Connect with us

Articles

സൈബര്‍ കുറ്റകൃത്യങ്ങള്‍: ഇരകളാകരുത്; പ്രതികളും

ഒരു നിമിഷത്തെ അശ്രദ്ധ കാരണം ആളുകള്‍ സൈബര്‍ കുറ്റങ്ങളിലെ ഇരകളോ പ്രതികളോ ആകുന്ന സ്ഥിതിയാണുള്ളത്. പോലീസ് നിരന്തരം സൈബര്‍ ബോധവത്കരണ ശ്രമങ്ങള്‍ നടത്തുമ്പോഴും ഇരകളാകുന്നവരുടെ എണ്ണം ദിനേന വര്‍ധിക്കുകയാണ്. കേരള പോലീസിന്റെ കണക്കുകള്‍ പ്രകാരം വര്‍ഷംതോറും സൈബര്‍ കുറ്റകൃത്യങ്ങള്‍ 100 ശതമാനം കണ്ട് ഉയരുകയാണ്.

Published

|

Last Updated

ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന കാലത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ അനുദിനം വര്‍ധിക്കുകയാണ്. ഒരു നിമിഷത്തെ അശ്രദ്ധ കാരണം ആളുകള്‍ സൈബര്‍ കുറ്റങ്ങളിലെ ഇരകളോ പ്രതികളോ ആകുന്ന സ്ഥിതിയാണുള്ളത്. പോലീസ് നിരന്തരം സൈബര്‍ ബോധവത്കരണ ശ്രമങ്ങള്‍ നടത്തുമ്പോഴും ഇരകളാകുന്നവരുടെ എണ്ണം ദിനേന വര്‍ധിക്കുകയാണ്. കേരള പോലീസിന്റെ കണക്കുകള്‍ പ്രകാരം വര്‍ഷംതോറും സൈബര്‍ കുറ്റകൃത്യങ്ങള്‍ 100 ശതമാനം കണ്ട് ഉയരുകയാണ്. 2022ല്‍ 773 കേസുകള്‍ കേരളത്തില്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍, 2023ല്‍ അഞ്ചിരട്ടിയോളം വര്‍ധനയുണ്ടായി, 3,295 കേസുകള്‍. 2024ല്‍ ഇതുവരെ 1,552 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഓണ്‍ലൈന്‍ പണമിടപാടുകള്‍ കൂടിയതോടെ മലയാളികള്‍ വന്‍തോതില്‍ തട്ടിപ്പുകള്‍ക്കിരകളാകുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ ഇത്തരത്തില്‍ 150 കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് കണക്കുകള്‍ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തിലെ പരാതിക്കാര്‍ക്ക് നഷ്ടപ്പെട്ട തുകയുടെ നാലിലൊന്നോളം സൈബര്‍ പോലീസിന് തിരിച്ചുപിടിക്കാന്‍ സാധിച്ചു എന്നത് ആശ്വാസകരം. രാജ്യത്തിനകത്തും പുറത്തുമുള്ള ഇരുപതിനായിരത്തോളം ബേങ്ക് അക്കൗണ്ടുകള്‍ കേരള സൈബര്‍ പോലീസ് ഇടപെട്ട് കഴിഞ്ഞ വര്‍ഷം മരവിപ്പിക്കുകയുണ്ടായി. എണ്ണായിരത്തോളം വ്യാജ സൈറ്റുകള്‍ പൂട്ടിക്കുകയും ചെയ്തു.

