Articles
ഓര്‍മകള്‍ ഇല്ലാതാക്കാനുള്ള വെട്ടിമാറ്റലുകള്‍
ഗുജറാത്ത് വംശഹത്യയും ഒരു രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ തന്നെ തകര്‍ത്തു കളഞ്ഞ ബാബരി ധ്വംസനവും ലോകം മുഴുക്കെ ആരാധിക്കുന്ന ഗാന്ധിയുടെ കൊലപാതകവുമൊന്നും വരും തലമുറ ചര്‍ച്ച ചെയ്യരുതെന്നും അതിന്റെ പേരില്‍ തങ്ങളെ കുറ്റവാളികളെന്ന് വിളിക്കരുതെന്നും അവരാഗ്രഹിക്കുന്നു, അതിനു വേണ്ടി അത്തരം പാഠങ്ങളെ മുഴുവന്‍ പുസ്തകത്തില്‍ നിന്ന് വെട്ടിമാറ്റുന്നു.

സംഭവിച്ച കാര്യങ്ങളെ യഥാവിധി പഠിപ്പിക്കുക എന്നതാണ് ചരിത്രാധ്യാപനത്തിന്റെ പ്രാഥമിക ബാധ്യത. അവയുടെ വ്യാഖ്യാനങ്ങളും മറ്റും പഠിതാക്കള്‍ക്ക് വിട്ടുകൊടുക്കേണ്ടതാണ്. അപ്പോഴേ അത് അക്കാദമിക് നിലവാരം പുലര്‍ത്തുന്ന ചരിത്ര പഠനമാകുന്നുള്ളൂ. സംഭവങ്ങള്‍ക്ക് പകരം വ്യാഖ്യാനങ്ങള്‍ പഠിപ്പിക്കുന്നതും സംഭവങ്ങളെ തന്നെ അരിപ്പവെച്ച് തിരഞ്ഞെടുത്തത് മാത്രം പഠിപ്പിക്കുന്നതും ഒരിക്കലും ചരിത്രാധ്യാപനമല്ല. അതൊരു പ്രൊപഗന്‍ഡ മെക്കാനിസം മാത്രമാണ്. എന്നാല്‍ സമഗ്രാധിപത്യം ലക്ഷ്യം വെക്കുന്ന ഭരണകൂടങ്ങള്‍ ഏത് കാലത്തും ഏത് രാജ്യത്തും തങ്ങള്‍ക്കനുകൂലമായ വ്യാജങ്ങളെ പ്രചരിപ്പിക്കാനാണ് താത്പര്യപ്പെട്ടത്. അത് വാര്‍ത്തയിലായാലും ചരിത്രത്തിലായാലും. ജര്‍മന്‍ ഏകീകരണ ചരിത്രത്തെ വാഴ്ത്തിപ്പാടിയ നാസികള്‍ അതിന് ചുക്കാന്‍ പിടിച്ച ബിസ്മാര്‍ക്കിനെ ജര്‍മനിയുടെ വീരപുത്രനായി വിശേഷിപ്പിച്ചു. എന്നാല്‍ യഥാര്‍ഥത്തില്‍ ബിസ്മാര്‍ക്കിന്റെ നേതൃത്വത്തിലുള്ള പ്രഷ്യന്‍ പട മറ്റു ജര്‍മന്‍ പ്രവിശ്യകള്‍ക്കു മേല്‍ അധിനിവേശം നടത്തുകയായിരുന്നു എന്ന സത്യത്തെ മറച്ചുവെച്ചു. കാരണം അവര്‍ക്ക് ബിസ്മാര്‍ക്കിന്റെ പിന്‍മുറക്കാരനായി ഹിറ്റ്‌ലറെ അവരോധിക്കേണ്ടതുണ്ടായിരുന്നു. റോമാ സാമ്രാജ്യത്തിന്റെ പ്രതാപത്തെക്കുറിച്ച് ആവര്‍ത്തിച്ചു പറഞ്ഞ് ആവേശം കൊണ്ടിരുന്ന ഇറ്റാലിയന്‍ ഫാസിസ്റ്റുകള്‍ പക്ഷേ, അതേ റോമാ സാമ്രാജ്യം പൗരസ്ത്യ ദേശത്തെ ജനങ്ങള്‍ക്കു മേല്‍ നടത്തിയ സാമൂഹികവും സാംസ്‌കാരികവുമായ അധിനിവേശത്തെക്കുറിച്ച് നിശബ്ദത പാലിച്ചു.
