Editorial
നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളും വില
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോത് വ്യക്തമാക്കുന്ന സൂചിക (റീടെയില്‍ പണപ്പെരുപ്പം) പ്രകാരം മെയ് മാസത്തില്‍ സംസ്ഥാനത്ത് 5.47 ശതമാനം വിലവര്‍ധന രേഖപ്പെടുത്തി. ഗ്രാമങ്ങളിലാണ് വിലക്കയറ്റം കൂടുതലെന്നും റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം ദേശീയ തലത്തില്‍ കഴിഞ്ഞ മാസത്തെ ചില്ലറ വിലക്കയറ്റത്തോത് 4.70 ശതമാനമായിരുന്നു.
കേരളത്തില്‍ നിത്യോപയോഗ സാധന വില കുതിച്ചുയരുകയാണ്. പലവ്യഞ്ജനങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പച്ചക്കറി, മാംസം, മത്സ്യം തുടങ്ങി സര്‍വ വസ്തുക്കള്‍ക്കും കൈപൊള്ളുന്ന വിലയാണ്. താളം തെറ്റിയിരിക്കുകയാണ് കേരളീയന്റെ കുടുംബ ബജറ്റ്. സാധാരണക്കാരും ഇടത്തരക്കാരും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നു.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് തമിഴ്‌നാട് പോലുള്ള അയല്‍ സംസ്ഥാനങ്ങളിലെ പച്ചക്കറികള്‍ക്ക് ഇടക്കിടെ വിലക്കയറ്റമുണ്ടാകാറുണ്ടെങ്കിലും ഏറെ താമസിയാതെ താഴാറുണ്ട്. ഇപ്പോള്‍ മാസങ്ങളായി പച്ചക്കറി ഇനങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. മീന്‍മാര്‍ക്കറ്റില്‍ ചെന്നാല്‍ കീശ കാലിയാകും. മാസങ്ങള്‍ക്ക് മുമ്പ് 100-150 രൂപ വിലയുണ്ടായിരുന്ന മത്തിക്കും അയലക്കും 300-350 രൂപ കൊടുക്കണം. ട്രോളിംഗ് നിരോധന കാലത്താണ് സാധാരണ മത്സ്യവില വര്‍ധിക്കാറുള്ളത്.
ട്രോളിംഗ് നിരോധനത്തിനു മുമ്പേ കുത്തനെ ഉയര്‍ന്നിട്ടുണ്ട് ഈ വര്‍ഷം വില. പൊതുവിപണിയിലെ പൊള്ളുന്ന വിലക്കിടെയാണ് ഈസ്റ്ററും ചെറിയ പെരുന്നാളും വിഷുവും കടന്നു പോയത്. ബലിപെരുന്നാളിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.
വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്താല്‍ കേരളത്തില്‍ വില കുറവാണെന്നാണ് വിലക്കയറ്റത്തെക്കുറിച്ച് പരാതിപ്പെടുമ്പോള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയാറുള്ളത്. എന്നാല്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപോര്‍ട്ട് പ്രകാരം കഴിഞ്ഞ മാസം വിലക്കയറ്റം ഏറ്റവും ഉയര്‍ന്ന അഞ്ച് സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളത്തിന്റെ ഇടം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തോത് വ്യക്തമാക്കുന്ന സൂചിക (റീടെയില്‍ പണപ്പെരുപ്പം) പ്രകാരം മെയ് മാസത്തില്‍ സംസ്ഥാനത്ത് 5.47 ശതമാനം വിലവര്‍ധന രേഖപ്പെടുത്തി. ഗ്രാമങ്ങളിലാണ് വിലക്കയറ്റം കൂടുതലെന്നും റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം ദേശീയ തലത്തില്‍ കഴിഞ്ഞ മാസത്തെ ചില്ലറ വിലക്കയറ്റത്തോത് 4.70 ശതമാനമായിരുന്നു.
വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ സര്‍ക്കാര്‍ ഇടപെടുന്ന പതിവും ഇപ്പോഴില്ല. രണ്ട് വര്‍ഷം മുമ്പ് സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിയുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നപ്പോള്‍, ജയ അരി, വറ്റല്‍ മുളക്, പിരിമുളക്, മല്ലി, കടല, വന്‍പയര്‍ എന്നീ സാധനങ്ങള്‍ ഇടത്തട്ടുകാരെ ഒഴിവാക്കി നേരിട്ട് ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. അന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍, ആന്ധ്രാ ഭക്ഷ്യ മന്ത്രി കെ പി നാഗേശ്വറ റാവുവുമായി സംസാരിച്ചാണ് ന്യായവിലക്ക് സാധനങ്ങള്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചത്. മേല്‍പറഞ്ഞ ഉത്പന്നങ്ങള്‍ ആന്ധ്രാ സര്‍ക്കാര്‍ സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് നേരിട്ടു സംഭരിച്ച് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവ് മാത്രം ഉള്‍പ്പെടുത്തി കേരളത്തിന് നല്‍കാനായിരുന്നു ധാരണ. നിലവില്‍ വിലക്കയറ്റം സര്‍വകാല റെക്കോര്‍ഡിലെത്തിയിട്ടും അത്തരം നടപടികളിലേക്ക് നീങ്ങുന്നതായി കാണുന്നില്ല.
