവാകുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല. പീഡനകാര്യം ആരോടെങ്കിലും പറഞ്ഞാൽ മകളെ ഒരു ഇരുട്ടുമുറിയിൽ അടച്ചിട്ട് കൊന്നുകളയുമെന്നായിരുന്നു പിതാവിന്റെ ഭീഷണി. പിതാവാണെങ്കിൽ കൂടി ആ കുറ്റവാളിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ തീരുമാനിച്ച രേഖ പരാതി നൽകാനായി പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ അവിടെയുള്ളവർ തികഞ്ഞ ലാഘവത്തോടെയാണ് അവരോടു പെരുമാറിയത്.

എഫ് ഐ ആർ തയ്യാറായതിനുശേഷം മൂന്ന് വർഷങ്ങൾ കഴിഞ്ഞിരുന്നു ഈ കേസിന്റെ ആദ്യ വാദം കേൾക്കാൻ. “ഇത്തരം കാര്യങ്ങൾ അമേരിക്കയിൽ മാത്രമാണ് സംഭവിക്കുന്നത്, എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? എന്നായിരുന്നു കോടതിയിൽവെച്ച് രേഖയോടുള്ള അഭിഭാഷകന്റെ പുച്ഛം കലർന്ന ചോദ്യം.

അച്ഛനെ കൂടി ഉൾപ്പെടുത്തിയിട്ടുള്ള വിസ്താരത്തിലൂടെ കുട്ടിയിൽനിന്നും കാര്യങ്ങൾ കോടതി ചോദിച്ചറിയണമെന്നുള്ള രേഖയുടെ അപേക്ഷ ആദ്യമേ നിരസിക്കപ്പെട്ടെങ്കിലും മകൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽനിന്നും ഒട്ടും പുറകോട്ടുപോകാൻ രേഖ തയ്യാറായില്ല. അതിനവർക്ക് മകളുടെ പൂർണ പിന്തുണയും ലഭിച്ചു. ചോദ്യങ്ങളിലൂടെയും ഭീഷണികളിലൂടെയും തന്നെ കുഴക്കാനും കളിയാക്കാനും ശ്രമിച്ച അഭിഭാഷകരുടെ ദുർബുദ്ധിയെ ആ ആറ് വയസ്സുകാരി വളരെ അത്ഭുതകരമായി അതിജീവിച്ചു. പോലീസുകാരുടെയും ഡോക്ടർമാരുടെയും വക്കീലന്മാരുടെയും ന്യായാധിപന്മാരുടെയും മുന്നിൽ അവൾക്ക് തന്റെ കദനകഥ നിരവധി തവണ ആവർത്തിക്കേണ്ടിവന്നു.

കുട്ടിക്ക് 13 വയസ്സാകുന്നതുവരെ പീഡകനായ പിതാവ് കുട്ടിയിൽനിന്നും അകന്നു താമസിക്കണമെന്നും അതിനുശേഷം അവൾക്ക് അച്ഛനോടൊപ്പം കഴിയണമോ വേണ്ടയോ എന്നു തീരുമാനിക്കാം എന്നുമായിരുന്നു ഒടുവിലത്തെ വിധി. രേഖയുടെ മകൾ ക്രമേണ സഹപാഠികളോടും മറ്റും ഒരു അടുപ്പവും കാണിക്കാതെ ഒറ്റപ്പെട്ടു ജീവിക്കാൻ തുടങ്ങി. ഇടക്കിടെ രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ കുട്ടിക്ക് ആണുങ്ങളെ കാണുന്നതുപോലും ഭയമായിത്തുടങ്ങി. ഭാഗ്യവശാൽ നിരവധി തവണയായിട്ടുള്ള കൗൺസലിംഗുകളിലൂടെ മനഃശക്തി വീണ്ടെടുത്ത അവൾ ഇന്ന് നല്ല രീതിയിൽ വിദ്യാർഥിജീവിതം നയിക്കുകയാണ്.

