Editorial
കസ്റ്റഡി മരണങ്ങളും ഭരണകൂട ഉദാസീനതയും
പ്രത്യേകമായൊരു നിയമം ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് കസ്റ്റഡി പീഡന മരണങ്ങള്‍ ഇല്ലാതാക്കാന്‍ നിയമജ്ഞര്‍ മുന്നോട്ടു വെക്കുന്ന നിര്‍ദേശം. ഇത്തരമൊരു നിയമ നിര്‍മാണത്തിന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര നിയമ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ അശ്വിനികുമാര്‍ 2018ല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഉത്തര്‍ പ്രദേശിലെ പോലീസ് രാജും വര്‍ധിച്ചു വരുന്ന കസ്റ്റഡി മരണങ്ങളും വീണ്ടും ദേശീയതല ചര്‍ച്ചക്ക് വിധേയമായിരിക്കുകയാണ്. അടുത്തിടെ യു പിയുടെ തലസ്ഥാനമായ ലഖ്നോവില്‍ നടന്ന രണ്ട് കസ്റ്റഡി മരണങ്ങളാണ് ചര്‍ച്ചക്ക് വഴിതുറന്നത്. ദളിത് യുവാവായ അമര്‍ഗൗതമും ബിസിനസ്സുകാരനായ മോഹിത പാണ്ഡെയുമാണ് പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടത്. പോലീസ് ഭാഷ്യമനുസരിച്ച് ഹൃദായാഘാതമാണ് ഇവരുടെ മരണകാരണം. അതേസമയം, പോലീസ് മര്‍ദനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗജേന്ദ്ര സിംഗ് യാദവിന്റെ പരാതിയില്‍ ഉത്തര്‍ പ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന പോലീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.
ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ നടക്കുന്നത് ഉത്തര്‍ പ്രദേശിലാണ്. ദേശീയ ശരാശരിയുടെ 20 ശതമാനം വരും കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് നടന്ന കസ്റ്റഡി മരണങ്ങള്‍. 2020-21ല്‍ രാജ്യത്തുടനീളം 1,940 കസ്റ്റഡി മരണങ്ങള്‍ സംഭവിച്ചപ്പോള്‍ 451 എണ്ണവും (23 ശതമാനം), 2021-22 വര്‍ഷത്തില്‍ സംഭവിച്ച 2,544 കസ്റ്റഡി മരണങ്ങളില്‍ 501 എണ്ണവും (20 ശതമാനം) ഉത്തര്‍ പ്രദേശിലായിരുന്നു. യോഗി ഭരണത്തിലെ പോലീസ് സ്വേച്ഛാധിപത്യത്തിന്റെ ദൂഷ്യഫലമാണ് കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് റിട്ട. ഐ പി എസ് ഓഫീസറും ആള്‍ ഇന്ത്യാ പീപ്പിള്‍സ് ഫ്രണ്ട് ദേശീയ അധ്യക്ഷനുമായ എസ് ആര്‍ ദാരാപുരി പറയുന്നു. വടിയുടെയും വെടിയുടെയും ജനാധിപത്യമാണ് യു പിയില്‍ നടക്കുന്നത്. ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഭരണഘടനാ തത്ത്വങ്ങളെ പരിഹസിക്കുകയാണെന്ന് ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ദാരാപുരി കുറ്റപ്പെടുത്തി.
കുറ്റക്കാരായ പോലീസുദ്യോഗസ്ഥര്‍ നിയമ നടപടിക്കു വിധേയമാകുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നതാണ് കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ രാജ്യത്ത് നടന്ന കസ്റ്റഡി മരണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് 893 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം. ഇതില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത് 358 പേര്‍ക്കെതിരെ. ശിക്ഷിക്കപ്പെട്ടത് 26 ഉദ്യോഗസ്ഥരും. ബാക്കി കേസുകളില്‍ ഇരകള്‍ക്ക് നീതി ലഭിച്ചില്ല. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകളാണിത്. പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടാല്‍ ഉടനടി എഫ് ഐ ആര്‍ തയ്യാറാക്കണമെന്നാണ് നിയമം. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അന്വേഷണം നടത്തുകയും വേണം. പോലീസ് അന്വേഷണം നടത്തിയാലും വേണം മജിസ്ട്രേറ്റ് അന്വേഷണം. കേസ് അന്വേഷിക്കുന്ന മജിസ്ട്രേറ്റ് മരണം നടന്ന് 24 മണിക്കൂറിനകം അടുത്തുള്ള സിവില്‍ സര്‍ജന് മൃതദേഹം വിശദ പരിശോധനക്കു കൈമാറണം. പോസ്റ്റ്മോര്‍ട്ടത്തിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യണം. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന മജിസ്ട്രേറ്റിന്റെ അന്വേഷണ റിപോര്‍ട്ട് രണ്ട് മാസത്തിനകം കമ്മീഷന് സമര്‍പ്പിക്കുകയും വേണം. ഈ നിയമങ്ങളൊന്നും പക്ഷേ പാലിക്കപ്പെടുന്നില്ല.
