prathivaram health
സൈബർ സെക്‌സ് അഡിക്ഷൻ
മിക്കവരും സത്യം മൂടിവെക്കുന്നതിനാൽ സൈബർ സെക്‌സ് അഡിക്ഷന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളോടുള്ള ഭ്രമം, മാനസിക വൈകല്യങ്ങൾ എന്നിവയുള്ളവരിലാണ് സൈബർ സെക്‌സ് അഡിക്ഷനും കണ്ടുവരുന്നതെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. സൈബർ അഡിക്ഷൻ എന്നത് പുരുഷന്മാർക്കിടയിലെ പ്രശ്‌നമാണെന്ന് പണ്ടുകാലത്ത് കരുതിയിരുന്നു.എന്നാൽ ഇത് സ്ത്രീകൾക്കിടയിലും വ്യാപകമാണെന്ന് അടുത്തിടെ നടന്ന പഠനങ്ങൾ വിലയിരുത്തുന്നു.

ഇന്ന് ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന വളരെ ഗുരുതരമായ ഇന്റർനെറ്റ് അഡിക്ഷനുകളിലൊന്നാണ് സൈബർ സെക്‌സ് അഡിക്ഷൻ. ഓൺലൈൻ ഭാഷണങ്ങളിലൂടെ രതിമൂർച്ഛ അനുഭവിക്കുന്നവരാണ് മിക്ക സൈബർ സെക്‌സ് അടിമകളും.
സൈബർ സെക്‌സ് അഡിക്ഷൻ – ഇന്റർനെറ്റ് സെക്‌സ് അഡിക്ഷൻ, സൈബർ പോൺ അഡിക്ഷൻ, സൈബറിംഗ് വെർച്വൽ സെക്‌സ് അഡിക്ഷൻ എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. വ്യക്തിജീവിതം, സാമൂഹിക ബന്ധങ്ങൾ, ജോലി, ലൈംഗിക ജീവിതം, കുടുംബജീവിതം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതാണ് സൈബർ സെക്‌സ് അഡിക്ഷനെന്ന് ഇറ്റലിയിൽ നടന്ന പഠനം പറയുന്നു.
മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളെപ്പോലെ ലഹരി നൽകുന്നതാണ് അനുദിനം വർധിച്ചുവരുന്ന സൈബർ സെക്‌സ് അഡിക്ഷനെന്ന് റിപ്പോർട്ടുകളുണ്ട്. സൈബർ സെക്‌സ് അടിമകൾ പലവിധത്തിലുള്ള ചേഷ്ടകൾ കാണിക്കുന്നു.
ലൈംഗിക ചുവയുള്ള കത്തുകൾ, കഥകൾ എന്നിവയെഴുതൽ, ഇ-മെയിൽ സന്ദേശങ്ങളിലൂടെ കൂടിക്കാഴ്ചയൊരുക്കൽ, ലൈംഗിക പങ്കാളിക്കായി പരസ്യം ചെയ്യൽ,കമ്പ്യൂട്ടറുമായി ഘടിപ്പിച്ച വെബ് ക്യാമറയുപയോഗിച്ച് പരസ്പരം ശരീരം പ്രദർശിപ്പിക്കൽ, ഓൺലൈൻ വഴി പരിചയപ്പെടുന്നവരുമായി ഫോൺ വഴി സെക്‌സ് സംഭാഷണങ്ങളിലേർപ്പെടൽ, ലൈംഗിക ബന്ധം വരെയെത്തുന്ന ഓൺലൈൻ പ്രവൃത്തികളിലേർപ്പെടൽ തുടങ്ങിയ സ്വഭാവങ്ങളും അത്തരക്കാർ പ്രകടിപ്പിക്കുന്നു.
ചില സൈബർ സെക്‌സ് അടിമകൾ നിയമവിരുദ്ധവും ക്രൂരവുമായ മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടുള്ള ലൈംഗികത, സ്വയം വേദനിപ്പിച്ചുകൊണ്ടുള്ള ലൈംഗികത, കുട്ടികളുടെയും കൗമാരക്കാരുടെയും അശ്ലീല ചിത്രങ്ങൾ കാണൽ തുടങ്ങിയ വൈകൃതങ്ങൾ പ്രകടിപ്പിക്കുന്നവരാണ്.
