Connect with us

arjun

അര്‍ജുന്റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണം; കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും

കോഴിക്കോട് കമ്മീഷണര്‍ക്കാണ് അര്‍ജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയത്.

Published

|

Last Updated

കോഴിക്കോട് | രൂക്ഷമായ സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ പോലീസ് എടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. സൈബര്‍ ആക്രമണ പരാതിയില്‍ മനാഫിനെ സാക്ഷിയാക്കാനാണ് പോലീസ് അലോചിക്കുന്നത്. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബര്‍മാര്‍ക്കെതിരെ കേസെടുക്കാനും പോലീസ് തീരുമാനിച്ചു.

കോഴിക്കോട് കമ്മീഷണര്‍ക്കാണ് അര്‍ജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയത്. സഹിക്കാനാകാത്ത വിധത്തിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നാണ് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നത്. ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്റെ കുടുംബം ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ശക്തമായ സൈബര്‍ ആക്രമണത്തിന് കുടുംബം ഇരയായത്.

മനാഫിനെതിരെ കേസ് എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ് ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു. എഫ് ഐ ആറില്‍ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പോലീസ് പറയുന്നത്.

ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പോലീസ് കേസെടുത്തിരുന്നത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരുന്നത്. സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്റെ മൊഴി എടുക്കുമെന്നും പോലീസ് അറിയിച്ചു.
അര്‍ജുന്റെ ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി സഹോദരി ഭര്‍ത്താവ് ജിതിന്‍ മനാഫിനെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു.

സൈബര്‍ ആക്രമണം രൂക്ഷമായതോടെ മനാഫ് വാര്‍ത്താസമ്മേളനം നടത്തി അര്‍ജുന്റെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞു. അര്‍ജുന്റെ കുടുംബത്തിനെതിരായി നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.

 

 

---- facebook comment plugin here -----

Latest