പോലീസ് കസ്റ്റഡിയില്‍ മരണങ്ങള്‍ നടന്നാല്‍ പ്രതിഷേധം ഉയരുമ്പോള്‍ മാത്രമാണ് മിക്ക കേസുകളിലും കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അമര്‍ ഗൗതമിന്റെയും മോഹിത പാണ്ഡെയുടെയും കാര്യത്തിലും അതാണ് സംഭവിച്ചത്. ഇരകളുടെ കുടുംബം സ്വാധീനം കുറഞ്ഞവരെങ്കില്‍ സംഭവം ആരാലും ശ്രദ്ധിക്കപ്പെടാതെ പോകും. പോലീസ് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന സര്‍ജനെ സ്വാധീനിച്ച് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം പറ്റിയിട്ടില്ലെന്ന് റിപോര്‍ട്ടില്‍ എഴുതിക്കുകയും പ്രതികളായ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുകയും ചെയ്യും. പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ ആറ് മാസത്തെ സസ്പെന്‍ഷനാണ്. സംഭവത്തിന്റെ ഓര്‍മകള്‍ മങ്ങിക്കഴിഞ്ഞാല്‍ പ്രസ്തുത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുകയും ചെയ്യും.
ബഹുഭൂരിപക്ഷവും പാവപ്പെട്ടവരും സാമ്പത്തിക-രാഷ്ട്രീയ സ്വാധീനമില്ലാത്തവരും പിന്നാക്ക വിഭാഗക്കാരുമാണ് പോലീസ് കസ്റ്റഡിയില്‍ വരുന്നത്. പണവും സ്വാധീനവുമുള്ള കുറ്റവാളികള്‍ തങ്ങളുടെ സ്വാധീനമുപയോഗിച്ച് കസ്റ്റഡിയില്‍ അകപ്പെടാതെ രക്ഷപ്പെടും. സ്റ്റേഷനിലോ ലോക്കപ്പിലോ കയറിയാല്‍ തന്നെയും ദേഹത്ത് ഒരു പോറല്‍ പോലുമേല്‍ക്കാതെ പുറത്തുവരികയും ചെയ്യും.
കസ്റ്റഡി മരണത്തില്‍, സംഭവം നടന്ന പോലീസ് സ്റ്റേഷനിലെ ജീവനക്കാരെ മാത്രമല്ല, മേലുദ്യോഗസ്ഥരെയും നിയമ നടപടിക്കു വിധേയമാക്കണമെന്നാണ് എസ് ആര്‍ ദാരാപുരിയുടെ പക്ഷം. സ്റ്റേഷനുകളില്‍ അനധികൃതമായി ആളുകളെ പിടിച്ചു കൊണ്ടു വരികയും പരിശോധനക്ക് വിധേയമാക്കുകയും മൂന്നാംമുറ പ്രയോഗിക്കുകയും ചെയ്യുന്നത് തടയാനുള്ള ബാധ്യത മേലുദ്യോഗസ്ഥര്‍ക്ക് കൂടിയുണ്ട്. കസ്റ്റഡി മരണക്കേസുകളില്‍ തങ്ങള്‍ കൂടി പ്രതിചേര്‍ക്കപ്പെടുന്ന ആശങ്കയും ഭയവും ഉണ്ടാകുമ്പോള്‍ മാത്രമേ കീഴുദ്യോഗസ്ഥരുടെ നിയമലംഘനം തടയുന്നതില്‍ അവര്‍ ജാഗ്രത കാണിക്കുകയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രത്യേകമായൊരു നിയമം ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ് കസ്റ്റഡി പീഡന മരണങ്ങള്‍ ഇല്ലാതാക്കാന്‍ നിയമജ്ഞര്‍ മുന്നോട്ടു വെക്കുന്ന നിര്‍ദേശം. ഇത്തരമൊരു നിയമ നിര്‍മാണത്തിന് കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര നിയമ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ അശ്വിനികുമാര്‍ 2018ല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പീഡനത്തിനെതിരായ 1997ലെ യു എന്‍ കണ്‍വെന്‍ഷനില്‍ ഒപ്പ് വെച്ചതിനാല്‍ കസ്റ്റഡി പീഡനത്തിനെതിരായ നിയമ നിര്‍മാണം ഭരണാധികാരികളുടെ ബാധ്യതയാണെന്ന് ഹരജിയില്‍ അശ്വിനികുമാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കോടതി വിഷയത്തില്‍ ഇടപെടാതെ ഒഴിഞ്ഞു മാറുകയാണുണ്ടായത്. പിന്നീട് 2020 ഡിസംബറില്‍ രാജ്യത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും എല്ലാ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തന പരിസരത്തും സി സി ടി വി ക്യാമറകള്‍ ഉറപ്പ് വരുത്തുന്നതിന് നടപടികള്‍ കൈക്കൊള്ളണമെന്ന് ഉത്തരവിറക്കുകയുണ്ടായി സുപ്രീം കോടതി. ഇതുപക്ഷേ മിക്ക സംസ്ഥാനങ്ങളിലും പാലിക്കപ്പെടുന്നില്ല. പീഡനത്തിനെതിരായ അവകാശമെന്നത് ഭരണഘടനയുടെ 21ാം വകുപ്പ് ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ സ്ഥിരീകരണമാണ്. ഇക്കാര്യത്തിലുള്ള ബന്ധപ്പെട്ടവരുടെ ഉദാസീനത ഭരണഘടനയോടുള്ള അവഹേളനമാണ്.