മറ്റൊരു സംഭവം ഇങ്ങനെ: നിത്യപീഡകനായ പിതാവിനെ ആ ആറ് വയസ്സുകാരി നേരിട്ടത് പഠിക്കാത്തതിന് വഴക്കു പറഞ്ഞാൽ എല്ലാ കാര്യങ്ങളും അമ്മയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ അവളുടെ അമ്മയെ കൊന്നുകളയുമെന്നായിരുന്നു കുട്ടിക്കുള്ള പിതാവിന്റെ താക്കീത്. ഒടുവിൽ കുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ട് സംശയം തോന്നിയ അമ്മക്ക് കാര്യങ്ങളെല്ലാം വ്യക്തമായപ്പോൾ അവർ പെട്ടെന്നുതന്നെ വിവാഹമോചനത്തിനു കേസ് കൊടുത്തു. ആ ബന്ധം അവസാനിപ്പിച്ചു. ആ വിവാഹമോചനം കുട്ടിയുടെ മനസ്സിൽ കനത്ത ആഘാതമാണേൽപ്പിച്ചത്. താൻ കാരണമാണ് കുടുംബം തകർന്നതെന്നായിരുന്നു അവളുടെ ചിന്ത. തുടർന്ന് അവൾ സാധാരണ നിലയിലെത്താൻ ദീർഘകാലത്തെ കൗൺസലിംഗുകൾ വേണ്ടിവന്നു.

ഇവ രണ്ടും ഒറ്റപ്പെട്ട സംഭവങ്ങളോ കെട്ടുകഥകളോ അല്ല, മറിച്ച് അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ നടന്നവയാണ്. റിക്കവറിംഗ് ആൻഡ് ഹീലിംഗ് ഫ്രം ഇൻസെറ്റ് (RAHI)) എന്ന സംഘടന ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 76 ശതമാനം പേരും കുട്ടിക്കാലത്ത് പലവിധത്തിലുള്ള ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവരാണെന്ന് മനസ്സിലായി. അവരിൽ 71 ശതമാനം പേർക്കും പീഡനമേൽക്കേണ്ടിവന്നത് സ്വന്തം ബന്ധുക്കളിൽനിന്നും വീടുമായി അടുത്തിടപഴകുന്നവരിൽനിന്നുമാണ് എന്നതായിരുന്നു ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം. ചെന്നൈയിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന 2211 കുട്ടികളിൽ 48 ശതമാനം ആൺകുട്ടികളും 39 ശതമാനം പെൺകുട്ടികളും ജീവിതത്തിലൊരിക്കൽ പീഡിപ്പിക്കപ്പെട്ടവരാണെന്ന് 2006ൽ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു.

പിതാവാണെന്ന അവകാശത്തിന്റെ പേരിൽ എട്ട് വയസ്സുകാരിയായ മകളെ സ്ഥിരമായി കുളിപ്പിക്കുന്ന ഒരാളെ സംശയദൃഷ്ടിയോടെ കാണാനാകൂ. നിരന്തരമായുള്ള പീഡനശ്രമങ്ങളെ തിരിച്ചറിയാനും അവയിൽനിന്നും രക്ഷപ്പെടാൻ മറ്റുള്ളവരുടെ സഹായം തേടാനും നാം കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന, കുട്ടികൾക്കും മുതിർന്നവർക്കുമെതിരെയുള്ള പീഡനങ്ങളെ അവഗണിക്കുന്ന വെറും വിഡ്ഢികളായി നാം മാറിക്കൂടാ. പീഡനത്തിനിരയായവരുടെ ഫോട്ടോകളും അനുബന്ധ വിവരങ്ങളും മാധ്യമങ്ങൾ നിരന്തരം ആവർത്തിച്ചു കാണിക്കുന്നത് അവരുടേയും വീട്ടുകാരുടേയും വിഷമം വർധിപ്പിക്കാനേ ഉപകരിക്കുകയുള്ളു. കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽനിന്നും സംരക്ഷിക്കാനുള്ള ശക്തമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും കുട്ടികൾ വീട്ടിനകത്തുവെച്ച് പീഡിപ്പിക്കപ്പെട്ട കാര്യം പരാതിപ്പെടാൻ അച്ഛനോ അമ്മയോ അധ്യാപകരോ ഉറ്റ ബന്ധുക്കളെതന്നെ മുന്നിട്ടിറങ്ങേണ്ടതുണ്ട്.

