Connect with us

From the print

സൈബര്‍ തട്ടിപ്പ്: നഷ്ടപ്പെട്ട 17 ലക്ഷംതിരിച്ചുപിടിച്ച് കേരള പോലീസ്

തുക നഷ്ടപ്പെട്ട ഉടനെ പരാതിക്കാരന്‍ 1930 എന്ന നമ്പറില്‍ വിളിച്ചതാണ് തുക തിരിച്ചുകിട്ടാന്‍ സഹായകമായത്.

Published

|

Last Updated

തൃശൂര്‍ | സൈബര്‍ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട 17 ലക്ഷത്തിലധികം തുക തിരിച്ചുപിടിച്ച് തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ്. തുക നഷ്ടപ്പെട്ട ഉടനെ പരാതിക്കാരന്‍ 1930 എന്ന നമ്പറില്‍ വിളിച്ചതാണ് തുക തിരിച്ചുകിട്ടാന്‍ സഹായകമായത്.

പീച്ചി സ്വദേശിയായ യുവാവില്‍ നിന്നാണ് പണം തട്ടിയത്. ഫെഡെക്സ് കൊറിയര്‍ സര്‍വീസ് മുംബൈ ബ്രാഞ്ചിന്റെ അധികാരികളാണെന്ന് പറഞ്ഞാണ് യുവാവിന്റെ ഫോണിലേക്ക് തട്ടിപ്പുസംഘം വിളിച്ചത്. യുവാവിന്റെ പേരില്‍ മുബൈയില്‍ നിന്ന് റഷ്യയിലേക്ക് കൊറിയര്‍ അയക്കാന്‍ കിട്ടിയിട്ടുണ്ടെന്നും അന്യായമായ ചില വസ്തുക്കള്‍ കണ്ടെത്തിയതിനാല്‍ മുംബൈയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. മുംബൈ സൈബര്‍ സ്റ്റേഷനിലെ പോലീസ് ആണെന്ന് പറഞ്ഞ് മറ്റൊരാള്‍ സംസാരിക്കുകയും ചെയ്തു. യുവാവ് അറസ്റ്റിലാണെന്നും പണം നല്‍കിയാല്‍ കേസില്‍ നിന്നൊഴിവാക്കാമെന്നും തട്ടിപ്പുകാര്‍ പറഞ്ഞു. പണം അയച്ചതിനുശേഷം തട്ടിപ്പാണെന്ന് മനസ്സിലാക്കിയ യുവാവ് ഉടന്‍ 1930ൽ വിളിച്ചറിയിക്കുകയായിരുന്നു. ഇതുപ്രകാരം തൃശൂര്‍ സിറ്റി സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. 1930 നമ്പറിൽ വിളിച്ച ഉടന്‍ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. അതിനാല്‍ തട്ടിപ്പുകാര്‍ക്ക് പണം കൈമാറ്റം ചെയ്യാന്‍ കഴിഞ്ഞില്ല. ശേഷം ഡല്‍ഹിയിലുള്ള ബേങ്കിലേക്ക് അന്വേഷണ സംഘമെത്തി പണം തിരികെവാങ്ങി കോടതി മുഖേന നഷ്ടപ്പെട്ട പണം യുവാവിന് നല്‍കുകയായിരുന്നു.
അന്വേഷണ സംഘത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ വി എസ് സുധീഷ്‌കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ഫൈസല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനോദ് എസ് ശങ്കര്‍, സിവില്‍ പോലീസ് ഓഫീസര്‍ അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്.