ചുരുക്കത്തില്‍ ചരിത്രത്തില്‍ നിന്ന് തങ്ങള്‍ക്കാവശ്യമുള്ളത് മാത്രം തിരഞ്ഞെടുത്ത് മറ്റുള്ളവയെ തമസ്‌കരിക്കുക, ഫില്‍റ്റര്‍ ചെയ്ത ചരിത്രം പാഠപുസ്തകങ്ങള്‍ വഴി പഠിപ്പിക്കുക, പഠിപ്പിക്കുന്ന ചരിത്ര സംഭവങ്ങളെ തങ്ങള്‍ക്കുതകും വിധം വ്യാഖ്യാനിക്കുക എന്നതെല്ലാം ഇതിന് മുമ്പും സംഭവിച്ചിട്ടുള്ളതാണ്. അതിനെ അതേപടി പിന്തുടരുന്നതാണ് മോദിക്കാലത്തെ ഇന്ത്യയിലും സംഭവിക്കുന്നത്. മഹാത്മാ ഗാന്ധി, നെഹ്റു, അംബേദ്കര്‍, അബുല്‍ കലാം ആസാദ്, മൗലാനാ മുഹമ്മദലി തുടങ്ങിയവരെയെല്ലാം പാഠപുസ്തകങ്ങളില്‍ നിന്ന് ഘട്ടം ഘട്ടമായി വെട്ടിക്കൊണ്ടിരിക്കുന്നു. മലബാര്‍ കലാപത്തിലെ സമര സേനാനികളെ സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ദേവദാസി സമ്പ്രദായവും അടിമക്കച്ചവടവും പഠിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിക്കുന്നു. എട്ട് നൂറ്റാണ്ടോളം നിലനിന്ന മുഗള്‍ ഭരണകാലത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് പൂര്‍ണമായും തുടച്ചു നീക്കുന്നു. ഒന്നാം സ്വാതന്ത്ര്യ സമരമെന്ന വിശേഷണം 1857ലെ ശിപായി ലഹളക്ക് പകരം ഒഡിഷയില്‍ നടന്ന സന്യാസി പ്രക്ഷോഭത്തിന് നല്‍കുന്നു. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയും. പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്ന് ഗുജറാത്ത് കലാപം, ബാബരി ധ്വംസനം, ആര്യവംശ കുടിയേറ്റം എന്നിവ ഒഴിവാക്കി പകരം രാമജന്മഭൂമി മൂവ്‌മെന്റിനെക്കുറിച്ച് പഠിപ്പിക്കുമെന്ന്.
