Connect with us

book review

വർത്തമാന കാഴ്ചകളും അനുഭവങ്ങളും

Published

|

Last Updated

ചെറുപ്പം മുതൽ യാത്രകളെ നെഞ്ചോട് ചേർത്ത ഒരു യാത്രാ കുതുകിയുടെ ആദ്യത്തെ പുസ്തകമാണ് “തൂത്തൻ ഖാമന്റെ സ്വർണ ഖനികൾ”, പഠനത്തിന്റെ ഓരോ ഘട്ടത്തിലും കരസ്ഥമാക്കിയ അറിവിന്റെ മുത്തുകളും അതിന് സാക്ഷിയായ ഇടങ്ങളും തേടിയൊരു യാത്ര, മുൻപേ  നെയ്ത ആഗ്രഹത്തിന്റെ ചിറകിലേറിയാണ് ജോർദാനിലേക്കും ഈജിപ്തിലേക്കും ഒരു പറ്റം യാത്രികരോടൊപ്പം എഴുത്തുകാരനും സഞ്ചരിക്കുന്നത്.

മലയാളികളുടെ യാത്രക്ക് മറ്റൊരു ദിശ നൽകിയ പ്രിയപ്പെട്ട സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങര അവതാരികയിൽ പറയുന്നുണ്ട് ജോർദാനും ഈജിപ്‌തും ഏറെ ഇഷ്ടപ്പെടുന്ന രണ്ട് രാജ്യങ്ങളാണെന്ന്, ആ രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളിലൂടെയാണ് എഴുത്തുകാരൻ നമ്മളെ കൊണ്ട് പോകുന്നത്. വർത്തമാനത്തിന്റെ കാഴ്ചകളിൽ നിന്നുപരി ചരിത്ര കഥകളെയും വീര പുരുഷന്മാരെയും വിജയങ്ങളെയും വേദനകളെയും എല്ലായിടത്തും പരാമർശിക്കുന്നുണ്ട്.
നമ്മുടെ യാത്രാപഥം കടന്ന് പോകുന്നത് സഹസ്രാബ്ദങ്ങളുടെ പിറകിലേക്കാണ്, അത്‌ ഉൾക്കൊള്ളുമ്പോൾ മാത്രമാണ് വിരസമായ കാഴ്ചകൾ പോലും മനോഹരമാകുന്നതെന്ന യാഥാർഥ്യം അദ്ദേഹം കുറിച്ചിടുന്നു.

പക്ഷേ, വർത്തമാനത്തിന്റെ കാഴ്ചകളും അനുഭവങ്ങളും നൽകുന്ന പാഠങ്ങൾ ചെറുതല്ല താനും. ഫലസ്തീനിലേക്ക് പ്രവേശനം നിഷേധിച്ച സമയത്ത് മൂപ്പർക്ക് ഉണ്ടായ വിഷമം, അഹമ്മദ് എന്ന ഫലസ്തീനിക്ക് വർഷങ്ങളായി തന്റെ ജന്മ രാജ്യത്തേക്ക് ഇസ്്റാഈൽ പ്രവേശനം നിഷേധിച്ചു കൊണ്ടിരിക്കുന്നത്, പൊരുതുന്നവരും പലായനം ചെയ്യുന്നവരുമായ അനേകം മനുഷ്യർ, ഞാൻ ആദ്യം കവിത എഴുതിയതും ഫലസ്തീനെ കുറിച്ചായിരുന്നു, വെടിവെപ്പും നിലവിളികളുമായി വാർത്തയിൽ നിറഞ്ഞു നിന്നിരുന്ന ഫലസ്തീൻ തെല്ലൊന്നുമല്ല വേദന നൽകിയത്. തുറന്ന ജയിലെന്ന് പറയുമ്പോൾ കാശ്മീരിൽ പോയതും ഓർമ വന്നു, ഇരുപത്തി നാല് മണിക്കൂറും തോക്കെന്തിയ പട്ടാളത്തോടൊപ്പം ജീവിക്കേണ്ടി വരുന്ന അവസ്ഥ, പക്ഷേ പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷ കൈവിടാത്തവർ, റോഹിഗ്യൻ ബാലനും ജോലിയിൽ വ്യാപൃതനായ ബാലനും, ഫോട്ടോ എടുക്കാൻ വിസമ്മതിച്ച കുഞ്ഞു മുഖങ്ങളും നൽകിയ ജീവിതപാഠങ്ങൾ. യാത്രകൾ കാഴ്ചകൾ മാത്രമല്ല, കാഴ്ചപ്പാടുകളെ തന്നെ മാറ്റി മറിക്കുന്നു.