ലൈംഗിക പീഡനങ്ങൾക്കു പിന്നിലെ മനഃശാസ്ത്രം

ഒരു വ്യക്തിയെ നിർബന്ധിച്ചോ പ്രലോഭിപ്പിച്ചോ നടത്തുന്ന ലൈംഗികപ്രവർത്തികളെല്ലാംതന്നെ ലൈംഗിക പീഡനങ്ങളിൽ പെടുന്നു. പ്രായം കൂടുതലുള്ള ഒരു വ്യക്തി തനിക്ക് സംതൃപ്തി ലഭിക്കുന്ന വിധത്തിൽ തന്നെക്കാൾ പ്രായംകുറഞ്ഞ ഒരു വ്യക്തിയുമായി വിവിധ ലൈംഗികകേളികളിൽ ഏർപ്പെടുന്നതിനെ ലൈംഗികപീഡനമായി വേണം കാണാൻ. ബലാത്സംഗം, മോശമായ രീതിയിലുള്ള ശരീരസ്പർശം, ലൈംഗികാവയവങ്ങളുടെ പ്രദർശനം, ശാരീരികോപദ്രവം, മോശമായ ഭാഷാപ്രയോഗം എന്നിവയെല്ലാം ലൈംഗിക പീഡനങ്ങളിൽ പെടുന്നു. കുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകളും മറ്റും നിർമിക്കുന്നതും ലൈംഗികപീഡനമാണ്.

പലപ്പോഴും പീഡനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അധികാരികൾക്ക് ലഭിക്കാത്തതുമൂലം നമ്മുടെ സമൂഹത്തിൽ നടക്കുന്ന അത്തരം ദുഷ്പ്രവൃത്തികളുടെ യഥാർഥ കണക്ക് ലഭ്യമല്ല. നവജാതശിശുക്കൾ മുതൽ പ്രായമേറിയവർ വരെ പീഡനങ്ങൾക്കിരയാകുന്നുണ്ട്. ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികൾക്കാണ് ലൈംഗിക പീഡനങ്ങൾ കൂടുതലായും അനുഭവിക്കേണ്ടിവരുന്നത്. പീഡനങ്ങൾക്കിരയാകുന്നവരിൽ മൂന്നിലൊരു ഭാഗവും ഒന്പത് വയസ്സിന് മുമ്പുതന്നെ അത്തരം അതിക്രമങ്ങൾക്കിരയാകുന്നെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അത്തരം പീഡനങ്ങൾ പലപ്പോഴും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെങ്കിലും സാമ്പത്തികമായി മുൻനിരയിലുള്ള കുടുംബങ്ങളിൽ അവ പലപ്പോഴും രഹസ്യമായി സൂക്ഷിക്കപ്പെടുകയാണ് പതിവ്.