ഇതൊന്നും ഒരു സുപ്രഭാതത്തിലുണ്ടായ ബോധോദയമല്ല. 2014 മുതലുള്ള ഓരോ അക്കാദമിക വര്‍ഷവും ഭരണകൂടം പാഠപുസ്തകങ്ങളില്‍ ഇത്തരത്തിലുള്ള വെട്ടിത്തിരുത്തലുകള്‍ നടത്തിയതായി കാണാനാകും. ഓരോ തവണയും ഒന്നോ രണ്ടോ ദിവസത്തെ വാര്‍ത്തകളിലും പ്രതിഷേധങ്ങളിലുമായി അത് ഒതുങ്ങും. പക്ഷേ പാഠപുസ്തകത്തിലെ മാറ്റം ശാശ്വതമായി തന്നെ നിലവില്‍ വരും. അടുത്ത വര്‍ഷം മാറ്റം വരുത്തേണ്ടതിന്റെ പണിപ്പുരയിലേക്ക് ഭരണകൂടം കടക്കുകയും ചെയ്യും. കാരണം അവര്‍ക്കിത് വെറുമൊരു വാര്‍ത്ത സൃഷ്ടിക്കലല്ല, ദീര്‍ഘകാല ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ്. ജനം ഓര്‍മിക്കരുത് എന്ന് തങ്ങളാഗ്രഹിക്കുന്ന എന്തൊക്കെയുണ്ടോ അതിനെക്കുറിച്ചുള്ള ഓര്‍മകളെ തടയുക എന്നതു തന്നെയാണ് ഒന്നാമത്തെ ലക്ഷ്യം. പാഠപുസ്തകത്തില്‍ നിന്ന് വെട്ടിക്കളഞ്ഞത് എന്തൊക്കെയാണ് എന്ന് പരിശോധിച്ചാല്‍ നമുക്കത് വ്യക്തമാകും. സംഘ്പരിവാരിന്റെ കണ്ണില്‍ അന്നും ഇന്നും രാഷ്ട്രപിതാവ് സവര്‍ക്കറാണ്. അതുകൊണ്ട് ഗാന്ധിജിയെ പാഠപുസ്തകത്തില്‍ നിന്ന് വെട്ടി. പാകിസ്താന്‍ രൂപവത്കരിക്കപ്പെട്ടിട്ടും, ഗാന്ധിജി കൊല്ലപ്പെട്ടിട്ടും ഇന്ത്യയെ ഹിന്ദു രാജ്യമാകാതെ കാത്തത് നെഹ്റുവാണ്, അതിനാല്‍ നെഹ്റുവിനെ വെട്ടി. ദളിതുകള്‍ക്ക് അവകാശങ്ങളുണ്ടെന്ന് പഠിപ്പിച്ച അംബേദ്കര്‍ സവര്‍ണ ഫാസിസത്തിന് വിലങ്ങു തടിയാണ്, അതുകൊണ്ട് അംബേദ്കറെയും വെട്ടി. ഇന്ത്യന്‍ ആര്‍ക്കിടെക്ചറും സംഗീതവും സാഹിത്യവുമെല്ലാം വളര്‍ന്നതും പടര്‍ന്നതും മുഗള്‍ ഭരണകാലത്താണ് എന്ന സത്യം മുസ്‌ലിം അപരവത്കരണത്തിന് തിരിച്ചടിയേകുന്നതാണ്. അതിനാല്‍ മുഗള്‍ ഭരണകാലത്തെ തന്നെ വെട്ടി. അമീര്‍ അലിയും ബാബാ രാംചരൺദാസും ഒരുമിച്ച് തൂക്കിലേറ്റപ്പെട്ട 1857ലെ സ്വാതന്ത്ര്യ സമരം ഹിന്ദു- മുസ്‌ലിം വിഭജന ശ്രമങ്ങളെ പിന്തുണക്കുന്നതല്ല. അതുകൊണ്ട് ആ സമരത്തെ ഒന്നാം സ്വാതന്ത്ര്യ സമരമെന്ന പദവിയില്‍ നിന്ന് വെട്ടി. അങ്ങനെ ജനം ഓര്‍ക്കരുതെന്ന് തങ്ങളാഗ്രഹിച്ചതിനെയെല്ലാം വെട്ടി മാറ്റി, അവയെ മറവിയിലേക്ക് വിട്ടു. പരിഷ്‌കരണത്തിന്റെ ഒന്നാമത്തെ ലക്ഷ്യം ഈ മറവി തന്നെയായിരുന്നു. കാരണം ആ ഓര്‍മകള്‍ തങ്ങളുടെ രാഷ്ട്രീയത്തിന് എതിര്‍ കവചമൊരുക്കുന്നവയാണ്.
