National
ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം-2020 ആശാ പരേഖിന്
ആശാ ഭോസ്‌ലെ, ഹേമ മാലിനി, പൂനം ദില്ലന്‍, ടി എസ് നാഗഭരണ, ഉദിത് നാരായണ്‍ എന്നിവരടങ്ങിയ ജൂറി പാനലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ന്യൂഡല്‍ഹി | ദാദാസാഹേബ് ഫാല്‍കെ പുരസ്‌കാരം-2020 പ്രഖ്യാപിച്ചു. പ്രശസ്ത ബോളിവുഡ് നടിയും സംവിധായകയുമായ ആശാ പരേഖിനാണ് പുരസ്‌കാരം. ചലച്ചിത്ര മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനകളാണ് ആശാ പരേഖിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്. ആശാ ഭോസ്‌ലെ, ഹേമ മാലിനി, പൂനം ദില്ലന്‍, ടി എസ് നാഗഭരണ, ഉദിത് നാരായണ്‍ എന്നിവരടങ്ങിയ ജൂറി പാനലാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
1992ല്‍ ആശാ പരേഖിനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. ബരോസ, കഡി പതംഗ്, നന്ദന്‍, ദോ ബദന്‍, തീസ്‌രി മന്‍സില്‍, ചിരാഗ് തുടങ്ങിയവ ആശാ പരേഖിനെ പ്രശസ്തയാക്കിയ ചിത്രങ്ങളാണ്. 1952ല്‍ ബാലതാരമായി ബേബി ആശാ പരേഖ് എന്ന പേരിലാണ് അഭിനയജീവിതം തുടങ്ങിയത്. 1998 മുതല്‍ 2001 വരെ ഇന്ത്യന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷയായിരുന്നു.