അജ്ഞാതരുമായി സംവദിക്കാൻ ഇന്റർനെറ്റ് സൗകര്യമൊരുക്കുന്നതിനാലാണ് സൈബർ സെക്‌സ് അഡിക്ഷൻ വ്യാപിക്കുന്നത്. ഇന്റർനെറ്റ് ലോകത്ത് വ്യക്തികളുടെ പ്രായം, ലിംഗം, മതം, ജോലി തുടങ്ങിയ കാര്യങ്ങൾ ഒളിച്ചുവെക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഓൺലൈൻ ലൈംഗിക വ്യാപാരികൾ അവരുടെ ബിസിനസ് മെച്ചപ്പെടുത്താൻ പല മാർഗങ്ങളും അവലംബിക്കുന്നു.വ്യക്തികളുടെ ഹോംപേജിൽ കടന്നുകയറി അതിനെ അശ്ലീല സൈറ്റാക്കൽ, പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അശ്ലീല സൈറ്റുകളായി അവതരിപ്പിക്കൽ, പ്രമുഖ കളിപ്പാട്ട നിർമാതാക്കളുടെയോ പോപ്പ് ആർട്ടിസ്റ്റുകളുടെയോ വെബ് സൈറ്റുകളാണെന്ന വ്യാജേന കുട്ടികളെ ലൈംഗികത തുളുമ്പുന്ന സൈറ്റുകളിലേക്ക് നയിക്കൽ തുടങ്ങിയവ അവയിൽ ചിലതാണ്.
മിക്കവരും സത്യം മൂടിവെക്കുന്നതിനാൽ സൈബർ സെക്‌സ് അഡിക്ഷന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാൻ പ്രയാസമാണ്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളോടുള്ള ഭ്രമം, മാനസിക വൈകല്യങ്ങൾ എന്നിവയുള്ളവരിലാണ് സൈബർ സെക്‌സ് അഡിക്ഷനും കണ്ടുവരുന്നതെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. സൈബർ അഡിക്ഷൻ എന്നത് പുരുഷന്മാർക്കിടയിലെ പ്രശ്‌നമാണെന്ന് പണ്ടുകാലത്ത് കരുതിയിരുന്നു. എന്നാൽ ഇത് സ്ത്രീകൾക്കിടയിലും വ്യാപകമാണെന്ന് അടുത്തിടെ നടന്ന പഠനങ്ങൾ വിലയിരുത്തുന്നു.
സൈബർ സെക്‌സ് ഉൾപ്പെടെയുള്ള വിവിധ ലഹരികൾക്ക് അടിമകളായവരിൽ നടത്തിയ പഠനത്തിലൂടെ അവർ പ്രകടിപ്പിക്കുന്ന ചില പൊതുസ്വഭാവങ്ങളെക്കുറിച്ച് പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഗുഡ്മാൻ വിശദീകരിക്കുന്നുണ്ട്.
- തങ്ങളെ അടിമയാക്കുന്ന ശീലം ഒഴിവാക്കാനുള്ള ആവർത്തിച്ചുള്ള ശ്രമം പരാജയപ്പെടൽ.
- ശരിയല്ലാത്ത ശീലം ആവർത്തിക്കുമ്പോഴെല്ലാം അനുഭവിക്കുന്ന മാനസിക സമ്മർദം.
- ലഹരിയാകുന്ന ശീലത്തിൽ മുഴുകുമ്പോൾ ആശ്വാസവും സമാധാനവും അനുഭവപ്പെടൽ.
- താഴെ പറയുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണം.
1) ചീത്ത ശീലങ്ങൾ ലഹരിയാകുന്നതിനു മുമ്പ് ഇടയ്ക്കിടെ അതിലേർപ്പെടുന്ന ശീലം.
2) മുൻകൂട്ടി തീരുമാനിച്ചതിലധികം സമയം ലഹരിയിൽ മുഴുകൽ.
3) തങ്ങളെ ബാധിച്ച ലഹരി കുറയ്ക്കാനോ നിയന്ത്രിക്കാനോ പൂർണമായും ഒഴിവാക്കാനോ വേണ്ടിയുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ.
4) ലഹരിയാകുന്ന ശീലങ്ങളിൽ മുഴുകാനോ അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങളിൽ നിന്നും മുക്തി നേടാനോ കുറെ സമയം ചെലവഴിക്കൽ.
