Travelogue
ചോർസു ബസാറിലെ കൗതുകക്കാഴ്ചകൾ
നിരവധി വാതിലുകളുള്ള ബസാറിലേക്ക് ഞങ്ങൾ ഒരു വാതിലിലൂടെ പ്രവേശിച്ചു. ഭക്ഷണ വൈവിധ്യത്താൽ ആളുകളെ സത്കരിക്കുന്നതിൽ താഷ്കെന്റ് എന്നും മുന്നിലാണ്. അതിൽ ഈ ഇടത്തിന് പ്രാധാന്യമേറെയുണ്ട്. ചോർസു എന്നാൽ നാല് അരുവികൾ എന്നാണ് അർഥം.
ഉസ്ബെക്കിസ്ഥാനിലെ ഏഴാം ദിനം. ഇന്ന് സന്ധ്യയോടെ ചരിത്രപ്രസിദ്ധ രാജ്യത്തോട് യാത്ര പറയണം. ഹോട്ടലിൽ നിന്നും ഞങ്ങൾ ചെക് ഔട്ട് ചെയ്ത് പുറത്തിറങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ എപ്പോഴും കണ്ട ഹോട്ടൽ ജീവനക്കാരെല്ലാം വളരെ ഹൃദ്യമായി ഞങ്ങൾക്ക് യാത്രയയപ്പ് നൽകി. സ്റ്റാർ ഹോട്ടൽ ആണെങ്കിലും ചെറിയ തസ്തികയിൽ ജോലി ചെയ്യുന്ന സ്റ്റാഫുകൾ പോലും അതിൽ ഒരു ഔപചാരികത കാണിച്ചതിൽ സന്തോഷം അനുഭവപ്പെട്ടു. ചിലയിടങ്ങളിലൊക്കെ അത്തരം തൊഴിലാളികളെ അതിഥികളിൽ നിന്നും മാറ്റിനിർത്തുന്ന ഒരുതരം സുഖകരമല്ലാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.
താഷ്കെന്റ് കേന്ദ്രീകരിച്ചു വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഗ്രാൻഡ് താലീം സ്ഥാപനങ്ങളിലൊന്നിന്റെ ഒൽമസോർ ക്യാമ്പസിലേക്ക് മുസഫർ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. മനോഹരമായ ഇടനാഴിയൊക്കെയുള്ള വിശാലമായ സ്ഥാപനമാണ്. പ്രീ സ്‌കൂൾ വിദ്യാഭ്യാസമാണ് അവിടെ നൽകുന്നത്. ചെറിയ കുരുന്നുകൾ എമ്പാടുമുണ്ട്. കൂട്ടത്തിൽ മുസഫറിന്റെ രണ്ട് മക്കളുമുണ്ട്. ആ കുട്ടികൾ നമ്മുടെ അരികിലേക്ക് വരുകയും കുശലം പറയുകയും ചെയ്തു. ഈ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ യാത്രക്കിടയിലെ സംസാരത്തിലൊന്നും നമ്മുടെ ഉസ്ബെക് സുഹൃത്തുക്കൾ അവരുടെ കുടുംബ കാര്യങ്ങളോ വൈയക്തിക വിഷയങ്ങളോ കൂടുതലായൊന്നും പങ്ക് വെച്ചിരുന്നില്ല. മലയാളികൾക്ക് മാത്രമുള്ള ഒരു ശൈലിയാണെന്നു തോന്നുന്നു. നമ്മൾ കണ്ടുമുട്ടുന്ന ആരോടും നമ്മുടെ കുടുംബ കാര്യങ്ങളും വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും പങ്കുവെക്കും. പക്ഷേ, വേറെ പല നാട്ടുകാരിലും ഇങ്ങനെയുള്ള ശീലങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ല. അൽപ്പനേരം അവിടെ ചെലവഴിച്ചു. ശേഷം ഞങ്ങൾ താഷ്കെന്റിന്റെ പഴയ നഗരഭാഗത്തേക്ക് പോയി. ചോർസു ബസാർ എന്ന വിശ്വപ്രസിദ്ധ ചന്തയിലേക്കാണ് യാത്ര. മനോഹരമായ വലിയ ഒറ്റ താഴികക്കുടത്തിന്റെ കീഴിലായി ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ വിൽക്കുന്ന വലിയൊരു ബസാറാണത്. നീല നിറത്തിലുള്ള ആ ഖുബ്ബക്ക് കീഴിലായി ആയിരത്തോളം ആളുകൾ അവരുടെ വസ്തുക്കൾ വിൽപ്പനക്ക് നിരത്തിവെച്ചിരിക്കുന്ന കാഴ്ച അതിമനോഹരമാണ്. നിരവധി വാതിലുകളുള്ള ബസാറിലേക്ക് ഞങ്ങൾ ഒരു വാതിലിലൂടെ പ്രവേശിച്ചു. ഭക്ഷണ വൈവിധ്യത്താൽ ആളുകളെ സത്കരിക്കുന്നതിൽ താഷ്കെന്റ്എന്നും മുന്നിലാണ്. അതിൽ ഈ ഇടത്തിന് വലിയ പ്രാധാന്യമേറെയുണ്ട്. ചോർസു എന്നാൽ നാല് അരുവികൾ എന്നാണ് അർഥം. ഈ പ്രദേശം കാലങ്ങളായി കരകൗശല വിദഗ്ധരും കലാകാരന്മാരും തമ്പടിച്ച കേന്ദ്രമാണ്. ആളുകൾ ഒഴുകുന്ന ഇടം നോക്കി പൗരാണിക കാലം മുതൽക്ക് തന്നെ ഇവിടെ ബസാറായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. സിൽക്ക് റോഡിൽ കച്ചവടക്കാർ തമ്പടിക്കുന്ന ഇടങ്ങളിൽ കലാകാരന്മാരുടെ കൂട്ടായ്മകളും അവരുടെ പരിപാടികളും നടക്കുമായിരുന്നു.
