Kerala
സൈബര്‍ തട്ടിപ്പിൽ മലപ്പുറം സ്വദേശിക്ക് 20 ലക്ഷം രൂപ നഷ്ടമായി
തട്ടിപ്പ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍

കോഴിക്കോട് | റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്. മലപ്പുറം സ്വദേശിക്ക് 20 ലക്ഷം രൂപ നഷ്ടമായി. സംഭവത്തിൽ സൈബര്‍ പോലീസില്‍ പരാതി നല്‍കി.
‘റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ താങ്കള്‍ക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകള്‍.’ എന്ന സന്ദേശത്തോടെ സമ്മാനത്തിന്റെ വൗച്ചര്‍ ഫോണില്‍ അയച്ചു നല്‍കലാണ് തട്ടിപ്പിൻ്റെ ആദ്യപടി. സമ്മാനം ലഭിക്കാനായി തന്നിരിക്കുന്ന വാട്‌സാപ്പ് ലിങ്ക് ഉപയോഗിക്കാനും ആവശ്യപ്പെടും. വാട്സാപ്പ് ഗ്രൂപിൽ ചേർന്ന് കഴിയുമ്പോൾ ജി എസ് ടി അടക്കണമെന്ന അറിയിപ്പ് ലഭിക്കും.
ഇതിനായി വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ തട്ടിപ്പ് സംഘം ആവശ്യപ്പെടലാണ് പിന്നീട്. തുടർന്ന് പല കാരണങ്ങൾ പറഞ്ഞ് കൂടുതൽ പണം കൈവശപ്പെടുത്തുകയാണ് രീതി. അധികൃതർ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും തട്ടിപ്പുകാരുടെ കെണിയിൽ വീഴുകയാണ് ജനം.