Kerala
കലൂരിലെ നൃത്ത പരിപാടി; ഗ്രൗണ്ടിന് കേടുപാട് സംഭവിച്ചിട്ടുണ്ടാകാമെന്ന് ബ്ലാസ്റ്റേഴ്സ്, നഷ്ടപരിഹാരം ചോദിക്കും
ജിസിഡിഎയുടെ ഉടമസ്ഥതയിലാണ് സ്റ്റേഡിയമെങ്കിലും പരിപാലനം നടത്തുന്നത് ബ്ലാസ്റ്റേഴ്സ് ആണ്.
കൊച്ചി|കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടി ദിവ്യ ഉണ്ണി നടത്തിയ നൃത്ത പരിപാടിയെ തുടര്‍ന്ന് ഗ്രൗണ്ടിന് കേടുപാട് ഉണ്ടായതായി ആരോപണം. സംഭവത്തില്‍ ബ്ലാസ്റ്റേഴ്സും ജിസിഡിഎയും സംയുക്ത പരിശോധന നടത്തും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 1600ഓളം പേരാണ് നൃത്ത പരിപാടിയില്‍ പങ്കെടുത്തത്. ഇത്രയും പേര്‍ നൃത്തം ചെയ്യുമ്പോള്‍ സ്വഭാവികമായും ഗൗണ്ടിനും ടര്‍ഫിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ആരോപണം.
ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗൗണ്ട് ആണ് കലൂര്‍ സ്റ്റേഡിയം. ജിസിഡിഎയുടെ ഉടമസ്ഥതയിലാണ് സ്റ്റേഡിയമെങ്കിലും പരിപാലനം ബ്ലാസ്റ്റേഴ്സ് ആണ് നടത്തുന്നത്. 13ാം തീയതിയാണ് അടുത്ത മത്സരം. മത്സരത്തിന് മുന്‍പായി ഗൗണ്ടില്‍ പരിശോധന നടത്തും. കേടുപാട് ഉണ്ടായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം ചോദിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം.
അതേസമയം, കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഉമ തോമസിന് പരുക്കേല്‍ക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ മാനേജിങ് ഡയറക്ടര്‍ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. 390 രൂപയുടെ സാരിയ്ക്ക് 1600 രൂപ വാങ്ങിയ കാര്യം അറിയില്ലെന്ന് കല്യാണ്‍ സില്‍ക്സ് പരസ്യമായി പറഞ്ഞതോടെയാണ് സാമ്പത്തിക ചൂഷണത്തിന് പാലാരിവട്ടം പോലീസ് കേസെടുത്തത്. പണം നല്‍കിയ വീട്ടമ്മ പരാതി നല്‍കിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്ത്.
അതേസമയം അറസ്റ്റിലായ ഒന്നാം പ്രതിക്ക് ഇടക്കാല ജാമ്യം ലഭിച്ചു. അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തിയേക്കും. നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും പോലീസ് ആലോചിക്കുന്നുണ്ട്.