അമ്മാനും അഖബയും, ചാവുകടലിലെ നീരാട്ടും, ആഫ്രിക്കയും അലക്സാൻഡ്രിയയും, സൂയസ് കനാലും ചെങ്കടലും, അസ്ഹാബുൽ കഹ്‌ഫും സീനായ് താഴ്്വരയും, മുത്തുനബിയുടെയും മൂസാനബിയുടെയും മറ്റനേകം പ്രവാചകരുടെയും പണ്ഡിതരുടെയും ജീവിതകഥകളും പിരമിഡിന്റെ ഉള്ളിലെ അത്ഭുതങ്ങളും കെയ്‌റോ പട്ടണവും ജോർദാനിലും ഈജിപ്തിലുമായി അന്തിയുറങ്ങുന്ന അനേകം മഹാരഥന്മാരും മഹതികളും ആ ചരിത്രങ്ങളും ഓർമകളും, ചിലത് വായിച്ചതും പഠിച്ചതുമാണെങ്കിലും എന്നെ സംബന്ധിച്ച് പല പേരുകളും കഥകളും പുതിയതായിരുന്നു. ഇനിയുമെത്ര പഠിക്കാനിരിക്കുന്നുവെന്ന് ഓരോ കഥകളും ഓർമിപ്പിക്കുന്നു. അവരുടെ ശരീരം മാത്രമേ വിട്ട് പോയിട്ടുള്ളൂ, അവരുടെ ജീവിതം നൽകിയ ഊർജവും പാഠങ്ങളും ഇപ്പോഴും പ്രസരിക്കുന്നു. സ്വലാഹുദ്ധീൻ കോട്ട നിർമിച്ച പാഷയുടെ ഖബറിടവും അതിനടുത്തുള്ള മസ്ജിദിൽ നില കൊള്ളുന്നു.

യാത്രയെപ്പോഴും ചിന്തകൾക്ക് ജീവൻ നൽകുകയും ജീവിതത്തിന് പുതിയ മാനങ്ങൾ നൽകുകയും ചെയ്യുന്നു. ലളിതമായ ശൈലിയിൽ വായനക്കാരന് അറിവും തിരിച്ചറിവും നൽകുന്ന എഴുത്ത് രീതി, കപ്പലിന്റെ മുകൾത്തട്ടിലിരുന്ന് നക്ഷത്രങ്ങളെ നോക്കുമ്പോഴും പിരമിഡിന്റെ അടുത്തേക്ക് ആകാംക്ഷയോടെ നടന്നപ്പോഴും ചരിത്രമുറങ്ങുന്ന തെരുവുകളിൽ പോക്കറ്റിൽ കൈയിട്ട് ഉന്മാദത്തോടെ നടന്നപ്പോഴും പ്രാർഥനകളിലും അങ്ങനെ ഓരോ കാഴ്ചകളിലും കൂടെ ഉള്ളതായി തോന്നിയിട്ടുണ്ട്, ഈ തോന്നൽ തന്നെയാണ് യാത്രവിവരണത്തിന്റെ വിജയവും. മാതൃഭൂമി ബുക്‌സാണ് പ്രസാധകർ. 190 രൂപയാണ് വില.

Author (Parudheesa),Travel blogger, Freelance writer

Latest