Connect with us

Kerala

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസ്; പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് ഇഡി

അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

Published

|

Last Updated

കൊച്ചി|പകുതി വിലയ്ക്ക് സ്‌കൂട്ടറും ലാപ് ടോപ്പും കാര്‍ഷികോപകരണങ്ങളും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രാഥമിക വിവര ശേഖരണം നടത്തി. തട്ടിപ്പിലൂടെ കേസിലെ പ്രധാന പ്രതി അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. സംഭവം കേസ് ആയതോടെ വിദേശത്തേക്ക് കടക്കാന്‍ അനന്തു കൃഷ്ണന്‍ ശ്രമിച്ചെന്ന വിവരവും പോലീസിന് ലഭിച്ചു.

അനന്തു കൃഷ്ണനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. അനന്തുവിന്റെ മൂവാറ്റുപുഴയിലെ ഓഫീസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ശേഷം വിശദമായി ചോദ്യം ചെയ്യും. തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്‌തെന്ന് കണ്ടെത്താന്‍ ബേങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും.

സിഎസ്ആര്‍ തട്ടിപ്പില്‍ തൃശൂരില്‍ മാത്രം ഒന്നരക്കോടി രൂപയുടെ പരാതികള്‍ ഇതുവരെ ഉയര്‍ന്നിട്ടുണ്ട്. മൂന്ന് സീഡ് സൊസൈറ്റികളില്‍ നിന്നായി അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേക്ക് നാലുമാസത്തിനിടെ ഒഴുകിയത് ഒന്നരക്കോടിയാണ്. വടക്കാഞ്ചേരിയിലും പുഴയ്ക്കലും കോണ്‍ഗ്രസ് ജന പ്രതിനിധികള്‍ നേതൃത്വം നല്‍കുന്ന സൊസൈറ്റികള്‍ തട്ടിപ്പിന് ഇരയായി. അന്തിക്കാട് സിപിഎമ്മിന്റെ മുന്‍ ജില്ലാ പഞ്ചായത്ത് അംഗവും പഞ്ചായത്ത് പ്രസിഡന്റും നേതൃത്വം നല്‍കുന്ന സൊസൈറ്റികളാണ് തട്ടിപ്പിന് ഇരയായത്.

വയനാട് മാനന്തവാടിയില്‍ സിഎസ്ആര്‍ തട്ടിപ്പിലൂടെ ആളുകള്‍ക്ക് ഒരുകോടി 37 ലക്ഷം രൂപയാണ് നഷ്ടമായത്. പാറത്തോട്ടം കര്‍ഷക വികസന സമിതി വഴി പണം നല്‍കിയവരാണ് തട്ടിപ്പിന് ഇരയായത്. മാനന്തവാടി പോലീസില്‍ ഇവര്‍ പരാതി നല്‍കി. അതേസമയം തങ്ങളുടെ ആസ്തി വിറ്റ് തട്ടിപ്പിനിരയായവരുടെ പണം നല്‍കുമെന്ന് പാറത്തോട്ടം കര്‍ഷക വികസന സമിതി പറഞ്ഞു.

 

 

 

Latest