Kerala
കുസാറ്റ് ദുരന്തം; സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പലിനെ മാറ്റി
ഗാനമേളക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് പ്രിന്‍സിപ്പല്‍ നല്‍കിയ കത്ത് പുറത്തായതിനു പിന്നാലെയാണ് നടപടി.
കൊച്ചി | കുസാറ്റ് ക്യാമ്പസില്‍ ഗാനമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു പേര്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പലിനെ മാറ്റി. ഡോ.ദീപക് കുമാര്‍ സാഹുവിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി മാറ്റയിത്. ഗാനമേളക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് പ്രിന്‍സിപ്പല്‍ നല്‍കിയ കത്ത് പുറത്തായതിനു പിന്നാലെയാണ് നടപടി. അപകടം സംബന്ധിച്ച അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കുമെന്നും വിസി വ്യക്തമാക്കി. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
കുസാറ്റിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ ടെക്‌ഫെസ്റ്റിലെ ഗാനമേളയ്‌ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടാണു നാലു പേര്‍ ശനിയാഴ്ച മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ആലപ്പുഴ സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ഷെബ എന്നിവരാണ് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നത്.