Kerala
ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്
സെക്രട്ടേറിയറ്റ് പടിക്കല്‍ ഡിസംബര്‍ 8 മുതല്‍ അനിശ്ചിതകാല നില്‍പ് സമരം പുനരാരംഭിക്കും
തിരുവനന്തപുരം | ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ സെക്രട്ടേറിയറ്റ് പടിക്കല്‍ ഡിസംബര്‍ 8 മുതല്‍ അനിശ്ചിതകാല നില്‍പ് സമരം പുനരാരംഭിക്കും.
ചികിത്സ മുടക്കാതെ ട്രെയിനിങ്ങുകള്‍, മീറ്റിംഗുകള്‍, വിഐപി ഡ്യൂട്ടി തുടങ്ങിയ സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.കൊവിഡ് ബ്രിഗേഡിന്റെ സേവനം പൂര്‍ണ്ണമായും നിര്‍ത്തലാക്കി അവരെ പിരിച്ചു വിട്ടതിലൂടെ അമിതഭാരമെടുക്കേണ്ടി വരുന്നെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. റിസ്‌ക് അലവന്‍സ് നല്‍കിയില്ല. ശമ്പള പരിഷ്‌കരണം വന്നപ്പോള്‍ ലഭ്യമായിക്കൊണ്ടിരുന്ന പല അലവന്‍സുകളും, ആനുകൂല്യങ്ങളും നിഷേധിച്ചു എന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ കെ ജി എം ഒ എ യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ആരംഭിച്ച നില്‍പ്പ് സമരം സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഒരു മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.