Kerala
ഡി ലിറ്റ് വിവാദം: കേരള യൂനിവേഴ്‌സിറ്റിയുടെ പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന്
രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കുന്നതുള്‍പ്പെടെ വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്.
തിരുവനന്തപുരം | ഡി ലിറ്റ് വിവാദം കത്തിനില്‍ക്കെ കേരള യൂനിവേഴ്സിറ്റി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാഷ്ട്രപതിക്ക് ഡി-ലിറ്റ് നല്‍കുന്നതുള്‍പ്പെടെ വിഷയം ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. ഇന്ന് ഉച്ചക്ക് കേരള സര്‍വകലാശാല ആസ്ഥാനത്ത് വിസി വി പി മഹാദേവന്‍ പിള്ളയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
വിഷയത്തില്‍ ഗവര്‍ണര്‍ക്ക് താന്‍ അയച്ച കത്ത് സമ്മര്‍ദം കൊണ്ടെഴുതിയതാണെന്ന് വി സി വിശദീകരിച്ചു. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കും. ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിംഗും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്നും വിസി പ്രതികരിച്ചു. വി സി അയച്ച കത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ വിമര്‍ശനത്തിനാണ് വിശദീകരണം. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ ശിപാര്‍ശ ചെയ്‌തെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഡി ലിറ്റ് നല്‍കാന്‍ ആകില്ലെന്ന് കേരള സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ മറുപടി തനിക്ക് കനത്ത ആഘാതമായി. നേരെ ചൊവ്വേ കത്തെഴുതാന്‍ അറിയാത്ത വിസിമാരാണ് സര്‍വകലാശാലകളുടെ തലപ്പത്തിരിക്കുന്നത് എന്നും വി സി തന്നെ ധിക്കരിച്ചെന്നുമായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍.