Connect with us

Articles

കേരളത്തിന്റെ സാംസ്‌കാരിക ഘോഷയാത്ര

കലകള്‍ക്കും സാഹിത്യത്തിനുമൊപ്പം മനുഷ്യന്‍ എന്ന ആശയത്തെ കേന്ദ്രീകരിച്ചുള്ള സംവാദങ്ങളുടെയും വിചാരപ്പെടലുകളുടെയും വേദികള്‍കൂടിയായി സാഹിത്യോത്സവുകള്‍ മാനവ മനസ്സിനെ ആഴത്തില്‍ തൊടാന്‍ ശ്രമിക്കുന്നുണ്ട്. കലാ സാഹിത്യ മത്സരങ്ങള്‍ക്കൊപ്പം തന്നെ വിചാരങ്ങളെക്കൂടി ഉത്പാദിപ്പിക്കുന്ന ആശയപ്പോരാട്ടം കൂടിയായി സാഹിത്യോത്സവുകള്‍ പുരോഗമിച്ചു. അങ്ങനെയാണ് ആശയങ്ങള്‍ ഉയര്‍ത്തുന്ന പ്രബോധന സ്ഥലികളായി സാഹിത്യോത്സവ് വേദികള്‍ സമ്പന്നമാകുന്നത്.

Published

|

Last Updated

കേരള സാഹിത്യോത്സവിന്റെ മുപ്പതാമത് എഡിഷന്‍ തിരുവനന്തപുരം പട്ടണത്തില്‍ നടക്കുന്നു. ജനാധിപത്യ കേരളത്തില്‍ എസ് എസ് എഫ് വികസിപ്പിച്ചെടുത്ത ഭാവനാസമ്പന്നമായ സാംസ്‌കാരിക ഉത്പന്നമാണ് സാഹിത്യോത്സവ്. ലക്ഷങ്ങളായ വിദ്യാര്‍ഥി മനുഷ്യര്‍ സര്‍ഗാത്മക ആവിഷ്‌കാരങ്ങളിലൂടെ ഒരു ക്രിയാത്മക ആശമായിത്തീരുക, രാഷ്ട്രീയ സമരമാകുക, സാമൂഹിക നിര്‍മാണമാകുക എന്നതെല്ലാം സാഹിത്യോത്സവ് ആണ്. കേരളത്തില്‍ തുടങ്ങി ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മധ്യപൗരസ്ത്യ ദേശങ്ങളിലും ആഫ്രിക്ക, അമേരിക്കന്‍ കരകളിലേക്കും വേരുപടര്‍ത്തിയ ഒരു സര്‍ഗസാമൂഹിക വിപ്ലവം എന്ന് സാഹിത്യോത്സവിനെ നാം അഭിമാനപൂര്‍വം വിശേഷിപ്പിക്കുന്നു. കുടുംബങ്ങളില്‍ തുടങ്ങി ദേശീയതലത്തിലെത്തുമ്പോള്‍, പ്രതിഭകളും സംഘാടകരുമായി പരസഹസ്രം മാനവ വിഭവങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന സാമൂഹിക സംരംഭമാണ് സാഹിത്യോത്സവ്. അങ്ങനെ എസ് എസ് എഫ് എന്ന വിദ്യാര്‍ഥി സംഘം തന്നെ ഫലത്തില്‍ സാഹിത്യോത്സവ് ആയിത്തീരുന്നുണ്ട്.