രാഷ്ട്രീയ മറവിയോടൊപ്പമോ അതിനേക്കാള്‍ കൂടുതലോ പ്രാധാന്യമുള്ളതാണ് സാംസ്‌കാരികമായ മറവിയും. മുസ്‌ലിംകളെ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി പ്രഖ്യാപിച്ച ഒരു പ്രത്യയശാസ്ത്രത്തിന് ആ പ്രഖ്യാപനത്തെ സാധൂകരിക്കണമെങ്കില്‍ ആ സമൂഹം രാജ്യത്തിനു ചെയ്ത സംഭാവനകളെ മുഴുവന്‍ മായ്ച്ചുകളയേണ്ടതുണ്ട്. അതിനു വേണ്ടി കൂടിയാണ് മുഗള്‍ ഭരണത്തെ പാഠപുസ്തകത്തില്‍ നിന്നൊഴിവാക്കിയത്, വാരിയന്‍കുന്നനെയും കൂട്ടരെയും സ്വാതന്ത്ര്യ സമര നായകരുടെ പട്ടികയില്‍ നിന്ന് പുറത്താക്കിയത്. അലഹബാദും അലിഗഢുമടങ്ങുന്ന സ്ഥലപ്പേരുകള്‍ തിരുത്തുന്നത്. ഡല്‍ഹിയിലെ റോഡുകളില്‍ നിന്ന് പോലും ഔറംഗസീബിനെയും അക്ബറിനെയും പുറത്താക്കുന്നത്.
ഈ വെട്ടിമാറ്റലിന്റെ മറ്റൊരു ലക്ഷ്യം വര്‍ണാശ്രമ വ്യവസ്ഥയെ മറച്ചുപിടിക്കുക തന്നെയാണ്. മൂന്ന് വര്‍ഷം മുമ്പ് കേരളത്തിലെ എസ് സി ഇ ആര്‍ ടി പാഠപുസ്തകങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഒരു റിപോര്‍ട്ട് സംസ്ഥാനത്തിന് നല്‍കിയിരുന്നു. ആ റിപോര്‍ട്ട് പ്രകാരം കേരളത്തിലെ പാഠപുസ്തകങ്ങളിലുള്ള പ്രധാന “പോരായ്മകള്‍’ വര്‍ണാശ്രമ വ്യവസ്ഥ, ഇന്ത്യയില്‍ നിലനിന്ന അടിമക്കച്ചവടം, ദേവദാസി സമ്പ്രദായം, സാമൂഹിക നവോത്ഥാനം എന്നിവയെക്കുറിച്ചൊക്കെ പഠിപ്പിക്കുന്നു എന്നതായിരുന്നു. വേദകാലത്തെക്കുറിച്ചും രജപുത്ര സ്ത്രീകളുടെ സംഭാവനകളെക്കുറിച്ചും വേണ്ടത്ര പഠിപ്പിക്കുന്നില്ല എന്നതും “പോരായ്മ’യായിരുന്നു. സംഘ്പരിവാരം ആഗ്രഹിക്കുന്ന വിദ്യാഭ്യാസവും അതിന്റെ ഉള്ളടക്കവും എന്താണ് എന്നതിനെക്കുറിച്ചുള്ള കൃത്യമായ ദിശാസൂചികയാണ് ആ റിപോര്‍ട്ട്. ആര്‍ഷ ഭാരതത്തിന്റെ മേനി പറയുമ്പോള്‍ അതിനു കളങ്കം ചാര്‍ത്തുന്നതൊന്നും ഉണ്ടാകരുത്. ഉണ്ടെങ്കില്‍ തന്നെയും അത് പറയരുത്, പഠിപ്പിക്കരുത്. പകരം വേദങ്ങളെക്കുറിച്ച് പഠിപ്പിക്കുക, വേദങ്ങളാണ് ഇന്ത്യയുടെ യഥാര്‍ഥ ഭരണഘടന എന്ന് പഠിപ്പിക്കുക. വേദകാലത്തെ വിമാനത്തെക്കുറിച്ചും പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ചും