Uae
സാംസ്‌കാരിക, ക്രിയാത്മക നിക്ഷേപം; ദുബൈ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്ത്
ആഗോളമായി 115 നഗരങ്ങളെ വിശകലനം ചെയ്ത സൂചികയില്‍ ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍ തുടങ്ങിയ കേന്ദ്രങ്ങളെ മറികടന്നാണ് ദുബൈ നേട്ടം കാഴ്ചവെച്ചത്.
ദുബൈ | ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് (എഫ് ഡി ഐ) 2023 സൂചികയില്‍, സാംസ്‌കാരിക, ക്രിയാത്മക വ്യവസായ പദ്ധതികളിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ദുബൈ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്ത്. ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി (ദുബൈ കള്‍ച്ചര്‍) ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആഗോളമായി 115 നഗരങ്ങളെ വിശകലനം ചെയ്ത സൂചികയില്‍ ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍ തുടങ്ങിയ കേന്ദ്രങ്ങളെ മറികടന്നാണ് ദുബൈ നേട്ടം കാഴ്ചവെച്ചത്. ഗ്രീന്‍ഫീല്‍ഡ് എഫ് ഡി ഐ പ്രോജക്റ്റ് ഡാറ്റയുടെ പ്രധാന ഉറവിടമായ ഫിനാന്‍ഷ്യല്‍ ടൈംസ് എഫ് ഡി ഐ മാര്‍ക്കറ്റ്സ് റിപ്പോര്‍ട്ടില്‍ നിന്നുള്ള ഡാറ്റയും സി സി ഐയുടെ ‘ക്രിയേറ്റീവ് ഇന്‍ഡസ്ട്രീസ് ക്ലസ്റ്റര്‍’ ഡാറ്റയും അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.
ദുബൈ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമി ആന്‍ഡ് ടൂറിസം പുറത്തുവിട്ട ദുബൈ എഫ് ഡി ഐ മോണിറ്ററില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2023-ല്‍ സാംസ്‌കാരിക, സര്‍ഗാത്മക വ്യവസായങ്ങളിലേക്ക് 898 വിദേശ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിക്കുന്നതില്‍ ദുബൈ വിജയിച്ചു. മുന്‍ വര്‍ഷം രേഖപ്പെടുത്തിയതിന്റെ ഇരട്ടിയാണ് (451) ഇത്. മൊത്തം എഫ് ഡി ഐ മൂലധന വരവ് 11.8 ബില്യണ്‍ ദിര്‍ഹമായി 60 ശതമാനം വര്‍ധന രേഖപ്പെടുത്തി. 2023-ല്‍ ഈ മേഖലയില്‍ 21,563 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇത് 2022-ലെ കണക്കില്‍ നിന്ന് 74 ശതമാനം വര്‍ധനയാണ്.
ബിസിനസ് ചെയ്യാനുള്ള എളുപ്പം പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ഗാത്മകതക്ക് പുതിയ വഴികള്‍ വളര്‍ത്തിയെടുക്കുന്നതിനും സാംസ്‌കാരിക ആവശ്യങ്ങള്‍ തുടര്‍ച്ചയായി അഭിസംബോധന ചെയ്യുന്നതിനും ദുബൈ കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് റിപ്പോര്‍ട്ടെന്ന് ശൈഖ ലത്തീഫ പറഞ്ഞു.