ലക്ഷങ്ങളുടെ ലയം
രണ്ടേകാല്‍ ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവില്‍ അടിസ്ഥാന ഘടകങ്ങളില്‍ പങ്കെടുത്തു. ക്യാമ്പസ് യൂനിറ്റുകളില്‍ നിന്നുള്‍പ്പെടെ രണ്ടാം ഘട്ട മത്സരത്തിലേക്ക് യോഗ്യത നേടിയെത്തിയവര്‍ 1,67,538 പേരായിരുന്നു. ഇതില്‍ 73,186 പെണ്‍കുട്ടികള്‍ ഉള്‍പ്പെടും. ഫാമിലി യൂനിറ്റുകള്‍ ഉള്‍പ്പെടെ 5,000ത്തിലധികം അടിസ്ഥാന വേദികള്‍ക്കു ശേഷം 648 സെക്ടര്‍, 120 ഡിവിഷന്‍, 17 ജില്ലാതല സാഹിത്യോത്സവുകള്‍ പിന്നിട്ടാണ് കേരള സാഹിത്യോത്സവിലേക്ക് രണ്ടായിരം പ്രതിഭകള്‍ എത്തുന്നത്. 170 ഇനങ്ങളിലാണ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തിലും പരിസരങ്ങളിലുമായി സജ്ജമാക്കിയ 13 വേദികളിലായി മത്സരങ്ങള്‍ നടക്കുക. അക്ഷരാര്‍ഥത്തില്‍ രണ്ടര ലക്ഷം കുട്ടികളും യുവാക്കളും ഭാഗമാകുന്ന സാഹിത്യോത്സവുകള്‍ നമ്മുടെ ഗ്രാമങ്ങളിലൂടെ നടത്തുന്ന യാത്രയില്‍ കാണികളും കേള്‍വിക്കാരും ആസ്വാദകരുമായി എത്തുന്നത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പലലക്ഷം മനുഷ്യരാണ്.
അവരുടെയെല്ലാം ഹൃദയങ്ങളില്‍ മാനവികതയുടെ ഇശലുകളാല്‍ ആര്‍ദ്രത തീര്‍ത്തും ആശയങ്ങളുടെ ഉറപ്പുകള്‍ പണിതുമാണ് സാഹിത്യോത്സവുകളുടെ യാത്ര. ഈ മനുഷ്യര്‍ തരുന്ന നാണയത്തുട്ടുകളും നാരങ്ങാവെള്ളവും ചോറും കൂട്ടാനുമൊക്കെ വിളമ്പിക്കഴിച്ചാണ് സാഹിത്യോത്സവുകള്‍ സോഷ്യല്‍ ഫാബ്രിക്ക് ആയിത്തീരുന്നത്. നാട്ടിന്‍പുറങ്ങള്‍ ഏറ്റെടുക്കുന്ന ഉത്സവങ്ങളാകുന്നതും. ഓരോ സാഹിത്യോത്സവുകളിലും അരങ്ങിലേറുന്നവര്‍ക്കൊപ്പം അണിയറയില്‍ പണിയെടുക്കുന്ന സംഘാടക മനുഷ്യരെയും നമുക്കു കാണാം. എസ് എസ് എഫ് പ്രവര്‍ത്തകര്‍ എന്ന സാഹിത്യോത്സവ് സാംസ്‌കാരിക സമരത്തിലെ പോരാളികള്‍. മത്സരാര്‍ഥികളുടെയത്രയും ലക്ഷം പ്രവര്‍ത്തകരും അവരുടെ ചിന്താശേഷിയും കായികാധ്വാനവുമാണ് ഓരോ സാഹിത്യോത്സവുകളെയും മനോഹരമാക്കുന്നത്. വിധികര്‍ത്താക്കളും നിരീക്ഷകരുമായി എത്തുന്നവരും ആയിരങ്ങള്‍. അങ്ങനെ ഇത്രയധികം മനുഷ്യലക്ഷങ്ങളെ അരങ്ങിലും അണിയറയിലും ആസ്വാദന ഗ്യാലറിയിലും അണിനിരത്തുന്ന പ്രതിവര്‍ഷ സാംസ്‌കാരിക ഘോഷയാത്രക്ക് നമ്മുടെ മുന്നില്‍ ബദലുണ്ടോ?

സാംസ്‌കാരിക മനുഷ്യര്‍
ഗ്രാമങ്ങളില്‍ തുടങ്ങി മുന്നേറുന്ന സാഹിത്യോത്സവ് ഘോഷയാത്രയില്‍ സാമൂഹിക കേരളം കൂടെച്ചേരുന്നുണ്ട്. മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അക്കാദമിക വിദഗ്ധര്‍, സാംസ്‌കാരിക മണ്ഡലം, പണ്ഡിതര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി വിലപ്പെട്ട മനുഷ്യരുടെ ഭാഷണങ്ങളും സംവേദനങ്ങളും സാന്നിധ്യങ്ങളുമാണ് ഓരോ സാഹിത്യോത്സവുകളും. കലകള്‍ക്കും സാഹിത്യത്തിനുമൊപ്പം മനുഷ്യന്‍ എന്ന ആശയത്തെ കേന്ദ്രീകരിച്ചുള്ള സംവാദങ്ങളുടെയും വിചാരപ്പെടലുകളുടെയും വേദികള്‍കൂടിയായി സാഹിത്യോത്സവുകള്‍ മാനവ മനസ്സിനെ ആഴത്തില്‍ തൊടാന്‍ ശ്രമിക്കുന്നുണ്ട്. ഡിവിഷനുകളിലും ജില്ലകളിലും മനുഷ്യ വികാരങ്ങളെ എങ്ങനെയാണ് സാംസ്‌കാരിക മലയാളവും സമൂഹവും അഭിസംബോധന ചെയ്തത് എന്ന് പരിശോധിക്കുന്ന സംവാദങ്ങളും പ്രഭാഷണങ്ങളും നടന്നു. കലാ സാഹിത്യ മത്സരങ്ങള്‍ക്കൊപ്പം തന്നെ വിചാരങ്ങളെക്കൂടി ഉത്പാദിപ്പിക്കുന്ന ആശയപ്പോരാട്ടം കൂടിയായി സാഹിത്യോത്സവുകള്‍ പുരോഗമിച്ചു. അങ്ങനെയാണ് തിന്മകളുടെ നടുവില്‍ നേരിനു വേണ്ടി തര്‍ക്കിക്കുകയും ആശയങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്ന പ്രബോധന സ്ഥലികളായി സാഹിത്യോത്സവ് വേദികള്‍ സമ്പന്നമാകുന്നത്.

