National
ദളിത് വിഭാഗം ബിജെപിയെയും , ന്യൂനപക്ഷം എസ്പിയെയും പിന്തുണച്ചു; പരാജയ കാരണം വിവരിച്ച് മായാവതി
മുസ്ലീം വിരുദ്ധ പ്രചരണപരിപാടികളിലൂടെയാണ് ഉത്തര്‍പ്രദേശ് ബിജെപി പിടിച്ചെടുത്തതെന്നും മായാവതി ആരോപിച്ചു.
ലഖ്‌നൗ | ബിഎസ്പിയുടെ പാര്‍ട്ടിയുടെ കനത്ത പരാജയത്തില്‍ പ്രതികരിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയുടെ കാലത്തെ കാട്ടുഭരണംആവര്‍ത്തിക്കാതിരിക്കാന്‍ ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ ബിജെപിയെ പിന്തുണച്ചതാണ് ബിഎസ്പിയുടെ കനത്ത പരാജയത്തിന് കാരണമെന്ന് മായാവതി പറഞ്ഞു. ബിജെപിയോടുള്ള എതിര്‍പ്പ് കാരണം ന്യൂനപക്ഷ വിഭാഗങ്ങള്‍ അഖിലേഷിനൊപ്പം നിന്നു. ഇതും തിരിച്ചടിയായെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
ബിഎസ്പിയെ പിന്തുണച്ചിരുന്ന ന്യൂനപക്ഷ വിഭാഗത്തെ ഇത്തവണ ഒപ്പം നിര്‍ത്താന്‍ ആവാത്തത് പാളിച്ചയായി മായാവതി വിലയിരുത്തുന്നുണ്ട്. തങ്ങള്‍ മുസ്ലീം വിഭാഗത്തെ വിശ്വസിച്ചിരുന്നുവെന്നും ഈ പരാജയത്തിന്റെ പാഠങ്ങള്‍ മനസില്‍ സൂക്ഷിച്ച് തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. മുസ്ലീം വിരുദ്ധ പ്രചരണപരിപാടികളിലൂടെയാണ് ഉത്തര്‍പ്രദേശ് ബിജെപി പിടിച്ചെടുത്തതെന്നും മായാവതി ആരോപിച്ചു.
ബിഎസ്പിയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ ജനങ്ങള്‍ കണ്ടത്. 2007ല്‍ 206 സീറ്റുകള്‍ നേടിയ ബിഎസ്പി 2022ല്‍ വെറും ഒരൊറ്റ സീറ്റുകളിലേക്ക് ചുരുങ്ങുകയായിരുന്നു
2017ല്‍ യോഗി തരംഗത്തിനിടെ ബിഎസ്പി 19 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു. ഇത്തവണ പാര്‍ട്ടി തരിപ്പണമാകുന്ന കാഴ്ചയാണ് യു പിയിലുണ്ടായത്. മായാവതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിരന്തരം ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളും തിരിച്ചടിക്ക് ആക്കം കൂട്ടി.