പുസ്തകത്തട്ട്
ക്യുറേറ്റർ
തന്റെ വിപുലമായ പുസ്തക ശേഖരത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധവാനായ അയാൾ തനിക്കു ശേഷം അവയെല്ലാം അന്യാധീനപ്പെടുമെന്നു ഭയക്കുന്നു.
പ്രമേയ വൈവിധ്യവും നൂതനശൈലിയും സവിശേഷതയായുള്ള അഷ്ടമൂർത്തിയുടെ പുതിയ നോവൽ. അമ്മക്കുവേണ്ടി ആനുകാലികങ്ങൾ വാങ്ങി സൂക്ഷിക്കുകയും പിന്നീട് ജീവിതം അതിനു വേണ്ടി മാറ്റിവെക്കുകയും ചെയ്ത ഒരാളുടെ ജീവിതം. തന്റെ വിപുലമായ പുസ്തക ശേഖരത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധവാനായ അയാൾ തനിക്കു ശേഷം അവയെല്ലാം അന്യാധീനപ്പെടുമെന്നു ഭയക്കുന്നു. അത് ഏറ്റെടുക്കാൻ ആരെങ്കിലും വന്നെങ്കിലെന്ന് അയാളാശിച്ചു. ഒരു ചാനൽ അയാളുടെ ജീവിതം പരന്പരയായി അവതരിപ്പിക്കുന്നു. ഏറെ വ്യത്യസ്തത പുലർത്തുന്ന ആഖ്യാനം. മാതൃഭൂമി ബുക്സ്. പേജ് 216. വില 270 രൂപ.
അഷ്ടമൂർത്തി
കാപ്പാടൻ കഥകൾ
അനുഭവങ്ങളാണ് മനോജ് കുമാറിന്റെ കഥകളുടെ ഇന്ധനം. ജീവിതക്കടലാണ് മഷിപ്പാത്രം. സാഹിത്യത്തെക്കാൾ അവ ജീവിതത്തോടാണ് ചേർന്നുനിൽക്കുന്നത്. വായനക്കാരനെ താഴെ നിർത്താനായി എഴുത്തുകളെ ബോധപൂർവം ദുർഗ്രാഹ്യമാക്കി മാറ്റി കഥാകാരന്റെ ഔന്നത്യം തെളിയിക്കാനുള്ള വെന്പൽ കഥകളിൽ കാണാനാകില്ല. നിഘണ്ടു നോക്കി വായനക്കാരനോട് അർഥം കണ്ടെത്താൻ ആവശ്യപ്പെടുകയുമില്ല. എഴുത്തുകൾ ചിന്തകൾക്കൊപ്പം ചിരിവിടർത്തി നിറഞ്ഞ കണ്ണുകളാൽ നിങ്ങളുടെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കാൽ പ്രചോദനമാകും. പേരക്ക ബുക്സ്. പേജ് 88. വില 140 രൂപ.
മനോജ് കുമാർ കാപ്പാട്
പ്രിയപ്പെട്ട 101 എ അയ്യപ്പൻ കവിതകൾ
ഉൾക്കാഴ്ചയുടെ ആഴവും വിസ്തൃതിയും പേറി സ്ഥലകാലങ്ങളെ ഭേദിച്ചുകൊണ്ട് വളർന്ന കവിതകളുടെ സമാഹാരം. സർഗാത്മകതയുടെ വിസ്മയകരമായ പ്രാപഞ്ചികോർജം ജീവിതത്തിന്റെ ഓരോ നിമിഷത്തിലും കവിത കൊണ്ട് കൂട്ടിച്ചേർത്ത കവിയായ എ അയ്യപ്പന്റെ പ്രശസ്ത വരികൾ. നഷ്ടപ്രണയവും ഉന്മാദവും കുറ്റബോധവും പശ്ചാത്താപവും വീണ്ടും വീണ്ടും നിറയുന്ന നിരവധി കവിതകൾ സമ്മാനിച്ച എ അയ്യപ്പന്റെ കാവ്യലോകത്തുനിന്ന് കവി സെബാസ്റ്റ്യൻ സമാഹരിച്ച തനിക്കു പ്രിയപ്പെട്ട മികച്ച 101 കവിതകൾ. മാതൃഭൂമി ബുക്സ്. പേജ് 200. വില 320 രൂപ.
സമാഹരണം: സെബാസ്റ്റ്യൻ
ഐവർ ദ ഫൂൾ : ലിയോ ടോൾസ്റ്റോയി
വിശ്വ സാഹിത്യകാരനായ ലിയോ ടോൾസ്റ്റോയി കുട്ടികൾക്കായി തയ്യാറാക്കിയ രചന. ആഖ്യാന കലയിൽ വിശ്വമാതൃകകൾ സൃഷ്ടിച്ച രചയിതാവിന്റെ കുട്ടികൾക്ക് വായിച്ചു രസിക്കാനുള്ള രണ്ട് മികച്ച നോവലുകൾ. ഐവർ ദി ഫൂളിന്റെയും കാൾസ്റ്റമീർ ഒരു കുതിരയുടെ കഥയുടെയും മലയാള പരിഭാഷ. റഷ്യൻ ജീവിതത്തിന്റെ സങ്കീർണ ഭാവങ്ങളെ അക്ഷരങ്ങളിലേക്ക് ആവാഹിച്ച മഹാ പ്രതിഭയുടെ ഈടുറ്റ രണ്ട് രചനയുടെ വിവർത്തനം. തുന്പപ്പൂ ബുക്സ്. പേജ് 104. വില 160 രൂപ.
പരിഭാഷ: ഗീത വാസു