5) തൊഴിൽ, വിദ്യാഭ്യാസം, ഗാർഹികം, സാമൂഹികം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്കിടയിലും ലഹരിക്ക് അടിമപ്പെട്ട മനോഭാവം പ്രകടിപ്പിക്കൽ.
6) സാമൂഹികവും തൊഴിൽപരവും വിനോദപരവുമായ പ്രധാന പ്രവൃത്തികൾ പോലും ലഹരിയിൽ മുഴുകുന്നതിനായി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യൽ.
കാരണങ്ങൾ
സൈബർ സെക്‌സുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുന്നവർ താഴെ പറയുന്ന ഘടകങ്ങൾ അതിലേക്കു നയിക്കുന്നതായി അഭിപ്രായപ്പെടുന്നു.
- മനസ്സിനെ ഞെട്ടിച്ച സംഭവങ്ങൾ (Trauma).
- തലച്ചോറിലെ രാസപ്രവർത്തനങ്ങൾ (Neuro chemistry).
- രാസപദാർഥങ്ങൾ നിയന്ത്രിക്കുന്ന വിവിധ മനോനിലകൾ (Neural pathways).
- വിഷാദം, ഉത്കണ്ഠ, ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങൾ.
- നിരന്തരം കാണുന്ന കാര്യങ്ങളുമായുള്ള പൊരുത്തപ്പെടലും അവ മനസ്സിൽ സ്വീകരിക്കലും.
- വളർച്ചാഘട്ടത്തിലെ ഒറ്റപ്പെടൽ.
- ഏകാന്തത, കോപം, വിരസത എന്നിവയുടെ കൂടിച്ചേരൽ.
സ്വയം അവമതിപ്പ്, വൈകല്യം, വൈരൂപ്യം, ലൈംഗികപ്രശ്‌നങ്ങൾ, സ്വവർഗരതിശീലം എന്നിവയുള്ളവർ സൈബർ സെക്‌സ് അഡിക്റ്റുകളാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
യുവത്വത്തിന്റെ ആരംഭത്തിൽ ഒരു പരീക്ഷണം പേലെ ചിലർ തുടങ്ങുന്ന സെക്ഷ്വൽ അഡിക്ഷൻ ശീലം പിന്നീട് അനിയന്ത്രിതമായ ഗുരുതരാവസ്ഥയിലെത്തുന്നു. കോളജ് പഠനകാലത്തും വിവാഹമോചനം, കടുത്ത മാനസിക സമ്മർദം എന്നിവയോടനുബന്ധിച്ചും ഈ ശീലം തുടങ്ങുന്നവരുണ്ട്. ജീവിതപ്രശ്‌നങ്ങൾ തരണം ചെയ്യാനുള്ള മാർഗമായി സെക്ഷ്വൽ അഡിക്ഷനെ കാണുന്നവരുമുണ്ട്.
ആഹാരശീലം, ലൈംഗികശീലം, ലഹരി ഉപയോഗശീലം എന്നിവ തലച്ചോറിന്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്നതായി ഗവേഷണങ്ങൾ അഭിപ്രായപ്പെടുന്നു. ശ്വസനം, ഹൃദയമിടിപ്പ് തുടങ്ങിയവ പോലെ ലൈംഗികതയും തലച്ചോറിലെ എൻഡോർഫിൻസ് (Endorphins), എൻകെഫാലിൻസ് (Enkephalins), കാറ്റെകോലാമൈൻസ് (Catecholamines) തുടങ്ങിയ ഒട്ടേറെ രാസഘടകങ്ങളുടെ ഉത്പാദനത്തിന് കാരണമായ ബോധപൂർവമല്ലാതെ സ്വയം നടക്കുന്ന കാര്യമാണ്.
ഹൈപ്പോതലാമസ് ഗ്രന്ഥിയാണ് മനുഷ്യരിലെ ലൈംഗികതയെ നിയന്ത്രിക്കുന്നത്. നാഡീവ്യവസ്ഥ, ഹോർമോണുകൾ, വികാരങ്ങൾ എന്നിവയെ സമന്വയിപ്പിച്ചാണ് ഹൈപ്പോ തലാമസ് ഈ ധർമം നിർവഹിക്കുന്നത്. ലൈംഗികതൃഷ്ണ (Libido), ആകർഷണം (Attraction), സൗഹൃദം (Companionship) എന്നിവയാണ് തലച്ചോറിലെ മൂന്ന് അടിസ്ഥാന വികാരങ്ങൾ.
