National
ഫിൻജാൽ ചുഴലിക്കാറ്റ് വൈകിട്ടോടെ കര തൊടും; കനത്ത മഴ: ചെന്നൈ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു
തമിഴ്നാട്ടിലുടനീളം 2,220 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
ചെന്നൈ| തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ന്യൂനമര്‍ദ്ദം ഫിന്‍ജാൽ ചുഴലിക്കാറ്റായി മാറി കരതൊടാനിരിക്കെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ. കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം മണിക്കൂറില്‍ പരമാവധി 90 കിലോ മീറ്റര്‍ വരെ വേഗതയില്‍ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ചൈന്നൈ വിമാനത്താവളം ശനിയാഴ്ച രാത്രി ഏഴ് മണിവരെ താല്‍ക്കാലികമായി അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ട്.
പല വിമാനങ്ങളും റദ്ദാക്കുകയും മറ്റ് ചില വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും ചെയ്തു.
ചൈന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കള്ളക്കുറിച്ചി, കൂടലൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തമിഴ്നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് ഐടി കമ്പനികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. തമിഴ്നാട്ടിലുടനീളം 2,220 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.