Connect with us

cyber attack

പാക്കിസ്ഥാനെതിരെ ഇന്ത്യ തോറ്റതിന് പിന്നാലെ ഷമിക്കെതിരെ സൈബര്‍ ആക്രമണം തുടരുന്നു; താരത്തിന് പിന്തുണയുമായി കൂടുതല്‍ പേര്‍

പാക്കിസ്ഥാനെതിരെ കളിച്ച ഇലവനിലെ ഏക മുസ്ലിം താരമായ ഷമിക്കെതിരെ പാക്കിസ്ഥാനിലേക്ക് പോകാന്‍ അടക്കം ആഹ്വാനം ചെയ്തുകൊണ്ടുള്ള വലിയ രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്

Published

|

Last Updated

ന്യൂഡല്‍ഹി | ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ പത്ത് വിക്കറ്റിന് ഇന്ത്യ തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമിക്കെതിരെ സൈബര്‍ ആക്രമണം തുടരുന്നു. പാക്കിസ്ഥാനെതിരെ കളിച്ച ഇലവനിലെ ഏക മുസ്ലിം താരമായ ഷമിക്കെതിരെ പാക്കിസ്ഥാനിലേക്ക് പോകാന്‍ അടക്കം ആഹ്വാനം ചെയ്തുകൊണ്ടുള്ള വലിയ രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്. പാക്കിസ്ഥാനെതിരെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പരാജയമാണിത്. ഇതിന് പിന്നാലെ രാജ്യത്തിന്റെ പലഭാഗത്തും മുസ്ലിംകള്‍ക്കെതിരെ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

രാജ്യങ്ങളുടെ രൂപീകരണ ശേഷം മൂന്ന് യുദ്ധങ്ങള്‍ പരസ്പരം പോരാടിയിട്ടുള്ള ഇരു രാജ്യങ്ങള്‍ക്കും തമ്മിലെ ക്രിക്കറ്റ് വൈരവും ലോക പ്രശസ്തമാണ്. തങ്ങളുടെ ടീമംഗങ്ങള്‍ നന്നയി കളിച്ചെങ്കിലും തോല്‍വി ഒഴിവാക്കാന്‍ സാധിച്ചില്ലെന്നായിരുന്നു ക്യാപ്റ്റന്‍ കോലിയുടെ പ്രതികരണം. എന്നാല്‍ ഇതൊന്നും വകവെക്കാതെയാണ് ടീമിലെ ഏക മുസ്ലിം താരമായ ഷമിക്കെതിരെ വംശീയ ആക്രമണം നടക്കുന്നത്. ഷമി രാജ്യ ദ്രോഹിയാണെന്നും ടീമില്‍ നിന്ന് ഉടനെ പുറത്താക്കണം എന്ന തരത്തിലടക്കം നിരവധി പ്രതികരണങ്ങളാണ് ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. തീവ്ര വലത് പക്ഷ സ്വാഭാവം പുലര്‍ത്തുന്ന സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകളാണ് ഇത്തരത്ത് വിദ്വേഷ പ്രസ്താവനകളുമായി രംഗത്തുള്ളത്.

ഷമിക്ക് പിന്തുണ
സൈബര്‍ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഷമിക്ക് പിന്തുണയുമായി പ്രമുഖരെത്തി. രാഹുല്‍ ഗാന്ധി എം പി, ഒമര്‍ അബ്ദുല്ല, മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വീരേന്ദര്‍ സേവാഗ്, വി വി എസ് ലക്ഷമണ്‍, ഇര്‍ഫാന്‍ പത്താന്‍, ഹര്‍ബജന്‍ സിംഗ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ഷമിക്ക് പിന്തുണയുമായി രംഗത്തെത്തി.

ഷമി നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്. ആരും ഇഷ്ടപ്പെടാത്ത ചിലരാണ് നിങ്ങള്‍ക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്നത്. അവരോട് ക്ഷമിക്കൂ എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഷമിക്കെതിരായ ആക്രമണം ഞെട്ടിക്കുന്നതാണെന്നും തങ്ങള്‍ അദ്ദേഹത്തിനൊപ്പമാണെന്നും ഇന്ത്യന്‍ തൊപ്പി ധരിക്കുന്ന ആരും ഏതൊരു ഓണ്‍ലൈന്‍ ആള്‍ക്കൂട്ടത്തേക്കാള്‍ മുകളിലാണെന്നും വിരേന്ദര്‍ സെവാഗ് പറഞ്ഞു. അടുത്ത മാച്ചില്‍ കാണിച്ച് കൊടുക്കാമെന്നും വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു.

ടീം ഇന്ത്യയെ നാം സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതിലുള്ള എല്ലാവരേയും സപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് സച്ചിന്‍ പറഞ്ഞു. ഷമി ലോകോത്തര ബോളര്‍ ആണ്. താന്‍ ടീം ഇന്ത്യക്കും ഷമിക്കും ഒപ്പമാണെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ വിചിത്രമായ ട്വീറ്റുമായാണ് ടീമിന്റെ പരാജയത്തിനും ഷമിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ മുന്‍ ഇന്ത്യ ഓപ്പണറും ബി ജെ പി എം പി കൂടിയായ ഗൗതം ഗംഭീര്‍ രംഗത്തെത്തിയത്. പാക്കിസ്ഥാന്റെ വിജയത്തില്‍ പടക്കം പൊട്ടിക്കുന്നവരൊന്നും ഇന്ത്യക്കാരവാന്‍ യോഗ്യതയില്ലാത്തവരാണെന്നാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്.

Latest