Connect with us

kerala curriculum reformation

പാഠ്യപദ്ധതി പരിഷ്‌കരണം: മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ചെറിയ കൂട്ടര്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് മന്ത്രി ശിവന്‍കുട്ടി

മതവികാരം വ്രണപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല

Published

|

Last Updated

തിരുവല്ല | പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ചെറിയ കൂട്ടരാണ് ഇപ്പോള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തിരുവല്ല ആഞ്ഞിലിത്താനം ഗവ.മോഡല്‍ ന്യൂ എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഒരു മതവികാരവും വ്രണപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ചില നിക്ഷിപ്ത താല്പര്യക്കാര്‍ അങ്ങനെ ഒന്നുണ്ട് എന്ന് വരുത്തുവാന്‍ പാടുപെടുകയാണ്. എന്നാല്‍, അങ്ങനെ ഒന്നില്ല എന്ന് നിസംശയം പറയുവാന്‍ സാധിക്കും. പൊതു വിദ്യാഭ്യാസ രംഗത്തെ നവീകരിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പഠന ബോധനപ്രവര്‍ത്തനങ്ങള്‍ ആയാലും ലിംഗനീതിയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ ആയാലും ആധുനിക സങ്കേതങ്ങള്‍ വിദ്യാഭ്യാസ രംഗത്തും നടപ്പാക്കേണ്ടതുണ്ട്. .

എന്നാല്‍ എല്ലാവരുമായും ആലോചിച്ചു മാത്രമേ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചെറിയ തീരുമാനം പോലും എടുക്കുകയുള്ളു. അത് പുരോഗമനപരമായ തീരുമാനമാകുമെന്നും മന്ത്രി പറഞ്ഞു. മാത്യു ടി തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ഡി ഡി ഇ രേണുക ഭായി, ഡി ഇ ഒ പി ആര്‍ പ്രസീന, ഹെഡ്മിസ്ട്രസ് എസ് സുനന്ദ പങ്കെടുത്തു.

Latest