യഥാര്‍ഥ ജീവിതത്തില്‍ പുലര്‍ത്തുന്ന ജാഗ്രതയും സൂക്ഷ്മതയും സൈബര്‍ ലോകത്ത് പെരുമാറുമ്പോള്‍ നമ്മള്‍ പുലര്‍ത്തുന്നില്ല എന്നതാണ് നേര്. കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനിലായിക്കൊണ്ടിരിക്കവെ, ഓണ്‍ലൈന്‍ തട്ടിപ്പുകളും സര്‍വസാധാരണമായിക്കഴിഞ്ഞു. സമൂഹത്തില്‍ നല്ലൊരു ശതമാനത്തിനും സൈബര്‍ സാക്ഷരത കുറവാണ് എന്നതും തട്ടിപ്പുകാര്‍ക്ക് അനുകൂല ഘടകങ്ങളിലൊന്നാണ്. വ്യക്തികളുടെ യഥാര്‍ഥ അസ്തിത്വം മറച്ചുവെച്ച് എന്തും ചെയ്യാനുള്ള സൗകര്യം ഇന്റര്‍നെറ്റിലുണ്ട്. സൈബര്‍ ക്രിമിനലുകള്‍ ഇരകളെത്തേടി ഇന്റര്‍നെറ്റ് ലോകത്ത് ജാഗരൂകരായി നിലകൊള്ളുന്നു. ഇരകളെ വിശ്വസിപ്പിക്കാന്‍ വ്യാജമായി വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഓഫീസിന്റെയോ പേരില്‍ പ്രത്യക്ഷപ്പെടാന്‍ ഇക്കൂട്ടര്‍ വിദഗ്ധരാണ്. കൈയില്‍ നിന്ന് പോയ കല്ലുപോലെ കരുതി വേണം ഇന്റര്‍നെറ്റ് സൈബര്‍ ലോകത്ത് വ്യവഹാരം നടത്തേണ്ടതെന്ന വലിയ സത്യം നമ്മള്‍ മറക്കരുത്. നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും സാമ്പത്തിക തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. ഒരാളുടെ ഡി പി ചിത്രത്തിന് സാമ്യം തോന്നുന്ന വിധം മറ്റൊരു ചിത്രം എ ഐ സാങ്കേതികത ഉപയോഗപ്പെടുത്തി പുനരാവിഷ്‌കരിച്ച്, അയാളുടെ കോണ്ടാക്ടിലുള്ള മറ്റൊരാളുടെ ഫോണിലേക്ക് വീഡിയോ കോള്‍ ചെയ്ത ശേഷം, തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന അതിബുദ്ധിമാന്‍മാര്‍ സൈബര്‍ കുറ്റവാളികളുടെ കൂട്ടത്തില്‍ എമ്പാടുമുണ്ട്.

ചില കണക്കുകള്‍
നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ വര്‍ഷംതോറും കുത്തനെ ഉയരുന്നതായി കാണാം. 2019ല്‍ രാജ്യത്തൊട്ടാകെ ലഭിച്ച ഇത്തരം പരാതികളുടെ എണ്ണം 26,049 ആണെങ്കില്‍, തൊട്ടടുത്ത വര്‍ഷം വലിയ കുതിച്ചുചാട്ടമാണ് സംഭവിച്ചത്, 2,57,777 പരാതികള്‍. പിന്നീടുള്ള വര്‍ഷങ്ങളില്‍ ക്രമാനുഗതമായ വര്‍ധനയുണ്ടായി. 2021ല്‍ 4,52,414, 2022ല്‍ 9,66,790, 2023ല്‍ 15,56,218 എന്നിങ്ങനെയാണ് പരാതികളുടെ കണക്ക്.

ലോക സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇന്‍ഡക്സ് പ്രകാരം, ഇവയുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ളത് റഷ്യയാണ്. രണ്ടാമത് യുക്രൈനും മൂന്നാമത് ചൈനയും നാലാമത് അമേരിക്കയും നിലകൊള്ളുമ്പോള്‍, ഇന്ത്യ പത്താം സ്ഥാനത്താണുള്ളത്. നൈജീരിയ(5), റൊമാനിയ(6), വടക്കന്‍ കൊറിയ(7), ഇംഗ്ലണ്ട്(8), ബ്രസീല്‍(9) എന്നിങ്ങനെയാണ് ഒന്ന് മുതല്‍ 10 വരെ സ്ഥാനനില. 2024 മെയ് മാസത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ ദിവസവും ശരാശരി ഏഴായിരത്തോളം സൈബര്‍ പരാതികള്‍ പോലീസിലെത്തുന്നുണ്ട്.