സാമൂഹികം, സാമ്പത്തികം, സാംസ്‌കാരികം, മാനസികം എന്നീ മേഖലകളിലെ അധഃപതനവും മൂല്യച്യുതിയുമാണ് ലൈംഗികപീഡനങ്ങൾക്കുള്ള മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടാതെ മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം, കുടുംബത്തിലെ അംഗങ്ങൾ സ്ഥലപരിമിതിയാൽ വളരെയടുത്ത് ശയിക്കേണ്ടിവരുന്ന അവസ്ഥ, സമൂഹത്തിൽനിന്ന് ഒറ്റപ്പെട്ടു ജീവിക്കുന്ന അവസ്ഥ എന്നിവയും ലൈംഗികപീഡനങ്ങൾക്കുള്ള മറ്റു കാരണങ്ങളാണ്.
ഇന്ത്യയിലെ 80 ശതമാനം പെൺകുട്ടികളും ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങൾക്ക് ഇരയാകുന്നുവെന്ന് പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പീഡകരിൽ 66 ശതമാനവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ശിശുപീഡകരിൽ 32 ശതമാനം പേരും സ്വന്തം കുട്ടികളെത്തന്നെ പീഡിപ്പിച്ചവരാണ്. ആൺകുട്ടികളിൽ 29 ശതമാനം പേർ ലൈംഗികപീഡനമനുഭവിക്കുമ്പോൾ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടാനുള്ള സാധ്യത ആൺകുട്ടികളെ അപേക്ഷിച്ച് മൂന്നിരട്ടിയാണെന്നും പഠനങ്ങൾ പറയുന്നു. പ്രായം കൊണ്ടും കായികബലംകൊണ്ടും മുന്നിട്ടുനിൽക്കുന്ന പുരുഷൻതന്നെയായിരിക്കും മിക്കപ്പോഴും പീഡകൻ. വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും തൊഴിലാളികളും തൊഴിൽരഹിതരുമെല്ലാം അക്കൂട്ടത്തിൽപ്പെടുന്നു. മദ്യവും മറ്റ് ലഹരിവസ്തുക്കളും തലച്ചോറിന്റെ മുൻവശത്തുള്ള പ്രീഫോണ്ടൽ ലോബിന്റെ പ്രവർത്തനം മന്ദീഭവിപ്പിക്കുന്നതുമൂലം മനുഷ്യന്റെ വിവേചനശക്തി നഷ്ടപ്പെടുകയും അവന്റെ പെരുമാറ്റം മൃഗസമാനമാകുകയും ചെയ്യുന്നു. അതുകൊണ്ടാണ് ലഹരിവസ്തുക്കൾക്കടിമകളായവർ ലൈംഗികാതിക്രമവേളകളിൽ ഇരകളെ മൃഗീയമായി മുറിവേൽപ്പിച്ചു കൊല്ലുന്നത്.

അടുത്ത കാലത്തു നടന്ന കേരളത്തിലെ സൗമ്യയുടെയും ജിഷയുടെയും ഡൽഹിയിലെ പെൺകുട്ടിയുടെയും അതിദാരുണ അന്ത്യത്തിനു പിന്നിലും ലഹരിവസ്തുക്കൾ തന്നെയാകാം കാരണം. ലഹരിവസ്തുക്കളുടെ ഉപയോഗം കൊണ്ടല്ലാതെതന്നെ മറ്റുള്ളവരെ ശാരീരികമായും മാനസികമായും വേദനിപ്പിക്കുകയും മുറിവേൽപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത് ആനന്ദിക്കുന്ന വ്യക്തിത്വവൈകല്യമുള്ളവരുമുണ്ട്. സാമൂഹിക വിരുദ്ധത (Anti social personality), പരപീഡാനന്ദം (sadistic personality) തുടങ്ങിയ വൈകല്യങ്ങളെല്ലാം അക്കൂട്ടത്തിൽ പെടുന്നവയാണ്. സെക്്ഷ്വൽ പെർവേഷൻ (sexual perversions) കുട്ടികളുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെടാനുള്ള താത്പര്യം (pedophilia), ലൈംഗികാവയവങ്ങളുടെ പ്രദർശനം (exhibitionism), വസ്ത്രം മാറുന്നതും കുളിക്കുന്നതും ഒളിച്ചുനോക്കുന്ന ശീലം (voyeurism) തുടങ്ങിയ ലൈംഗികവൈകൃതമുള്ളവർ പീഡകരാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ലൈംഗികാതിക്രമങ്ങൾ നടത്തുന്നവരിൽ നല്ലൊരു ശതമാനം പേർ കുട്ടിക്കാലത്ത് പല വിധത്തിലുള്ള ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായവരാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ശാരീരികമായ അക്രമവും ഭീഷണിയും കൊണ്ടാണ് പ്രായം ചെന്നവരെ പലപ്പോഴും ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാക്കുന്നത്. കുട്ടികളെയും ചിലപ്പോൾ അക്രമത്തിലൂടെ കീഴ്‌പ്പെടുത്തുമെങ്കിലും മിക്കപ്പോഴും അതിന്റെ ആവശ്യം ഉണ്ടാകാറില്ല. മുതിർന്നവർക്ക് കുട്ടികളിലുള്ള ആധിപത്യമാണതിനു കാരണം. പണത്തിന്റെയും ഭീഷണിയുടെയും സ്വാധീനത്തിൽ ലൈംഗികാതിക്രമങ്ങൾക്കു വഴങ്ങുന്ന ചില മുതിർന്ന കുട്ടികളുമുണ്ട്. പീഡനം നടത്തിയ വ്യക്തി “പീഡനരഹസ്യം’ പുറത്തുപറയരുതെന്ന് ഇരയായ കുട്ടിയെ ഭീഷണിപ്പെടുത്തിക്കൊണ്ടേയിരിക്കും. ലജ്ജയും കുറ്റബോധവും കാരണം രഹസ്യം പുറത്താകാതിരിക്കാൻ കുട്ടിയും നിർബന്ധിതമാകുന്നു.

