Connect with us

editorial

പേര് മാറ്റമെന്ന സാംസ്‌കാരിക ഹത്യ

ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയ സാംസ്‌കാരിക കേന്ദ്രങ്ങള്‍ പടുത്തുയര്‍ത്തുകയും രാഷ്ട്ര നിര്‍മാണത്തില്‍ മഹനീയ നേട്ടങ്ങള്‍ അര്‍പ്പിക്കുകയും ചെയ്ത മുഗള്‍ രാജാക്കന്മാരുടെ സംഭാവനകള്‍ അവയുടെ പേര് ഹിന്ദുവത്കരിച്ചതു കൊണ്ട് ഇല്ലാതാകില്ല.

Published

|

Last Updated

ഉത്തര്‍ പ്രദേശിനും മഹാരാഷ്ട്രക്കും പിന്നാലെ സ്ഥലപ്പേര് മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നു ഉത്തരാഖണ്ഡിലെ ബി ജെ പി സര്‍ക്കാർ. മുഗള്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട ഔറംഗസീബ്പുര്‍, ചാന്ദ്പുര്‍ ഖുര്‍ദ്, മിയാവാല, നവാബ് റോഡ്, കുര്‍സാലി തുടങ്ങി പതിനേഴ് നഗരങ്ങളുടെ പേരുകളാണ് മാറ്റുന്നത്, അഥവാ ഹൈന്ദവവത്കരിക്കുന്നത്. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് രാജ്യത്തെ ഹിന്ദുത്വവത്കരിക്കുന്നതിന്റെ ഭാഗമായി മുഗള്‍ ഭരണത്തിന്റെ ചുവയുള്ള പേരുകള്‍ മാറ്റുന്ന പ്രവണത തുടങ്ങിയത്. 2018 ഒക്ടോബര്‍ 15ന് അലഹബാദ് നഗരത്തിന് “പ്രയാഗ്‌രാജ്’ എന്ന് പുനര്‍നാമകരണം നടത്തി ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാറാണ് ഇതിനു തുടക്കം കുറിച്ചത്. ഏറെ താമസിയാതെ ഫൈസാബാദിന്റെ പേര് അയോധ്യയെന്നാക്കി മാറ്റി.

പിന്നാലെ മഹാരാഷ്ട്ര മൂന്ന് ജില്ലകളുടെയും എട്ട് റെയില്‍വേ സ്റ്റേഷനുകളുടെയും പേരുകള്‍ മാറ്റി. ഔറംഗാബാദ്, ഉസ്മാനാബാദ്, അഹ്‌മദ് നഗര്‍ ജില്ലകളുടെ പേര് യഥാക്രമം ഛത്രപതി സാംബാജിനഗര്‍, ധാരാശിവ്, അഹല്യനഗര്‍ എന്നാക്കി. അതിനിടെ കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറിന്റെ തലസ്ഥാന നഗരമായ പോര്‍ട്ട് ബ്ലെയറിന്റെ പേര് “ശ്രീ വിജയ്പുര’മാക്കി പുനര്‍നാമകരണം ചെയ്തു. കൊളോണിയല്‍ മുദ്രകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാനെന്ന പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഈ പേര് മാറ്റം പ്രഖ്യാപിച്ചത്.

രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി ഉത്തരേന്ത്യയിലെ ബി ജെ പി ഭരണകൂടങ്ങള്‍ നടപ്പാക്കിയ പേര് മാറ്റം കേരളത്തിലും ഒരു രാഷ്ട്രീയായുധമാക്കാന്‍ ശ്രമം നടത്തിയിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ വയനാട്ടിലെ ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. സുല്‍ത്താന്‍ ബത്തേരിയെ “ഗണപതിവട്ട’മാക്കി മാറ്റുമെന്നായിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം.

മുഗള്‍ ഭരണത്തിന്റെ സ്മരണകള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ മനസ്സുകളില്‍ നിന്ന് എടുത്തുകളയാനുള്ള ഈ നീക്കത്തിന്റെ ഭാഗം തന്നെയാണ് എന്‍ സി ഇ ആര്‍ ടിയുടെ പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രം ഒഴിവാക്കിയതും. 2023-24ലെ സിലബസ് പരിഷ്‌കരണത്തിലാണ് എന്‍ സി ഇ ആര്‍ ടിയുടെ ഒമ്പതാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രത്തിലെ പല പ്രധാന ഭാഗങ്ങളും വെട്ടിമാറ്റിയത്.

അതേസമയം സഘ്പരിവാര്‍ ഭരണകൂടങ്ങള്‍ എത്ര തന്നെ തമസ്‌കരിക്കാന്‍ ശ്രമിച്ചാലും എന്നും തിളക്കത്തോടെ തന്നെ നില്‍ക്കും ഇന്ത്യക്ക് മുഗള്‍ രാജാക്കന്മാര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍. താജ്മഹല്‍, ആഗ്ര കോട്ട, ഡല്‍ഹി ജമാ മസ്ജിദ്, ചെങ്കോട്ട, അലഹബാദ് കോട്ട, ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ഖബ്ർ തുടങ്ങി അതുല്യമായ സാംസ്‌കാരിക പൈതൃകങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇന്ത്യന്‍ ജനതയും ആഗോള സമൂഹവും ഓര്‍ക്കാതിരിക്കില്ല മുഗള്‍ ഭരണാധികാരികളെ. കല, സാഹിത്യം, സാംസ്‌കാരികം, കാര്‍ഷികം, വ്യാവസായികം, വ്യാപാരം, നഗരവത്കരണം തുടങ്ങിയ മേഖലകളിലെല്ലാം അനുപമമാണ് മുഗള്‍ ഭരണാധികാരികളുടെ സംഭാവനകള്‍.