മാവേലി സ്റ്റോറുകളും സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളും ഹോട്ടികോര്‍പ് വിപണന ശാലകളും അത്ര സജീവമല്ല. 1987ല്‍ അന്നത്തെ ഭക്ഷ്യമന്ത്രി ഇ ചന്ദ്രശേഖര്‍ തുടക്കം കുറിച്ച മാവേലി സ്റ്റോറുകള്‍, ദശകങ്ങളോളം പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിച്ചിരുന്നു. മിക്ക അത്യാവശ്യ വസ്തുക്കളും സബ്‌സിഡി നിരക്കില്‍ നല്‍കിയിരുന്ന മാവേലി സ്റ്റോറുകളില്‍ ക്രമേണ സബ്‌സിഡി സാധനങ്ങളുടെ എണ്ണം കുറഞ്ഞു വന്നു. സാമ്പത്തിക പ്രതിസന്ധി മൂലം മാസങ്ങളായി സപ്ലൈകോ സ്റ്റോറുകള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാകുന്നില്ല. ഓണത്തിനുള്ള സപ്ലൈകോ വിപണന മേളകളില്‍ ഒതുങ്ങുന്നു സര്‍ക്കാറിന്റെ ഇടപെടല്‍. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഓരോ വര്‍ഷവും ബജറ്റില്‍ തുക നീക്കിവെക്കുന്നുണ്ടെങ്കിലും, അത് ഭരണപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി വകമാറ്റി ചെലവഴിക്കുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മോശം പ്രകടനത്തിന്റെയും ബി ജെ പി വോട്ട് നില മെച്ചപ്പെടുത്തിയതിന്റെയും മുഖ്യ കാരണങ്ങളിലൊന്ന് വിലക്കയറ്റമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷാന്തത്തില്‍ ട്വന്റിഫോര്‍ ചാനല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടത്തിയ സര്‍വേയില്‍ സംസ്ഥാനത്തെ 35 ശതമാനം വോട്ടര്‍മാരും വിലക്കയറ്റത്തില്‍ അസംതൃപ്തരാണെന്ന് കണ്ടെത്തിയിരുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ അവസരോചിതമായ ഇടപെടല്‍ നടത്തുന്നില്ലെങ്കില്‍ പൊതുസമൂഹത്തിന്റെ ഭരണവിരുദ്ധ വികാരം ഇനിയും ശക്തമാകും.
പച്ചക്കറിയുടെ വിലനിയന്ത്രണവും വിഷമയമല്ലാത്ത പച്ചക്കറിയുടെ ലഭ്യതയും ലക്ഷ്യമാക്കി സംസ്ഥാനത്ത് ഇതിനിടെ ഊര്‍ജിത പച്ചക്കറി പദ്ധതി ആസൂത്രണം ചെയ്തിരുന്നു സര്‍ക്കാര്‍. ഓരോ വീട്ടിലും ഓരോ പച്ചക്കറിത്തോട്ടം, കുടുംബശ്രീയുടെ കീഴില്‍ സാമൂഹിക പച്ചക്കറി കൃഷി തുടങ്ങിയ പദ്ധതികളാണ് ഇതിന്റെ ഭാഗമായി ആവിഷ്‌കരിച്ചിരുന്നത്. വീട്ടിലെ പച്ചക്കറിത്തോട്ടങ്ങള്‍ക്ക് സൗജന്യ വിത്തും വളവും വാഗ്ദാനവും ചെയ്തു. കൊവിഡ് കാലത്ത് പുറത്തിറങ്ങാനാകാതെ ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന കാലത്ത് പദ്ധതിയില്‍ ആകൃഷ്ടരായി പലരും പച്ചക്കറി കൃഷിയില്‍ ഏര്‍പ്പെട്ടു. ഗ്രാമപ്രദേശങ്ങളിലടക്കം വിഷരഹിത പച്ചക്കറി ചന്തകള്‍ ആരംഭിക്കുകയും ഉത്പന്നങ്ങള്‍ക്ക് വില കുറയുകയും ചെയ്തു. ജനജീവിതം സാധാരണ നിലയിലായതോടെ മിക്കവരും കൃഷി ഉപേക്ഷിച്ചു.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് പ്രദേശത്തിന്റെ കിടപ്പും വയല്‍ പ്രദേശത്തിന്റെ വിസ്തീര്‍ണവും ജനസാന്ദ്രതയും വെച്ചു നോക്കുമ്പോള്‍ അരിയുത്പാദനത്തില്‍ സ്വയംപര്യാപ്തത പ്രയാസമാണ്. എങ്കിലും കേരളീയ സമൂഹം മനസ്സുവെച്ചാല്‍ പച്ചക്കറിയില്‍ സ്വയംപര്യാപ്തത നേടാനും ഈ രംഗത്ത് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കാനും സാധിക്കും. ഇക്കാര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരാകേണ്ടതുണ്ട്. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറിനോടൊപ്പം ജനങ്ങള്‍ക്കുമുണ്ട് ഉത്തരവാദിത്വം.