ലൈംഗിക പീഡനങ്ങൾ സ്വന്തം ബന്ധുക്കളിൽനിന്നുതന്നെ അനുഭവിക്കേണ്ടിവരുന്ന അവസ്ഥ പലർക്കും ഉണ്ടാകാറുണ്ട്. പിതാവ്, രണ്ടാനച്ഛൻ, അമ്മാവൻ, മറ്റ് സഹോദരങ്ങൾ എന്നിവരിൽനിന്നാണ് അത്തരം അനിഷ്ടസംഭവങ്ങൾ സാധാരണയായി നേരിടേണ്ടിവരുന്നത്. പിതാവും മകളും തമ്മിലുള്ള ബന്ധമാണ് അവയിൽ ഭൂരിപക്ഷവും. ഭർത്താവിനെയോ സഹോദരനെയോ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു സ്ത്രീക്ക് തന്റെ കുട്ടികളെ അവർ പീഡിപ്പിക്കുന്നത് നിസ്സഹായയായി കണ്ടുനിൽക്കേണ്ട ഗതികേടുമുണ്ടാകും. എന്നാൽ അത്തരം സന്ദർഭങ്ങളിൽ മറ്റെല്ലാം മറന്ന് സധൈര്യം പ്രതികരിക്കുന്ന സ്ത്രീകളുമുണ്ട്.

ഒരു പെൺകുട്ടിക്ക് തന്നെ പീഡിപ്പിച്ച അച്ഛനോട് പലപ്പോഴും കടുത്ത ദേഷ്യത്തിനു പകരം ഒരു അമ്പരപ്പാണുണ്ടാകുക. ആ പിതാവിനെ പിന്നീട് കുട്ടി നോക്കിക്കാണുന്നത് ദേഷ്യവും സ്‌നേഹവും ഇടകലർന്ന ഒരു പ്രത്യേക വികാരത്തോടെയായിരിക്കും. അച്ഛൻ മോശമായി പെരുമാറാൻ താൻ എന്തു തെറ്റാണ് ചെയ്തതെന്ന ചിന്തയും കുട്ടിയുടെ മനസ്സിൽ നിരന്തരം കടന്നുവരും. തുടർന്ന് ഒരു സ്വപ്നലോകത്തിൽ അകപ്പെട്ടതുപോലെ തോന്നുന്ന കുട്ടിക്ക് രാത്രികളിൽ തന്റെ ഉറക്കം കെടുത്തുന്ന പിതാവിന്റെ മുഖമാണോ അതോ പകൽസമയങ്ങളിൽ തലേന്നു രാത്രിയിൽ ഒന്നുംതന്നെ സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പെരുമാറുന്ന അച്ഛന്റെ മുഖമാണോ വിശ്വസിക്കേണ്ടതെന്ന ആശയക്കുഴപ്പമുണ്ടാകുന്നു.