സൈബര്‍ ചതിക്കുഴികളും കുറ്റകൃത്യങ്ങളും
വളരെ വിദഗ്ധമായാണ് ആളുകളെ സൈബര്‍ കുറ്റവാളികള്‍ വലയില്‍ വീഴ്ത്തുന്നത്. ആകര്‍ഷകമായ സംസാരത്തിലൂടെയും വിശ്വസിക്കാവുന്ന തരത്തില്‍ മോഹനവാഗ്ദാനങ്ങളും ഉറപ്പുകളും നല്‍കിയും ആളുകളെ ഇരകളാക്കുകയാണ് അവര്‍. ആരും അറിയാതെയും കാണാതെയും പണം സമ്പാദിക്കാമെന്ന മോഹവിചാരം, സാമൂഹിക മാധ്യമങ്ങളോടുള്ള അമിതമായ ആസക്തി തുടങ്ങിയവയെല്ലാം ഇക്കൂട്ടര്‍ മുതലാക്കുന്നു. കോര്‍ ബേങ്കിംഗും മറ്റും നിലവില്‍ വന്നതോടെ ആര്‍ക്കും ലോകത്ത് എവിടെയിരുന്നും ആരുടെയും അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കാനാകും എന്ന സ്ഥിതിയായി. കണ്ണടച്ച് എന്തും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷവും എന്നിരിക്കെ, വ്യക്തിസംബന്ധമായ പൂര്‍ണ വിവരങ്ങള്‍ സൈബര്‍ കുറ്റവാളിക്ക് ലഭിക്കുമെന്ന അപകടവും നിലനില്‍ക്കുന്നു. നാണക്കേടും അപമാനഭീതിയും ഓര്‍ത്ത് പോലീസില്‍ പരാതിപ്പെടാത്തവര്‍ അനവധിയാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ബേങ്കിംഗ് ആപ്ലിക്കേഷനുകള്‍ പ്രദാനം ചെയ്യുന്ന സുരക്ഷാ മാര്‍ഗങ്ങള്‍ മനസ്സിലാക്കുക. ബേങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങി വ്യക്തിപരമായ വിവരങ്ങള്‍ അപരിചിതര്‍ക്ക് നല്‍കരുത്. അങ്ങനെയുള്ളവരുമായി ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളും അരുത്. വിശ്വസ്തമായ ഒരു ആന്റി വൈറസ് ഉപയോഗിക്കുക. വിവിധ ലിങ്കുകള്‍ വഴി അയച്ചുകിട്ടുന്ന വിശ്വസനീയമല്ലാത്ത ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്. സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ രണ്ട് സ്റ്റെപ് വെരിഫിക്കേഷന്‍ ഉറപ്പാക്കണം. ഇന്റര്‍നെറ്റില്‍ ആര്‍ക്കും സ്വന്തം ഐഡന്റിറ്റി മറച്ചുവെക്കാന്‍ സാധിക്കുമെന്ന് അറിയുക. ശക്തമായ പാസ്സ്്വേര്‍ഡ് ഉപയോഗിക്കുക. സൗജന്യമായി കിട്ടുന്ന ആപ്പുകളെല്ലാം നല്ല ഉദ്ദേശ്യത്തോടു കൂടിയുള്ളതാണെന്നത് തെറ്റായ ധാരണയാണ്. വിശ്വസ്തമല്ലാത്ത പൊതു വൈഫൈകള്‍ ഒഴിവാക്കുക. അപരിചിതരുടെ വീഡിയോ കാളുകള്‍ അറ്റന്‍ഡ് ചെയ്യരുത്. സാമൂഹിക മാധ്യമങ്ങളില്‍ സ്വകാര്യത ഉറപ്പാക്കുക. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഡൊമെയിനും മറ്റും പരിശോധിക്കണം. മുന്‍കൂര്‍ പണം ആവശ്യപ്പെടുന്ന സമ്മാനവാഗ്ദാനങ്ങള്‍ സൂക്ഷിക്കുക. അംഗീകൃത പ്ലാറ്റ്ഫോമുകളില്‍ നിന്ന് മാത്രം മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. സുരക്ഷിത നെറ്റ് വര്‍ക്കിന് ഫയര്‍വാള്‍ പ്രയോജനപ്പെടുത്തുക. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കിരയായാല്‍ ഉടനടി നാഷനല്‍ സൈബര്‍ ക്രൈം റിപോര്‍ട്ടിംഗ് പോര്‍ട്ടലില്‍ അറിയിക്കുക. ഹെല്‍പ് ലൈന്‍ നമ്പറായ 1930ലും അറിയിക്കാവുന്നതാണ്. ര്യയലൃരൃശാല.ഴീ്.ശി എന്ന സൈറ്റില്‍ പരാതി രജിസ്റ്റര്‍ ചെയ്യാം. ഇതിന്മേല്‍ നടപടിയെന്നോണം സൈബര്‍ പോലീസ് ബന്ധപ്പെട്ട അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നു. ഇതിലൂടെ കൂടുതല്‍ പണം നഷ്ടമാകുന്നത് ഒഴിവാക്കപ്പെടും. അന്വേഷണവും ഉണ്ടാകും.

