Articles
കസ്റ്റഡി മരണങ്ങള്‍: ആര്‍ക്കാണ് പിഴക്കുന്നത്?
2020 മെയ് മാസത്തില്‍ ജോര്‍ജ് ഫ്‌ലോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരനെ അമേരിക്കന്‍ പോലീസ് ശ്വാസം മുട്ടിച്ചു കൊന്ന സംഭവം വലിയ ചര്‍ച്ചയായിരുന്നു. അതിനെ തുടര്‍ന്ന് അന്വേഷണാത്മകമായ പത്രപ്രവര്‍ത്തനത്തിന് പ്രസിദ്ധമായ വൈസ് മീഡിയ എന്ന അമേരിക്കന്‍ മാധ്യമം കസ്റ്റഡി മരണങ്ങളെ കുറിച്ച് തയ്യാറാക്കി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കേരളത്തിലെ കസ്റ്റഡി മരണങ്ങളും ഉള്‍പ്പെട്ടിരുന്നു.
കേരളത്തില്‍ വീണ്ടും കസ്റ്റഡി മരണം ചര്‍ച്ചയാകുകയാണ്. തിരൂരങ്ങാടി മൂഴിക്കല്‍ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിര്‍ ജിഫ്രി താനൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ടതാണ് പുതിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവരാനുള്ള കാരണം. മരിച്ച താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും ആവശ്യം കൂടി പരിഗണിച്ച്, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ ശിപാര്‍ശ പ്രകാരം കേസന്വേഷണം സി ബി ഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ച വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവരികയുണ്ടായി. കേസിനാസ്പദമായ സംഭവങ്ങളുണ്ടായി പത്ത് ദിവസം പോലും പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇത്തരത്തിലുള്ള ഒരു തീരുമാനമുണ്ടായി എന്നതും ശ്രദ്ധേയമാണ്.
ഈ മാസം ഒന്നാം തീയതി പുലര്‍ച്ചെയാണ് മുപ്പതുകാരനായ താമിര്‍ ജിഫ്രിയുടെ മൃതശരീരവുമായി താനൂര്‍ പോലീസ് താനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തുന്നത്. എം ഡി എം എ അടക്കമുള്ള മാരക ലഹരി വസ്തുക്കളുമായി താനൂര്‍ ദേവധാര്‍ മേല്‍പ്പാലത്തിന് സമീപത്ത് നിന്ന് അഞ്ചംഗ സംഘത്തെ കസ്റ്റഡിയിലെടുത്തുവെന്നും ആ കൂട്ടത്തില്‍പ്പെട്ട താമിര്‍ ജിഫ്രി പോലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു എന്നുമാണ് പോലീസ് ആദ്യ ഘട്ടത്തില്‍ പറഞ്ഞത്. എന്നാല്‍ ദൃക്സാക്ഷികളുടെയും കുടുംബത്തിന്റെയും മൊഴികളും പുറത്തുവന്ന വാര്‍ത്തകളും മര്‍ദനത്തെ തുടര്‍ന്നാണ് താമിര്‍ മരിച്ചത് എന്നും പോലീസ് പലതും മറച്ചുവെക്കുന്നു എന്നുമുള്ള സംശയങ്ങള്‍ ബലപ്പെടുത്തുന്നതായിരുന്നു. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചേളാരിയിലെ വാടക വീട്ടില്‍ നിന്നാണ് താമിറിനെ കസ്റ്റഡിയിലെടുത്തത് എന്ന വാര്‍ത്തയാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ചേളാരിയില്‍ നിന്നുള്ള കേസ് താനൂരിലേക്ക് കൊണ്ടുപോയതും ദേവധാര്‍ പാലത്തിനടുത്ത് നിന്ന് പിടികൂടി എന്ന് കളവ് പറഞ്ഞതും പോലീസിനെ സംശയത്തിന്റെ നിഴലിലാക്കി. കേസ് രജിസ്റ്റര്‍ ചെയ്തത് മരണ ശേഷമാണെന്ന വാര്‍ത്തയും വന്നു. മൃതശരീരം സംസ്‌കരിക്കുന്ന സമയത്ത് ശരീരത്തില്‍ മുറിവ് കണ്ടു എന്ന, താമിറിന്റെ സഹോദരന്റെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. കസ്റ്റഡി മരണം എന്ന ആരോപണം ഉയര്‍ന്നതോടെ എട്ട് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. പോലീസ് പ്രതിസ്ഥാനത്ത് വരുന്ന കേസില്‍ അവര്‍ തന്നെ അന്വേഷണം നടത്തുന്നതിനോട് യോജിക്കുന്നില്ല എന്ന് കുടുംബം നിലപാടെടുത്തു. തുടര്‍ന്ന് കേസ് സി ബി ഐക്ക് കൈമാറുകയും ചെയ്തിരിക്കുന്നു.
