National
കര്‍ണാടകയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ദളിത് വിദ്യാര്‍ത്ഥികളെ നിയോഗിച്ചു; പ്രിന്‍സിപ്പാള്‍ അടക്കം ആറു പേര്‍ അറസ്റ്റിൽ
സ്‌കൂളിലെ മറ്റൊരു അധ്യാപകന്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
ബെംഗളൂരു | കര്‍ണാടകയില കോലാറിലെ മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറ് ദളിത് വിദ്യാര്‍ത്ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കിപ്പിച്ചു. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളും മറ്റൊരു അധ്യാപകനും നാലു കരാര്‍ ജീവനക്കാരും അറസ്റ്റിലായി. അറസ്റ്റിലായ പ്രിന്‍സിപ്പല്‍ ഭരതമ്മയെയും അധ്യാപകന്‍ മുനിയപ്പയെയും ജോലിയില്‍ നിന്നും സസ്പെന്‍ഡും ചെയ്തു.
ഏഴ്, എട്ട് .ഒമ്പത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ശിക്ഷയെന്നോണമാണ് സെപ്റ്റിക് ടാങ്കില്‍ നിന്ന് മാലിന്യം ബക്കറ്റ് ഉപയോഗിച്ച് കോരുന്നതിനും വെള്ളമൊഴിച്ച് കഴുകാനുമായി അധ്യാപകര്‍ നിയോഗിച്ചത്. മറ്റൊരു അധ്യാപകന്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയതിനെ തുടര്‍ന്ന് ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയുമായിരുന്നു. വീഡിയോ ചര്‍ച്ചയായതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെടുകയും തുടര്‍ന്ന് അധ്യാപരുടെ അറസ്റ്റ് പോലീസ് രേഖപെടുത്തുകയും ചെയ്തു.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മിച്ച പ്രത്യേക സ്‌കൂളാണ് മൊറാര്‍ജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂള്‍. ഇവിടെ 243 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.
സ്‌കൂളില്‍ സമാനമായ രീതിയില്‍ വിദ്യാര്‍ത്ഥികളെ ഇതിനു മുമ്പും സ്‌കൂളും മൈതാനവും നന്നാക്കാന്‍ അധികൃതര്‍ നിയോഗിച്ചിരുന്നെന്ന് പരാതികള്‍ വന്നിരുന്നു.