കാര്യവിചാരങ്ങളിലും നടപ്പുശീലങ്ങളിലും നമ്മുടെ ചെറുപ്പത്തെപ്രതി മുതിര്‍ന്നവര്‍ ആധിപൂണ്ടു കഴിയുന്ന കാലത്താണ് സാഹിത്യോത്സവുകള്‍ നാടുചുറ്റുന്നത്. ഫ്രീക്കര്‍ എന്നും സ്വതന്ത്രചിന്താ മേല്‍വിലാസങ്ങളില്‍ സാമൂഹിക അച്ചടക്കങ്ങള്‍ അതിര്‍ലംഘിച്ച് കൂട്ടുകൂടുന്നവരും മരുന്നുകളില്‍ മയങ്ങുന്നവരും എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ തരുന്നതും അനുഭവങ്ങളില്‍ തെളിയുന്നതുമായ ഒരുകാലത്തെ ചുറ്റുവട്ടത്താണ് സാഹിത്യോത്സവുകള്‍ കുറേ കുട്ടികള്‍ക്ക് അവരുടെ ഉള്ളം നിറയുന്ന ആവിഷ്‌കാരങ്ങള്‍ക്കു വേണ്ടി ചായംപുരട്ടിയ വേദികള്‍ കെട്ടിയുണ്ടാക്കുന്നത്. അവിടെയാണ് തൊപ്പിവെച്ച് കുട്ടികള്‍ പാടിത്തിമിര്‍ക്കുന്നത്. നന്മയെക്കുറിച്ച്, ഇശ്ഖിനെക്കുറിച്ച്, രാഷ്ട്രീയ ശരികളെക്കുറിച്ച്, ആധ്യാത്മികതകളെക്കുറിച്ച് തെളിമയോടെ പറയുന്നതും അതൊക്കെയും കേള്‍ക്കുന്നതും. ഇപ്രകാരമാണ് സാഹിത്യോത്സവുകള്‍ സാംസ്‌കാരിക പ്രബോധനത്തിന്റെ പുണ്യങ്ങളാകുന്നത്.