കേരള പോലീസിന്റെ ചരിത്രമറിയുന്നവര്‍ക്ക് ഇതൊരു സ്വാഭാവിക മരണമായി കാണാനാകില്ല എന്നുറപ്പാണ്. കസ്റ്റഡി മരണങ്ങള്‍ കേരളത്തില്‍ ആദ്യത്തെ സംഭവമല്ല. കോളിളക്കം സൃഷ്ടിച്ചതും വലിയ വാര്‍ത്തയാകാതെ പോയതുമായ പോലീസ് കൊലകള്‍ കേരളത്തില്‍ ധാരാളം ഉണ്ടായിട്ടുണ്ട്. 1976ല്‍ കോഴിക്കോട്ടെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ രാജന്റെ മരണവും പിതാവ് ഈച്ചര വാര്യരുടെ നിയമ പോരാട്ടവും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സംഭവങ്ങളാണ്. അതേത്തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് രാജിവെക്കേണ്ട സാഹചര്യം വരെയുണ്ടായി. മാറിമാറി ഭരിച്ച ഭരണകൂടങ്ങളുടെയെല്ലാം കൈകളില്‍ പോലീസ് കൊലപാതകങ്ങളുടെ രക്തക്കറ പുരണ്ടുകൊണ്ടിരുന്നു. ഭൂരിഭാഗം സംഭവങ്ങളിലും ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിമാരുടെ നിയന്ത്രണത്തിലായിരുന്നിട്ടും ഇത്തരം സംഭവം അവസാനിപ്പിക്കാനായില്ല. പോലീസ് ജനങ്ങളുടെ സംരക്ഷണത്തിനാണ് എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരുന്നിട്ടും ജനമൈത്രി പോലീസ് പോലെയുള്ള മികച്ച നീക്കങ്ങളുണ്ടായിട്ടും പോലീസ് മര്‍ദനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഒരു കുറവും വരുന്നില്ല.
അബ്ദുസ്സമദ് സമദാനി എം പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയില്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം 2020-21 വര്‍ഷത്തില്‍ 35 കസ്റ്റഡി മരണങ്ങളാണ് കേരളത്തിലുണ്ടായത്. 2021-22 വര്‍ഷത്തില്‍ അത് 48 ആണെന്നും അദ്ദേഹം സഭയെ അറിയിക്കുകയുണ്ടായി. താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞു കൊണ്ട് സംസാരിച്ചപ്പോള്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ഉദ്ധരിച്ച്, കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ കുറവാണെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. എന്നാല്‍ വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരികതയുടെയും പെരുമ പറയുന്ന നാട്ടില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കസ്റ്റഡി മരണങ്ങള്‍ കുറയുകയല്ല കൂടുകയാണ് ചെയ്തത് എന്ന കാര്യം എത്ര അപമാനകരമാണ്. ഈ സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസം പ്രായമാകുമ്പോഴേക്കും ആറ് ലോക്കപ്പ് മരണങ്ങളാണ് കേരളത്തിലുണ്ടായത്. തല ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാറിന് അഭിമുഖീകരിക്കാന്‍ കഴിയുന്ന കണക്കുകളല്ല ഈ വിഷയത്തിലുള്ളത് എന്ന് ഔദ്യോഗികമായ പ്രതികരണങ്ങിളില്‍ നിന്ന് തന്നെ ആര്‍ക്കും മനസ്സിലാക്കാനാകും.
