Kerala
കുസാറ്റ് ദുരന്തം; മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവ്
ഫോര്‍ട്ടു കൊച്ചി സബ്കലക്ടര്‍ പി വിഷ്ണുരാജിനാണ് അന്വേഷണ ചുമതല
കൊച്ചി | കുസാറ്റില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവ്. ഫോര്‍ട്ടു കൊച്ചി സബ്കലക്ടര്‍ പി വിഷ്ണുരാജിനാണ് അന്വേഷണ ചുമതല. രണ്ടാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എറണാകുളം ജിലാ കളക്ടര്‍ എന്‍ എസ് കെ. ഉമേഷ് പുറത്തിറക്കിയ ഇത്തരവില്‍ വ്യക്തമാക്കുന്നു.
ദുരന്തത്തിന് വഴിവച്ച കാരണങ്ങള്‍ എന്തെല്ലാം, സംഘാടകരുടെയോ അധികാരികളുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള അനാസ്ഥയോ വീഴ്ചയോ ഉണ്ടായിട്ടുണ്ടോ, ആരൊക്കെയാണ് നാലുപേരുടെ മരണത്തിന് ഉത്തരവാദികള്‍, ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകളും പരിഹാരങ്ങളും എന്തൊക്കെയാണ്, മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് നല്‍കേണ്ട ആശ്വാസപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആറു വിഷയങ്ങളിലാകും അന്വേഷണം.
നവംബര്‍ 25ന് രാത്രി 7.30ഓടെ ആയിരുന്നു സംഭവം. സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് സംഘടിപ്പിക്കുന്ന സംഗീത പരിപാടി നടക്കാനിരിക്കെ ഓഡിറ്റോറിയത്തിലേക്ക് വിദ്യാര്‍ഥികള്‍ തള്ളിക്കയറിയതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാര്‍ഥികളടക്കം നാലു പേര്‍ മരിക്കുകയായിരുന്നു. 60ഓളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.