ഇണ ചേരാനുള്ള ലൈംഗികതൃഷ്ണയാണ് മനുഷ്യരിലുണ്ടായ ആദ്യ വികാരം. ഈസ്ട്രജൻ, ആൻഡ്രൊജൻ തുടങ്ങിയ ഹോർമോണുകളാണ് വംശവർധനവ് ലക്ഷ്യമായിട്ടുള്ള ഈ വികാരത്തെ നിയന്ത്രിക്കുന്നത്.ആകർഷണം തോന്നുന്ന ഒരു വ്യക്തിക്ക് കീഴ്‌പ്പെടുന്ന വൈകാരികാവസ്ഥയാണ് രണ്ടാമത്തേത്. അപ്പോൾ ഡോപമിൻ (Dopamine), നോർ എപിനെഫ്രിൻ (Nor Epinephrine) തുടങ്ങിയ ഹോർമോണുകളുടെ ഉത്പാദനം കൂടുകയും സെറോടോണിന്റെ (Serotonin) അളവ് കുറയുകയും ചെയ്യുന്നു.
സെറോടോണിന്റെ അഭാവത്താലാണ് ഒരു വ്യക്തി മറ്റൊരാളിൽ പൂർണമായും ആകർഷിക്കപ്പെടുന്നതെന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഫിഷർ അഭിപ്രായപ്പെടുന്നു. ഡോപമിന്റെയും നോർ എപിനെഫ്രിന്റെയും ഉത്പാദനം ആദ്യഘട്ടത്തിൽ കൂടുകയും പിന്നീട് കുറയുകയും ചെയ്യുന്നു.സെറോടോണിന്റെ ഉത്പാദനം സാധാരണ നിലയിലെത്തുന്ന മൂന്നാമത്തെ ഘട്ടമാണ് സൗഹൃദം (Companionship). ഈ ഘട്ടത്തിലെത്താൻ ആറ് മുതൽ 18 മാസങ്ങൾ വരെയെടുക്കും. ഇണയോടുള്ള സൗഹൃദം കുടുംബത്തോടും വീടിനോടുമുള്ള ഉത്തരവാദിത്വം പങ്കുവെക്കുന്നതിലേക്ക് നയിക്കുന്നു.
രണ്ട് വ്യക്തികൾ തമ്മിലുള്ള അടുപ്പവും പരസ്പര വിശ്വാസവും അടിസ്ഥാനമാക്കിയുള്ളതാണ് സൗഹൃദം.അതിനാൽ സൗഹൃദത്തിലെത്തുന്ന രണ്ട് വ്യക്തികൾക്കും ശാന്തിയും സന്തോഷവും അനുഭവപ്പെടുന്നു. ഓക്‌സിടോസിൻ (Oxytocin), വാസോപ്രെസിൻ (Vasopresin), ഒപിയോഡ്‌സ് (Opiods) തുടങ്ങിയ രാസവസ്തുക്കളുടെ ഉത്പാദനത്താലാണ് മൊത്തത്തിലുള്ള സുഖാവസ്ഥ കൈവരുന്നത്. മുലയൂട്ടുന്ന അമ്മമാരുടെ തലച്ചോറിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്‌സിടോസിൻ അമ്മയും കുഞ്ഞും തമ്മിലുള്ള സ്‌നേഹബന്ധം ദൃഢമാക്കുന്നു.
മനുഷ്യരുടെ മാനസികാവസ്ഥയിൽ മാറ്റങ്ങളുണ്ടാക്കുന്ന എല്ലാ രാസഘടകങ്ങളും ലഹരിവസ്തുക്കളുടെ സ്വഭാവം പ്രകടിപ്പിക്കുന്നു.തലച്ചോറിലെ രാസവസ്തുക്കളാൽ സന്തോഷം ലഭിക്കുന്ന വ്യക്തിക്ക് നിരന്തരമായും പിന്നീട് കൂടിയ അളവിലും അത്തരം രാസഘടകങ്ങളുടെ ഉത്പാദനം ആവശ്യമായി വരുന്നു. അതിനാൽ സെക്‌സിനു അടിമകളായവർ നിരന്തരം ലൈംഗിക പ്രവൃത്തികളിലേർപ്പെട്ട് തലച്ചോറിലെ രാസഘടകങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നു.