2020 മെയ് മാസത്തില്‍ ജോര്‍ജ് ഫ്‌ലോയ്ഡ് എന്ന കറുത്ത വര്‍ഗക്കാരനെ അമേരിക്കന്‍ പോലീസ് ശ്വാസം മുട്ടിച്ചു കൊന്ന സംഭവം വലിയ ചര്‍ച്ചയായിരുന്നു. അതിനെ തുടര്‍ന്ന് അന്വേഷണാത്മകമായ പത്രപ്രവര്‍ത്തനത്തിന് പ്രസിദ്ധമായ വൈസ് മീഡിയ എന്ന അമേരിക്കന്‍ മാധ്യമം കസ്റ്റഡി മരണങ്ങളെ കുറിച്ച് തയ്യാറാക്കി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കേരളത്തിലെ കസ്റ്റഡി മരണങ്ങളും ഉള്‍പ്പെട്ടിരുന്നു. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന വാര്‍ത്ത അതില്‍ പ്രധാനമായി ഉന്നയിച്ചിരുന്നു.
നിയമപരമായ എല്ലാ പരിരക്ഷയും പോലീസ് കസ്റ്റഡിയിലെടുക്കപ്പെടുന്നവര്‍ക്കുണ്ടെങ്കിലും അതൊന്നും പോലീസുകാര്‍ വകവെച്ചു നല്‍കാറില്ല. മാന്യമായി പെരുമാറുന്ന പോലീസുകാര്‍ ഇന്നും നമുക്ക് ഒരു കൗതുക വാര്‍ത്തയാണ്. എന്താണ് അതിന്റെ കാരണമെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ഗൗരവതരമായി ആലോചിക്കണം. എത്ര ഗുരുതരമായ തെറ്റ് ചെയ്താലും താന്‍ പോലീസിലുണ്ടാകും എന്ന ധൈര്യം ഇവര്‍ക്ക് നല്‍കുന്നത് ആരാണ്? സസ്‌പെന്‍ഷന്‍ എന്ന ‘ശമ്പളത്തോട് കൂടിയുള്ള അവധി’യോ സ്ഥലം മാറ്റമോ അല്ലാതെയുള്ള ശിക്ഷകള്‍ എത്ര പോലീസുകാര്‍ക്ക് ലഭിച്ചിട്ടുണ്ട്. കുറ്റവാളികളായ 27 പേരെ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലം മുതല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിട്ടുണ്ടെന്ന് ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പറയുകയുണ്ടായി. രണ്ട് വര്‍ഷത്തിനിടയില്‍ 83 കസ്റ്റഡി മരണങ്ങള്‍ റിപോര്‍ട്ട് ചെയ്ത കേരളത്തില്‍ ഏഴ് വര്‍ഷത്തിനിടയില്‍ 27 പേരെ മാത്രമാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്.
തങ്ങളുടേത് അധികാരമല്ല ഉത്തരവാദിത്വമാണ് എന്ന തിരിച്ചറിവ് പോലീസിനുണ്ടാകണം. അറസ്റ്റും മറ്റ് നടപടിക്രമങ്ങളും സുതാര്യമാക്കണം. കുറ്റവാളികളാണെങ്കില്‍ പോലും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാവുന്ന വിധം അന്വേഷണം നടത്തുകയും തെറ്റുകള്‍ കോടതിയെ ബോധ്യപ്പെടുത്തുകയുമാണ് പോലീസ് ചെയ്യേണ്ടത്. അല്ലാതെ സ്വയം ശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ഈ നാട് അസ്ഥിരപ്പെടാനേ അത് വഴിവെക്കു. ലോകത്തെ മികച്ച പോലീസ് സേനകളുടെ മാതൃകകള്‍ കേരളവും പഠിച്ചു പകര്‍ത്തണം. ഒരു മധ്യസ്ഥന്റെ സാന്നിധ്യത്തിലല്ലാതെ പോലീസ് സ്റ്റേഷനില്‍ പോകാന്‍ ധൈര്യമുള്ള എത്ര പേരുണ്ടാകും നമ്മുടെ നാട്ടില്‍. കുറ്റവാളിയായിട്ടല്ല, പരാതിക്കാരനായി പോലും പോലീസിനെ സമീപിക്കാന്‍ ഇപ്പോഴും പേടിയാണ് പൊതുജനത്തിന്. കേസിന്റെ നടപടിക്രമങ്ങളല്ല, പോലീസിന്റെ ഇടപെടല്‍ തന്നെയാണ് അതിന് കാരണം.