Kerala
ദലിത് കായിക താരത്തിന് പീഡനം; അറസ്റ്റിലായവരുടെ എണ്ണം 56 ആയി
അഖില്‍ (27), ബിജിത്ത് (23), സൂരജ് (20), രാഹുല്‍ രാജു (25)എന്നിവരാണ് അറസ്റ്റിലായത്.
പത്തനംതിട്ട | കായിക താരം കൂടിയായ ദലിത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. അഖില്‍ (27), ബിജിത്ത് (23), സൂരജ് (20), രാഹുല്‍ രാജു (25)എന്നിവരാണ് അറസ്റ്റിലായത്. 60 പേര്‍ പ്രതി പട്ടികയിലുള്ള കേസില്‍ ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 56 ആയി. ഇനി പിടികിട്ടാനുള്ള നാലുപേരില്‍ രണ്ടുപേര്‍ പത്തനംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. വിദേശത്ത് കഴിയുന്ന ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നിയമനടപടികള്‍ തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാര്‍ അറിയിച്ചു. മറ്റ് രണ്ട് പേര്‍ കേരളത്തില്‍ തന്നെ കഴിയുന്നവരാണ്.
ഇന്‍സ്റ്റഗ്രാം ബന്ധമാണ് പീഡന സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്‍സ്റ്റഗ്രാം വഴിയുള്ള സന്ദേശങ്ങള്‍ കുറ്റകൃത്യത്തിന്റെ എണ്ണം കൂടാന്‍ കാരണമായി. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ശുചിമുറിയില്‍ വച്ചും മറ്റുചില സന്ദര്‍ഭങ്ങളിലും വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് വിധേയയായി. കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ കാണുകയും, അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തവരും പ്രതികളുടെ കൂട്ടത്തിലുണ്ട്. ശക്തമായ ഡിജിറ്റല്‍ തെളിവുകളുടെ പിന്‍ബലത്തില്‍ അന്വേഷണം മികച്ച നിലയില്‍ മുന്നേറുമെന്നും, സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഒപ്പം പഠിച്ചവരും മുതിര്‍ന്ന ക്ലാസ്സുകളില്‍ ഉള്ളവരും, സാധാരണക്കാരുമാണ് പ്രതികളില്‍ അധികവും. പ്രതികളില്‍ പ്രായം കൂടിയയാള്‍ 44 വയസ്സുള്ളയാളാണ്. ഇപ്പോള്‍ 19 ഉം 20 ഉം വയസ്സുള്ളവര്‍ സംഭവം നടക്കുമ്പോള്‍ കൗമാരക്കാരായിരുന്നു. അറസ്റ്റിലായവരില്‍ അഞ്ചുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികളുടെ എണ്ണത്തിലും പ്രതികളായ കൗമാരക്കാരുടെ എണ്ണത്തിലും സംസ്ഥാനത്തെ ഏറ്റവും വലിയ പോക്സോ കേസായി ഇത് മാറിയിട്ടുണ്ട്.