ഉടനടി വായ്പ ലഭ്യമാക്കാം എന്ന തരത്തിലുള്ള തട്ടിപ്പു പരസ്യങ്ങളില്‍ പെടാതെ സൂക്ഷിക്കണം. ഇത്തരം ചതികളില്‍പ്പെട്ട് ലോണ്‍ എടുത്തവരെ തിരിച്ചടവിന്റെ പേരിലും മറ്റും വിളിച്ച് ഭീഷണിപ്പെടുത്തുന്നതിനെ തുടര്‍ന്ന് സമ്മര്‍ദം താങ്ങാനാകാതെ ആളുകള്‍ ആത്മഹത്യ ചെയ്യുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. പ്രൊഫഷനലുകള്‍, വിവിധ മേഖലകളില്‍ വൈദഗ്്ധ്യമുള്ളവര്‍ തുടങ്ങി എല്ലാത്തരം ആളുകളും സൈബര്‍ ക്രിമിനലുകളുടെ കെണിയില്‍ പെടുന്നുണ്ട്. കോടികളാണ് ഇത്തരത്തില്‍ പലര്‍ക്കും നഷ്ടമാകുന്നത്. അത്രത്തോളം വിശാലവും ആഴത്തിലുള്ളതുമാണ് ക്രിമിനലുകളുടെ നെറ്റ് വര്‍ക്ക്. ഈയിടെ ശ്രദ്ധിക്കപ്പെട്ട തട്ടിപ്പുകളിലൊന്നാണ് തലസ്ഥാനത്ത് പ്രഗത്ഭനായ ഒരു അഭിഭാഷകന് സംഭവിച്ചത്. ഒരു മാസത്തോളമായി സൈബര്‍ കുറ്റവാളികളാല്‍ കബളിപ്പിക്കപ്പെട്ട അദ്ദേഹത്തിന് നഷ്ടമായത് 77 ലക്ഷം രൂപയാണ്. ഓഹരി വിപണി എന്ന് പറഞ്ഞു പറ്റിച്ചാണ് തട്ടിപ്പുകാര്‍ പല തവണകളായി ഇത്രയും തുക കവര്‍ന്നെടുത്ത് മുങ്ങിയത്. ഇതിനായി അവരുണ്ടാക്കിയ വാട്സ്ആപ്പ് ഗ്രൂപ്പും പിന്നീട് അപ്രത്യക്ഷമായി.

ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്ന്, ഇവ സംബന്ധിച്ച പരാതികള്‍ നല്‍കാന്‍ പോലീസിന്റെ വാട്സ്ആപ്പ് നമ്പര്‍ നിലവില്‍ വന്നിരുന്നു. 9497980900 എന്ന നമ്പറിലേക്ക് ടെക്സ്റ്റ് സന്ദേശം, ഫോട്ടോ, വീഡിയോ, വോയ്‌സ് എന്നിങ്ങനെ ഏത് വിധത്തിലും പരാതികള്‍ അറിയിക്കാവുന്ന സംവിധാനം കേരള പോലീസ് ഏര്‍പ്പെടുത്തി. തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച ഈ വാട്സ്ആപ്പ് നമ്പറില്‍ വിളിച്ച് സംസാരിക്കാനാകില്ല, പക്ഷേ, പരാതിക്കാരെ ആവശ്യമെങ്കില്‍ പോലീസ് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നതാണ്. ഇടപാട് നടത്തി മണിക്കൂറുകള്‍ക്കകം പോലീസില്‍ അറിയിച്ചാല്‍ തുക തിരിച്ചുപിടിക്കാന്‍ സംവിധാനമുണ്ട്. അങ്ങനെ നിരവധി പേര്‍ക്ക് സൈബര്‍ പോലീസ് മുഖേന വന്‍ തുകകള്‍ തിരിച്ചുകിട്ടിയിട്ടുമുണ്ട്. പക്ഷേ, പഴയ സംഭവങ്ങളില്‍ ഇതിനുള്ള സാധ്യത ഇല്ല എന്നതും ഓര്‍ക്കുക.

(പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് സബ് ഇന്‍സ്പെക്ടറാണ് ലേഖകന്‍)

 

പത്തനംതിട്ട ജില്ലാ പോലിസ് ഹെഡ് ക്വാർട്ടേഴ്സിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ

---- facebook comment plugin here -----

Latest