ധനനിക്ഷേപങ്ങള്‍
സമൂഹം ഇന്ന് കൂടുതല്‍ ചെലവഴിക്കുന്നത് കുട്ടികളുടെ ഭാവിയെയും കുടുംബത്തിന്റെ ഹാപ്പിനസിനെയും ചൊല്ലിയായിരിക്കും. ചെലവ് എന്നത് ധനത്തെപ്രതി മാത്രമല്ല. സമയം, ആലോചന, ആധി, അന്വേഷണം, ആഗ്രഹങ്ങള്‍ അങ്ങനെ വിപുലപ്പെട്ടുപോകുന്നു. വിദ്യാഭ്യാസത്തിലും അവരുടെ ബൗദ്ധികവും സര്‍ഗാത്മകവും കായികവുമായ വികസനങ്ങളിലുമാണ് രക്ഷിതാക്കള്‍ ഭാവി കാണുന്നത്. അതുകൊണ്ട് ഈ മേഖലയിലാണ് നിക്ഷേപമത്രയും. ഹാപ്പിനസ് ട്രിപ്പുകള്‍ക്കു വേണ്ടിയുള്ള വാര്‍ഷിക ബജറ്റ് കുടുംബങ്ങളുടെ ഭാഗമായിക്കഴിഞ്ഞു. ഇന്ത്യക്കകത്തും പുറത്തും കേരളത്തിലും നമ്മുടെ തൊട്ടടുത്ത പാര്‍ക്കുകളിലും ബീച്ചുകളിലും പുഴയോരങ്ങളിലും പച്ചപ്പുദേശങ്ങളിലുമെത്തുന്ന കുടുംബങ്ങളും വര്‍ധിച്ചു. സമൂഹം കൊട്ടിയടച്ച വാതിലുകളും ജനല്‍പാളികളും തുറന്നിട്ട് കാറ്റും വെളിച്ചവും അകത്തേക്കു വിളിക്കുന്നു. പുറത്തിറങ്ങി അനുഭവിക്കാനും ആനന്ദിക്കാനും തുടങ്ങി.
ജീവിതം കൂടുതല്‍ തുറസ്സാകുകയും ആസ്വാദ്യകരമാകുകയും ചെയ്യുക എന്ന മാറ്റമാണിത്. ഈ കാലത്താണ് എസ് എസ് എഫിന്റെ സാഹിത്യോത്സവുകള്‍ അതിന്റെ ഉപരിതല വേദികളില്‍ നിന്ന് കുടുംബകങ്ങളിലേക്ക് ചേക്കേറുന്നത്. എന്നാല്‍, മനുഷ്യാധ്വാനങ്ങളും പ്രവര്‍ത്തകരുടെ കരവിരുതുകളും നാട്ടുകാരുടെ നന്മയും മൂലധനമാക്കിയാണ് സാഹിത്യോത്സവ് വേദികള്‍ ഉണരുന്നത്. സമാനമായ വേദികള്‍ ഒരുക്കുന്നതിനു വേണ്ടിവരുന്നതിന്റെ ഏറെയകലം പാലിക്കാവുന്ന കുറഞ്ഞ സാമ്പത്തികച്ചെലവുകള്‍ ഈ വേദികളുടെ സവിശേഷതയാണ്. ചെലവു കുറഞ്ഞ് വേദികളൊരുക്കാനും കമനീയമാക്കാനും പ്രത്യേകം പരിശീലനം സംഘടിപ്പിച്ചാണ് സാഹിത്യോത്സവ് കാലത്ത് പ്രവര്‍ത്തകരെ രംഗത്തിറക്കുന്നത്. ശേഷവും നാം ചെലവിടുന്ന ധനമത്രയും പതിനായിരങ്ങളായ ചെറുപ്പത്തെ നന്മയുടെ സമരവഴികളിലേക്ക് കൈപിടിക്കുന്ന സാഹിത്യോത്സവുകളുടെ ധര്‍മത്തോട് വിലപേശി ജയിക്കാവതല്ല.

പടരുന്ന സമരാഗ്‌നി
സര്‍ഗാത്മകവും ബൗദ്ധികവുമായ ഒരു അകം അരങ്ങേറ്റത്തിന്റെ ആസ്വാദനത്തില്‍ നിന്ന് തുടങ്ങി നാടിന്റെയും നാട്ടുകാരുടെയുമൊക്കെ കണ്ണുകളിലും കാതുകളിലും പ്രിയം തീര്‍ത്ത്, പഞ്ചായത്തുകളും പ്രദേശങ്ങളുമൊക്കെ ചുറ്റി ജില്ല കടന്ന് സംസ്ഥാനത്തേക്കും അതിനപ്പുറത്തേക്കും യാത്ര ചെയ്യുന്ന സാംസ്‌കാരിക ഘോഷയാത്ര. സര്‍ഗാത്മകത കൊണ്ട് സമരം പണിയാം എന്നാണ് എസ് എസ് എഫ് സാഹിത്യോത്സവുകള്‍ കൈരളിക്കു കാണിച്ചുകൊടുത്തത്. സാംസ്‌കാരിക ഘോഷയാത്രകള്‍കൊണ്ട് ഒരു ജനതയെ രാഷ്ട്രീയമായി പ്രബുദ്ധരാക്കാമെന്ന് സാഹിത്യോത്സവുകള്‍ തെളിയിക്കുന്നു. പതിനായിരക്കണക്കിനു മനുഷ്യരെ ആശയത്തോട് ചേര്‍ത്തുനിര്‍ത്തുന്ന പ്രക്രിയ. കൂടെച്ചേരുക എന്നതല്ല, മുന്നില്‍ നിന്ന് പൊരുതുക അഥവാ രംഗത്തവതരിക്കുക എന്ന സക്രിയതയിലൂടെയാണ് സാഹിത്യോത്സവിന്റെ ഭാഗമാകുന്ന ഓരോ വിദ്യാര്‍ഥികളിലും സാഹിത്യോത്സവ് സാംസ്‌കാരിക സമാരാഗ്‌നി പടര്‍ത്തുന്നത്.
(എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറിയാണ് ലേഖകന്‍)

ജനറൽ സെക്രട്ടറി, എസ് എസ് എഫ് കേരള