കലക്കും വാസ്തുവിദ്യക്കും നല്‍കിയ സംഭാവനകളുടെ പേരിലാണ് മുഗള്‍ സാമ്രാജ്യം കൂടുതല്‍ അറിയപ്പെടുന്നത്. പേര്‍ഷ്യന്‍-ഇന്ത്യന്‍-ഇസ്‌ലാമിക് വാസ്തുവിദ്യാ രീതികള്‍ സമന്വയിപ്പിച്ച് അവര്‍ സമര്‍പ്പിച്ച നിര്‍മിതികള്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ചതും വിനോദ സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യഘടകങ്ങളുമാണ്. ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മിച്ച താജ്മഹല്‍ ലോകപൈതൃകങ്ങളില്‍ സാര്‍വത്രികമായി പ്രശംസിക്കപ്പെടുന്ന നിര്‍മിതിയും സപ്താത്ഭുതങ്ങളില്‍ ഇടം നേടിയതുമാണ്.

മുഗള്‍ ഭരണകാലത്ത് ലോകത്തെ വ്യാവസായിക ഉത്പന്നങ്ങളുടെ 25 ശതമാനവും ഇന്ത്യയിലായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. തുണിത്തരങ്ങളായിരുന്നു അക്കാലത്തെ ഏറ്റവും വലിയ വ്യവസായം. രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ഇത് വലിയ സംഭാവനകള്‍ അര്‍പ്പിച്ചു. കാര്‍ഷികോത്പാദനത്തിലും ഗണ്യമായ പുരോഗതി കൈവരിച്ചു അന്ന് രാജ്യം. അരി, ഗോതമ്പ്, ബാര്‍ലി തുടങ്ങിയ ഭക്ഷ്യവിളകളും പരുത്തി തുടങ്ങിയ ഭക്ഷ്യേതര വിളകളും വ്യാപകമായി ഉത്പാദിപ്പിക്കപ്പെട്ടു. കാര്‍ഷിക മേഖലയിലുടനീളം ജലസേചന പദ്ധതികളും സ്ഥാപിച്ചു. നഗരവത്കരണത്തിന് അതീവ പ്രാധാന്യം നല്‍കി മുഗള്‍ സാമ്രാജ്യം. ഡല്‍ഹി, ആഗ്ര, ലാഹോര്‍ തുടങ്ങിയ നഗരങ്ങള്‍ വാണിജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളായി വളര്‍ന്നു. ഒരു രാജ്യത്തിന്റെ വളര്‍ച്ചയുടെ ഏത് ഘടകമെടുത്ത് പരിശോധിച്ചാലും അവിടെയൊക്കെ മുഗള്‍ ഭരണാധികാരികളുടെ പങ്ക് മികച്ചു നില്‍ക്കും.

“പേര് മാറ്റിയാല്‍ സ്ഥലങ്ങള്‍ സ്വന്തമാകുമോ’ എന്ന കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ ചോദ്യമാണ് മുഗളരുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് മാറ്റാനുള്ള ബി ജെ പി സര്‍ക്കാറുകളുടെ തിടുക്കം കാണുമ്പോള്‍ ഓര്‍മ വരുന്നത്. അരുണാചലിലെ ഇന്ത്യയുടെ 30 സ്ഥലങ്ങള്‍ തങ്ങളുടേതാണെന്ന അവകാശവാദത്തോടെ ചൈന പേര് മാറ്റിയപ്പോഴായിരുന്നു വിദേശകാര്യ മന്ത്രിയുടെ മേല്‍പ്രതികരണം. അരുണാചല്‍ സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം ചൈനീസ് സിവില്‍കാര്യ മന്ത്രാലയമാണ് 30 സ്ഥലങ്ങളുടെ പേര് മാറ്റിക്കൊണ്ടുള്ള പട്ടിക പുറത്തിറക്കിയത്. “ഞാന്‍ നിങ്ങളുടെ വീടിന്റെ പേര് മാറ്റിയാല്‍ അതെന്റേതാകുമോ? അരുണാചല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ചൈന സ്ഥലപ്പേര് മാറ്റിയതു കൊണ്ട് അത് അവരുടേത് ആകില്ലെ’ന്ന് എസ് ജയ്ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

മോദിയും അമിത് ഷായും യോഗി ആദിത്യനാഥുമൊക്കെ സ്വയം ചോദിക്കേണ്ടതാണ് എസ് ജയ്ശങ്കറിന്റെ ഈ ചോദ്യം. ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയ സാംസ്‌കാരിക കേന്ദ്രങ്ങള്‍ പടുത്തുയര്‍ത്തുകയും രാഷ്ട്ര നിര്‍മാണത്തില്‍ മഹനീയ നേട്ടങ്ങള്‍ അര്‍പ്പിക്കുകയും ചെയ്ത മുഗള്‍ രാജാക്കന്മാരുടെ സംഭാവനകള്‍ അവയുടെ പേര് ഹിന്ദുവത്കരിച്ചതു കൊണ്ട് ഇല്ലാതാകില്ല. മുഗളരുടെ സംഭാവനകള്‍ മാറ്റിനിര്‍ത്തിയാല്‍ രാജ്യത്തിന് അഭിമാനിക്കാവുന്ന എത്ര നിര്‍മിതികള്‍ അവശേഷിക്കും?

Latest