പഠിപ്പിക്കുക. “പ്രജാ താത്പര്യത്താല്‍ ഉറക്കം നഷ്ടപ്പെട്ട’ രജപുത്ര രാജ്ഞിമാരെക്കുറിച്ച് പഠിപ്പിക്കുക. ക്ഷത്രിയന്‍ ജന്മനാ പ്രജാതത്പരനാണെന്നും അതുകൊണ്ട് അവനാണ് രാജ്യം ഭരിക്കേണ്ടതെന്നും പഠിപ്പിക്കുക, ദളിതരും മുസ്‌ലിംകളും ഈ നാടിനായി ഒന്നും ചെയ്തില്ലെന്ന് പഠിപ്പിക്കുക. അതിനായി അംബേദ്കറെയും ആസാദിനെയും വെട്ടിക്കളയുക. ചാതുര്‍ വര്‍ണ്യം മഹത്തരമായിരുന്നുവെന്നും കീഴാളര്‍ക്കവിടെ പ്രയാസങ്ങളൊന്നുമില്ലായിരുന്നു എന്നും പഠിപ്പിക്കുക, അതിനെതിരെ പോരാടിയ നവോത്ഥാന സമരത്തെ തമസ്‌കരിക്കുക. ഭാരതീയ സംസ്‌കാരം 5,000 വര്‍ഷം പഴക്കമുള്ളതാണെന്നും പുറമെ നിന്ന് വന്നതല്ലെന്നുമുള്ള വ്യാജം പഠിപ്പിക്കുക, അതിനു വേണ്ടി ആര്യവംശ കുടിയേറ്റത്തെ നിഷേധിക്കുക. ഇത്രയൊക്കെ ആയാല്‍ നിങ്ങളുടെ വിദ്യാഭ്യാസത്തിന് “ഭാരതീയം’ എന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ഗുജറാത്ത് വംശഹത്യയും ബാബരി ധ്വംസനവും വെട്ടിക്കളയുന്നത് ഇതൊന്നുമല്ലാത്ത മറ്റൊരു ലക്ഷ്യത്തിനു വേണ്ടിയാണ്. തങ്ങളുടെ കൊള്ളരുതായ്മകള്‍ വരും തലമുറക്ക് മുന്നിലെത്താതെ നോക്കുക എന്നതാണ് ആ ലക്ഷ്യം. അതിനും ജര്‍മനിയില്‍ നിന്ന് മാതൃകയുണ്ട്. ഓഷ്‌വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിന്റെ എക്‌സ്റ്റന്‍ഷനായിരുന്ന, മുപ്പത് ലക്ഷം മനുഷ്യരെ കൊന്നുകളഞ്ഞ ബര്‍ക്കനൗ ക്യാമ്പ് (ഇന്ന് ഓഷ്‌വിറ്റ്‌സ് എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന ദൃശ്യങ്ങളിലധികവും ഈ ക്യാമ്പിന്റേതാണ്) റഷ്യന്‍ ചെമ്പട പിടിച്ചടക്കും എന്ന ഘട്ടം വന്നപ്പോള്‍ അവിടുത്തെ തടവുകാരില്‍ നിന്ന് ആരോഗ്യമുള്ളവരെ മുഴുവന്‍ അവിടെ നിന്ന് മാറ്റി. പറ്റാവുന്നത്രയും തടങ്കല്‍ പാളയങ്ങളും ബങ്കറുകളും ഗ്യാസ് ചേംബറുകളും നശിപ്പിച്ചു. അതിന് ശേഷം മാത്രമാണ് ക്യാമ്പിന്റെ അധിപനായ റുഡോള്‍ഫ് ഹോസും നാസി പടയും അവിടം വിട്ടത്. അവിടെ നടന്ന ക്രൂരതയെക്കുറിച്ച് ചെമ്പടയും അവര്‍ വഴി ലോകവും അറിയാതിരിക്കാന്‍ വേണ്ടിയാണ് അത് ചെയ്തതെന്ന് പിന്നീട് വിചാരണാ വേളയില്‍ റുഡോള്‍ഫ് ഹോസ് പറഞ്ഞിട്ടുണ്ട്. അന്ന് റുഡോള്‍ഫ് ഹോസിനെയും സംഘത്തെയും നയിച്ച അതേ വികാരം ഇന്ന് ഇന്ത്യയിലെ ഭരണകര്‍ത്താക്കളെയും നയിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. അതുകൊണ്ട് ഗുജറാത്ത് വംശഹത്യയും ഒരു രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ തന്നെ തകര്‍ത്തു കളഞ്ഞ ബാബരി ധ്വംസനവും ലോകം മുഴുക്കെ ആരാധിക്കുന്ന ഗാന്ധിയുടെ കൊലപാതകവുമൊന്നും വരും തലമുറ ചര്‍ച്ച ചെയ്യരുതെന്നും അതിന്റെ പേരില്‍ തങ്ങളെ കുറ്റവാളികളെന്ന് വിളിക്കരുതെന്നും അവരാഗ്രഹിക്കുന്നു, അതിനു വേണ്ടി അത്തരം പാഠങ്ങളെ മുഴുവന്‍ പുസ്തകത്തില്‍ നിന്ന് വെട്ടിമാറ്റുന്നു.
പാഠപുസ്തകത്തില്‍ നിന്ന് വെട്ടിക്കളഞ്ഞതു കൊണ്ട് മാത്രം ഇവയൊക്കെ തമസ്‌കരിക്കാനാകുമോ എന്ന് ചിലര്‍ സംശയിക്കുന്നുണ്ടാകാം. പക്ഷേ ചരിത്രത്തില്‍ ഉന്നത വിദ്യാഭ്യാസം നേടാത്തവരും ചരിത്രത്തെ അക്കാദമികമായി സമീപിക്കാത്തവരുമായ, ബഹുഭൂരിപക്ഷം വരുന്ന സാമാന്യ ജനത്തെ സംബന്ധിച്ച് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ലഭിച്ച അറിവ് തന്നെയാണ് അവരുടെ ചരിത്ര ബോധത്തിന്റെ അടിത്തറ. അതുകൊണ്ടാണ് യൂനിവേഴ്‌സിറ്റി പാഠപുസ്തകങ്ങളെക്കാള്‍ കൂടുതല്‍ അവര്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളെ ലക്ഷ്യം വെക്കുന്നതും. അവിടെ തിരുത്ത് സാധ്യമായാല്‍ അത് സമൂഹത്തിന്റെ പൊതുബോധത്തെ തന്നെയാണ് തിരുത്തുന്നത്. ഇനി പില്‍ക്കാലത്ത് ഏതെങ്കിലും ചരിത്ര പണ്ഡിതന്‍ യഥാര്‍ഥ വസ്തുതകള്‍ അവതരിപ്പിച്ചാലും കെ കെ മുഹമ്മദിനെപ്പോലുള്ളവരെ കൊണ്ടുവന്ന് അതിനെ മറികടക്കാനാകും.
പിന്‍കുറി: വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന വെട്ടിമാറ്റലുകള്‍ മാത്രമല്ല വിദ്യാഭ്യാസ “പരിഷ്‌കരണം’. വാക്കുകളില്‍ പോലും അതുണ്ട്. എന്‍ സി ഇ ആര്‍ ടിയുടെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തില്‍ ആദിവാസി എന്നതിനു പകരം വനവാസി എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ആ വാക്ക് ഗോള്‍വാള്‍ക്കറുടെ സംഭാവനയാണ്.