കാലക്രമേണ പഴയ നിർമിതികൾ പുതിയ കെട്ടിടങ്ങൾക്ക് വഴിമാറിക്കൊടുത്തു. 1966ലെ അതിശക്തമായ ഭൂകമ്പത്തിൽ ഒരുപാട് പഴയ കെട്ടിടങ്ങൾ ഭൂമിക്കുള്ളിലായി. പിന്നെ നിർബന്ധമായും പുനരുദ്ധാരണം ചെയ്യേണ്ടി വന്നപ്പോൾ പോലും അവർ അവരുടെ പാരമ്പര്യ നിർമാണ രൂപത്തിൽ നിന്നും വ്യതിചലിക്കാൻ തയ്യാറായില്ല. 100 മീറ്റർ വ്യാസവും 30 മീറ്റർ ഉയരവുമുള്ള ഭീമാകാരമായ നീല-ഹരിത വർണ അർധരത്നം പോലുള്ള താഴികക്കുടം നിർമിച്ചു. അവിടെ കച്ചവടക്കാരെ ഒരുമിച്ച് കൂട്ടി. അത് പെട്ടെന്ന് താഷ്‌കെന്റ് ലാൻഡ്‌മാർക്കായി മാറി, ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ ചോർസു ഉസ്‌ബെക്കിസ്ഥാന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിർമിതിയായി മാറി. ഞങ്ങൾ കയറിയ ഇടം മുഴുവൻ ഇറച്ചി തൂക്കിയിട്ട കാഴ്ചകളാണ്. അതിൽ കോഴിക്കും ആടിനും ബീഫിനും പുറമെ കുതിരയിറച്ചിയും ധാരാളമായിട്ടുണ്ട്. അതിലേറെ ശ്രദ്ധേയമായത് കുതിരയുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളും വേറെ വേറെയായി വിൽക്കുന്നതാണ്.
ശൈത്യനാടുകളിൽ തണുപ്പിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഇറച്ചി കൂടുതലായി ഉപയോഗിക്കും. അതിൽ തന്നെ കുതിരയിറച്ചിക്ക് നല്ല പ്രതിരോധം തീർക്കാൻ കഴിയുന്നതിനാലാണ് വ്യാപകമായി അത് വിൽപ്പനക്ക് നിരത്തിയിട്ടുള്ളത്. വേറൊരു ഭാഗത്ത് വ്യത്യസ്ത മസാലകളുടെ വ്യാപാരികളാണ്. അതിനപ്പുറം ബദാമും പിസ്തയും ആപ്രിക്കോട്ടും ഒലീവും വിൽക്കുന്നവർ, തൊട്ടരികിൽ ബ്രെഡ് വിൽപ്പനക്ക് വെച്ചവർ, അതിനപ്പുറം പച്ചക്കറികൾ വിൽക്കുന്നവർ… ഇങ്ങനെ വൈവിധ്യങ്ങളായ വസ്തുക്കളുടെ വലിയൊരാൾക്കൂട്ടം. അവർ ആരും തന്നെ കാശ് പറയുന്നില്ല; എല്ലാം കാൽകുലേറ്ററിൽ ടൈപ്പ് ചെയ്തു കാണിക്കുകയാണ്. പലരോടുമായി വിലയെത്രയെന്നു ചോദിച്ചു നടന്നു. ബസാറിന്റെ മെസനൈൻ നിലയിലേക്ക് കയറിയപ്പോൾ അവിടെ വിലപിടിച്ച കുങ്കുമ പൂക്കളുടെ വലിയ ശേഖരം കാണാൻ കഴിഞ്ഞു. അവിടെയും ധൃതിപിടിച്ചു കച്ചവടം നടക്കുന്നുണ്ട്. ചിന്തനീയമായ കാഴ്ചയാണ് ചോർസു ബസാർ നൽകിയത്; ഇറച്ചി വിൽക്കുന്ന, ദൈനംദിന സാധനങ്ങൾ വിൽക്കുന്ന ഒരു മാർക്കറ്റിനെ പോലും ശരിയായ രീതിയിൽ അവതരിപ്പിച്ചാൽ അതിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയുമെന്നത്. ദുബൈയിലെ വാട്ടർ ഫ്രണ്ട് മാർക്കറ്റ് അത്തരത്തിലൊന്നാണ്. പച്ചക്കറികളും മത്സ്യങ്ങളും പഴവർഗങ്ങളും വിൽക്കുന്ന ആ മാർക്കറ്റ് കാണാൻ പോലും ടൂറിസ്റ്റുകൾ വരുന്നത് ആ കച്ചവട രീതി നൽകുന്ന ആശയവും കൗതുകവുമാണ്. നമ്മുടെ നാടുകളിലെ പഴയങ്ങാടികൾ, ആഴ്ച ചന്തകൾ ഇതിനൊക്കെ തന്നെയും ലോക ടൂറിസം ഭൂപടത്തിൽ ശ്രദ്ധ വരുത്താൻ കഴിയുന്ന ഒട്ടേറെ സവിശേഷതകളുണ്ട്. ഭരണാധികാരികൾ അത് നടപ്പിലാക്കാൻ മുന്നോട്ട് വരണമെന്നുമാത്രം.