Connect with us

Eranakulam

കൊച്ചിയിൽ 12 മണിക്കൂറിനിടെ ഒരു കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി

രണ്ട് കാല്‍പാദത്തിനടിയിലുമായി ഒട്ടിച്ച് വച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Published

|

Last Updated

നെടുമ്പാശേരി | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 12 മണിക്കൂറിനിടെ കസ്റ്റംസ് ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. വ്യത്യസ്ത കേസുകളില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി 2.26 കിലോ ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മരക്കാറില്‍ നിന്നും 326 ഗ്രാം സ്വര്‍ണം പിടികൂടി. ഇയാള്‍ രണ്ട് കാല്‍പാദത്തിനടിയിലുമായി ഒട്ടിച്ച് വച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഗ്രീന്‍ ചാനല്‍ വഴി കടക്കാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് രണ്ട് കാല്‍പ്പാദത്തിന് അടിയില്‍ നിന്നുമായി 15 ലക്ഷത്തോളം രൂപയുടെ സ്വര്‍ണം കണ്ടെത്തിയത്.

ദോഹ- കൊച്ചി വിമാനത്തിലെത്തിയ മജീദില്‍ നിന്ന് 52 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തിയ 1113.600 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. നാല് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കിയാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചത്. അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദില്‍ നിന്നും 28 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.

ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിച്ച ഇയാളുടെ നടത്തത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 823.100 ഗ്രാം സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം കാല്‍പ്പാദത്തിനടിയില്‍ ഒട്ടിച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം മൂന്ന് യാത്രക്കാരില്‍ നിന്നായി ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു.

Latest