National
മിഗ്ജാമ് ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ ജാഗ്രത തുടരുന്നു; നാളെ നാല് ജില്ലകളില്‍ അവധി
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകള്‍ക്കാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ചെന്നൈ| ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഗ്ജാമ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലും ആന്ധ്രാ പ്രദേശിലും അതീവ ജാഗ്രത തുടരുന്നു. തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകള്‍ക്ക് ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കൊല്ലം – ചെന്നൈ എക്‌സ്പ്രസ് റദ്ദാക്കി. ചെന്നൈ വിമാനത്താവളത്തിലെ എല്ലാ സര്‍വീസുകളും തിങ്കളാഴ്ച രാത്രി 11 മണി വരെ നിര്‍ത്തിവെച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പെട്ട് ജില്ലകള്‍ക്കാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധിയാണ്. ഇവിടങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനും അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയില്‍ മുന്നറിയിപ്പ്.
തിങ്കളാഴ്ച ഉച്ചയോടെ മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ചുഴലിക്കാറ്റിന്റെ കേന്ദ്രം ചെന്നൈയില്‍ നിന്ന് 90 കീമി അകലെ മാത്രം സ്ഥിതി ചെയ്യുകയാണ്. തമിഴ്‌നാട്ടില്‍ ശക്തമായ കാറ്റും മഴയും ഇന്ന് രാത്രി വരെ തുടരാന്‍ സാധ്യതയുണ്ട്. തീവ്ര ചുഴലിക്കാറ്റ് വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച് തെക്കന്‍ ആന്ധ്രാ പ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ കരയില്‍ പ്രവേശിക്കാനാണ് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീവ്ര ചുഴലിക്കാറ്റായി മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കരതൊടുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിലും അടുത്ത അഞ്ച് ദിവസം മിതമായതോ ഇടത്തരം തീവ്രതയിലുള്ളതോ ആയ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.