പലപ്പോഴും അത്തരം കുടുംബബന്ധങ്ങളിൽ അമ്മമാർ ഒരു കാര്യത്തിനും തന്റേടമില്ലാത്തവരോ രോഗികളോ ശാരീരിക- മാനസിക വൈകല്യമുള്ളവരോ ആയിരിക്കും. അതുകൊണ്ടുതന്നെ പീഡനത്തിനിരയാകുന്ന മകൾ തന്നെയാകും കുടുംബത്തിൽ അമ്മയുടെ സ്ഥാനം കൈകാര്യം ചെയ്യുന്നത്. പീഡിപ്പിക്കുന്ന പിതാവാകട്ടെ പലപ്പോഴും മദ്യപാനിയോ ലഹരിവസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്ന ആളോ ആയിരിക്കും. അമ്മയും മകളും തമ്മിലുള്ള ലൈംഗികബന്ധമാണ് പീഡനങ്ങളിൽ ഏറ്റവും ഭീകരം. കടുത്ത മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നവരിലാണ് അത്തരം ബന്ധങ്ങൾ മിക്കവാറും സംഭവിക്കാറുള്ളത്. സഹോദരീസഹോദരന്മാർക്കിടയിലെ ലൈംഗികബന്ധങ്ങൾ പലപ്പോഴും അച്ഛനമ്മമാർ ഇടപെട്ട് മൂടിവെക്കുകയാണ് പതിവ്.
ലൈംഗിക പീഡനങ്ങളുടെ അനന്തരഫലങ്ങളെ സ്വാധീനിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്.

പീഡനത്തിന്റെ സ്വഭാവം, ഇരയുടെ പ്രായം, ഇരയും പീഡകനും തമ്മിലുള്ള ബന്ധം, പീഡനത്തിന്റെ കാലയളവ് എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. വിശ്വസ്തനായ ഒരു വ്യക്തിയിൽനിന്നും പീഡനമേൽക്കേണ്ടിവരുന്ന കുട്ടികൾ വിശ്വാസ്യതക്ക് പിന്നിലെ ചതിയെക്കുറിച്ച് ബോധവാന്മാരാകുന്നു. കുടുംബങ്ങൾ, സുഹൃത്തുക്കൾ, വിദഗ്ധരായ ഡോക്ടർമാർ എന്നിവരുടെ പിന്തുണയും സഹായവും ലഭിക്കുന്ന ഇരകൾക്ക് ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസികപ്രശ്‌നങ്ങൾക്കുള്ള സാധ്യത വളരെ കുറവാണ്. അതേസമയം, തന്നെ “പീഡനരഹസ്യം’ മനസ്സിൽ സൂക്ഷിക്കാൻ നിർബന്ധിതരാകുന്ന കുട്ടികൾക്ക് ദീർഘകാലം നീണ്ടുനിൽക്കുന്ന ഗുരുതരമായ മാനസികപ്രശ്‌നങ്ങൾ ഉണ്ടാകാനും ഇടയുണ്ട്.

പീഡനങ്ങൾക്ക് ഇരയാകുന്നവർക്ക് പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങൾ ഉണ്ടാകാം. പീഡനത്തിനിരകളാകുന്ന കുട്ടികളിലെ കുറ്റബോധം, ഭയം, ലജ്ജ, ദേഷ്യം എന്നിവ തുടക്കത്തിൽതന്നെ ചികിത്സിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കാം. കടുത്ത ഉത്കണ്ഠ, താൻ ഒന്നിനും കൊള്ളാത്തവളാണെന്ന തോന്നൽ, ലൈംഗിക-വൈകാരിക പ്രശ്‌നങ്ങൾ എന്നിവയെല്ലാം ലൈംഗികപീഡനത്തിന്റെ ഫലമായുണ്ടാകുന്ന ദീർഘകാലം നിലനിൽക്കുന്ന പ്രശ്‌നങ്ങളാണ്. പീഡനത്തിനിരയായവരിൽ ചിലപ്പോൾ കടുത്ത വിഷാദം, ആത്മഹത്യാ പ്രവണത, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിതോപയോഗം എന്നിവയൊക്കെ കണ്ടുവരാം. പീഡനത്തിനിരയായ ഒട്ടേറെപ്പേർക്ക് വൈവാഹിക കുടുംബജീവിതത്തിൽ പ്രയാസങ്ങൾ അനുഭവപ്പെടാറുണ്ട്.

( ലേഖകൻ ചേതന സെന്റർ ഫോർ ന്യൂറോസൈക്യാട്രിക് റിഹാബിലിറ്റേഷൻ ഡയറക്ടറാണ്. )

Latest