Kerala
ദളിത് കായിക താരം പീഡനത്തിനിരയായ സംഭവം; ഇനിയും പിടികൂടാനുള്ളത് മൂന്ന് പേരെ
ആകെയുള്ള 59 പ്രതികളില്‍ 56 പേരെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട | പത്തനംതിട്ടയില്‍ കായിക താരമായ ദളിത് പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായ കേസില്‍ ഇനിയും അറസ്റ്റിലാകാനുള്ളത് മൂന്ന് പേര്‍. പത്തനംതിട്ട ജില്ലയില്‍ 30 കേസുകളും തിരുവനന്തപുരം കല്ലമ്പലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കേസുമാണ് കേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആകെയുള്ള 59 പ്രതികളില്‍ 56 പേരെ അറസ്റ്റ് ചെയ്തു.
പിടികൂടാനുള്ളവരില്‍ രണ്ട് പേര്‍ വിദേശത്തും ഒരാള്‍ ഒളിവിലുമാണ്. പ്രതികളില്‍ ഏഴ് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. നിലവില്‍ 31 കേസുകള്‍ അന്വേഷണത്തിലാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. പത്തനംതിട്ടയില്‍ മുന്ന് ഡിവൈ എസ് പിമാരുടെയും തിരുവനന്തപുരത്ത് വര്‍ക്കല ഡിവൈ എസ് പിയുടെയും നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. പഴുതടച്ച കേസ് അന്വഷണവും പ്രോസിക്യൂഷന്‍ നടപടികളും ഉറപ്പുവരുത്തുന്നതിന് തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു.
പഠിക്കുന്ന സ്ഥാപനത്തിലെ കുടുംബശ്രീ മിഷന് കീഴിലുള്ള സ്നേഹിത ഹെല്‍പ് ഡെസ്‌ക് മുഖേന നടത്തിയ കൗണ്‍സിലിംഗിലാണ് ദളിത് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായ വിവരം പുറത്തുപറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു. എം എല്‍ എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ഉബൈദുല്ല, ടി വി ഇബ്രാഹീം, നജീബ് കാന്തപുരം എന്നിവരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയിലാണ് കേസിന്റെ നിലവിലുള്ള സ്ഥിതി വ്യക്തമാക്കിയത്.