Connect with us

Kerala

സി എസ് ആര്‍ ഫണ്ട് തട്ടിപ്പ് കേസ്; അനന്തു കൃഷ്ണൻ അഞ്ച് ദിവസം കസ്റ്റഡിയിൽ

പ്രതിയുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടും, വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

കൊച്ചി|പകുതി വിലക്ക് സ്‌കൂട്ടറും ലാപ് ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സി എസ് ആര്‍ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി അനന്തു കൃഷ്ണനെ അന്വേഷണ സംഘം അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങി. വിശദമായ ചോദ്യം ചെയ്യലിൽ തട്ടിപ്പിൻ്റെ പൂർണ വിവരം പുറത്തുവരുമെന്നാണ് പോലീസ് കരുതുന്നത്.

സത്യം പുറത്ത് വരുമെന്നും കേസ് അന്വേഷണം നടക്കട്ടെയെന്നും മൂവാറ്റുപുഴ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അനന്തു കൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പ്രാഥമിക വിവര ശേഖരണം തുടങ്ങിയിട്ടുണ്ട്. വിദേശത്തേക്ക് കടക്കാന്‍ അനന്തു കൃഷ്ണന്‍ ശ്രമിച്ചെന്ന വിവരവും പോലീസിന് ലഭിച്ചു. 1000 കോടിയിലധികം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയെന്നാണ് പ്രാഥമിക കണ്ടെത്തല്‍. തട്ടിപ്പിലൂടെ  സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം.

തട്ടിയ പണം എവിടെ നിക്ഷേപിച്ചു, തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും പോലീസ്  അന്വേഷിക്കുന്നുണ്ട്.  അനന്തു കൃഷ്ണന്റെ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ അടക്കം മൂന്ന് കാറുകളാണ് കസ്റ്റഡിയിലെടുത്തത്. ഈ വാഹനങ്ങള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയതാണെന്ന് പോലീസ് പറയുന്നത്. അനന്തു കൃഷ്ണന്റെ അനധികൃത സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

സി എസ് ആര്‍ തട്ടിപ്പില്‍ തൃശൂരില്‍ മാത്രം ഒന്നരക്കോടി രൂപയുടെ പരാതികള്‍ ഇതുവരെ ഉയര്‍ന്നിട്ടുണ്ട്. മൂന്ന് സീഡ് സൊസൈറ്റികളില്‍ നിന്നായി അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേക്ക് നാലുമാസത്തിനിടെ ഒഴുകിയത് ഒന്നരക്കോടിയാണ്. വടക്കാഞ്ചേരിയിലും പുഴയ്ക്കലും കോണ്‍ഗ്രസ് ജന പ്രതിനിധികള്‍ നേതൃത്വം നല്‍കുന്ന സൊസൈറ്റികള്‍ തട്ടിപ്പിന് ഇരയായി. അന്തിക്കാട് സിപിഎമ്മിന്റെ മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രസിഡന്റും നേതൃത്വം നല്‍കുന്ന സൊസൈറ്റികളാണ് തട്ടിപ്പിന് ഇരയായത്.

വയനാട് മാനന്തവാടിയില്‍ സി എസ് ആര്‍ തട്ടിപ്പിലൂടെ ആളുകള്‍ക്ക് ഒരുകോടി 37 ലക്ഷം രൂപയാണ് നഷ്ടമായത്. പാറത്തോട്ടം കര്‍ഷക വികസന സമിതി വഴി പണം നല്‍കിയവരാണ് തട്ടിപ്പിന് ഇരയായത്. മാനന്തവാടി പോലീസില്‍ ഇവര്‍ പരാതി നല്‍കി.

 

 

 

Latest