Connect with us

Kerala

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസ്; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും പ്രതി

അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള കേസിലെ ഏഴാം പ്രതിയാണ് നിയമോപദേഷ്ടാവായ ലാലി വിന്‍സെന്റ്.

Published

|

Last Updated

കണ്ണൂര്‍|സിഎസ്ആര്‍ ഫണ്ട് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിനെയും പ്രതി ചേര്‍ത്ത് പോലീസ്. കണ്ണൂര്‍ ടൗണ്‍ പോലീസെടുത്ത കേസിലാണ് ലാലി വിന്‍സെന്റ് പ്രതിയായിരിക്കുന്നത്. അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെയുള്ള കേസിലെ ഏഴാം പ്രതിയാണ് നിയമോപദേഷ്ടാവായ ലാലി വിന്‍സെന്റ്. കണ്ണൂര്‍ ബ്ലോക്കില്‍ 494 പേരില്‍ നിന്ന് മൂന്നു കോടിയോളം തട്ടിയെന്നാണ് കേസ്.

അതേസമയം, കേസില്‍ ബലിയാടായതാണെന്നും നിയമോപദേശം താന്‍ നല്‍കിയിരുന്നുവെന്നും സാമ്പത്തിക ഇടപാടുകളില്‍ ബന്ധമില്ലെന്നും ലാലി വിന്‍സെന്റ് പ്രതികരിച്ചു. അനന്തു തനിക്ക് മകനെ പോലെയാണ്. തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ പ്രേരിതമായിട്ടായിരിക്കാമെന്നും ലാലി വിന്‍സെന്റ് പറഞ്ഞു.

കേസിലെ പ്രതി അനന്തു കൃഷ്ണന്‍ കോടികളുടെ ഭൂസ്വത്ത് വാങ്ങിക്കൂട്ടിയെന്നാണ് വിവരം. തൊടുപുഴ കുടയത്തൂരില്‍ അനന്തുവിന്റെ വീടിന് സമീപത്തും മുട്ടത്തും ഏഴാംമൈലും ശങ്കരപ്പള്ളിയിലും പാലായിലുമായിട്ടാണ് ഭൂമി വാങ്ങിയത്. എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരില്‍ പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ് ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അനന്തുകൃഷ്ണന്‍ തട്ടിപ്പ് നടത്തിയത്.

ജനപ്രതിനിധികളുടെ ഉള്‍പ്പടെ വിശ്വാസ്യത നേടിയാണ് അനന്തു തട്ടിപ്പ് നടത്തിയത്. അനന്തു കൃഷ്ണനെതിരെ ഇടുക്കിയിലെ വിവിധ സ്റ്റേഷനുകളിലായി നിലവില്‍ അഞ്ഞൂറോളം പരാതികള്‍ ലഭിച്ചതായാണ് വിവരം. 300 കോടിയിലേറെ രൂപ വിവിധ പദ്ധതികളുടെ പേരില്‍ പിരിച്ചതായാണ് ലഭിക്കുന്ന വിവരം. തുക വകമാറ്റി ചെലവഴിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് ഭൂമി വാങ്ങിക്കൂട്ടിയെന്ന വിവരങ്ങളും പുറത്ത് വരുന്നത്. സെന്റിന് ഒന്നര ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെ വില വരുന്ന ഭൂമിയാണ് വാങ്ങിയതെന്നാണ് വിവരം. സത്യസായി ട്രസ്റ്റിന്റെ പേരിലടക്കം ഭൂമി വാങ്ങിയെന്നും സൂചനയുണ്ട്.

25 ലക്ഷം രൂപ വായ്പ വാങ്ങി തിരിച്ചു നല്‍കിയില്ലെന്ന പരാതിയുമായി ബിജെപി വനിത നേതാവ് രംഗത്തെത്തി. ഇടുക്കി മുട്ടത്തെ ഗീതാ കുമാരിയാണ് പരാതിയുമായെത്തിയത്. അനന്തു നല്‍കിയ ചെക്കുകളെല്ലാം മടങ്ങിയെന്നും 2019ല്‍ ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞാണ് അനന്തു കടം വാങ്ങിയതെന്നും ഗീതാകുമാരി പറഞ്ഞു.

അതേസമയം, ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന സംഘമാണ് തട്ടിപ്പ് കേസ് അന്വേഷിക്കുക. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. അനന്തു കൃഷ്ണനെതിരെ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

 

 

Latest