National
ദമാം - ബംഗളുരു എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രണ്ട് ദിവസമായിട്ടും പുറപ്പെട്ടില്ല; യാത്രക്കാർ ദുരിതക്കയത്തിൽ
വെള്ളിയാഴ്ച്ച രാത്രി പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരാണ് വിമാനത്താവളത്തിൽ കഴിയുന്നത്

ഫയൽ ചിത്രം
ദമാം/ ബംഗളുരു| ദമാമിൽ നിന്നും ബംഗളൂരുവരിലേക്ക് സർവ്വീസ് നടത്തേണ്ടിയിരുന്ന IX 484 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രണ്ട് ദിവസമായിട്ടും പുറപ്പെടാൻ വൈകുന്നു. വെള്ളിയാഴ്ച്ച രാത്രി 8.30ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്രക്കാർ കയറിയ ശേഷമാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനത്തിൽ നിന്നും യാത്രക്കാരെ തിരികെയിറക്കിയത്.
ഉംറ തീർത്ഥാടകരും വീൽ ചെയർ യാത്രക്കാരും സ്ത്രീകളും കൂട്ടികളുമടക്കം 180 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഉംറ യാത്രക്കാരോട് വിമാനത്താവളത്തിൽ തന്നെ കഴിയാൻ ആവശ്യപ്പെടുകയും മറ്റുള്ളവരെ പുലർച്ചെ 2.30ന് ദമാമിലെ ഹോട്ടലിലേക്ക് മാറ്റുകയുമായിരുന്നു.
ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഹോട്ടലിൽ നിന്നും വിമാനത്താവളത്തിൽ എത്തിക്കുകയും 1.30ന് വിമാനത്തിൽ കയറ്റുകയും ചെയ്തു. ഇതിന് ശേഷവും സാങ്കേതിക തകരാർ കണ്ടതോടെ വീണ്ടും തിരിച്ചിറക്കുകയായിരുന്നു.
യന്ത്ര തകരാറിനെ തുടർന്നാണ് വിമാനം പുറപ്പെടാൻ വൈകുന്നതെന്നാണ് എയർ ഇന്ത്യ നൽകുന്ന വിവരം. ഇന്ന് രാത്രിയോടെ ബംഗളുരുവിൽ നിന്നെത്തുന്ന വിമാനത്തിൽ യാത്രക്കാരെ നാട്ടിലെത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്.