Editorial
അപകടം പതിയിരിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍
ആകര്‍ഷണീയമായ ലേബലുകളില്‍ വിപണിയിലെത്തുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും ഉപഭോക്താക്കളുടെ ആരോഗ്യം കാര്‍ന്നു തിന്നുന്നവയാണെന്ന യാഥാര്‍ഥ്യം പലര്‍ക്കുമറിയില്ല. ജീവിതശൈലീ രോഗങ്ങള്‍ ഭീഷണമാം വിധം വര്‍ധിച്ചു വരുന്നതില്‍ പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്.

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ അകത്തെ ഭക്ഷ്യവസ്തുവില്‍ അടങ്ങിയ ചേരുവകളുടെ പട്ടിക കൊടുക്കാത്തതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുന്നു സുപ്രീം കോടതി. കുട്ടികളുടെ ഇഷ്ടവിഭവമായ “കുര്‍ക്കുറെ’ ടൊമാറ്റോ ചിപ്‌സിനെ പ്രത്യേകം പരാമര്‍ശിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവ് എന്നിവരടങ്ങിയ ബഞ്ചിന്റെ വിമര്‍ശം. “കുര്‍ക്കുറെയുടെ പാക്കറ്റിനകത്തെ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് കുട്ടികള്‍ കാണുന്നത്. അതില്‍ അടങ്ങിയ ചേരുവകളെന്തെല്ലാമെന്ന് അവരറിയുന്നില്ല. പഞ്ചസാര, ഉപ്പ്, കൊഴുപ്പ് തുടങ്ങി അതിലെ ചേരുവകളുടെ പട്ടികയും അളവും പാക്കറ്റുകളില്‍ രേഖപ്പെടുത്തി അതറിയാന്‍ അവസരമൊരുക്കണ’മെന്ന് കോടതി നിര്‍ദേശിച്ചു. ലേബലില്‍ കൃത്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്തത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നു നിരീക്ഷിച്ച കോടതി, ഇതുസംബന്ധിച്ച് വിദഗ്ധ സമിതി രൂപവത്കരിച്ചു അവരുടെ റിപോര്‍ട്ട് അടിസ്ഥാനത്തില്‍ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു.
പാക്കറ്റ് ഭക്ഷണങ്ങള്‍-റെഡി ടു ഈറ്റ് ഉത്പന്നങ്ങള്‍- വിപണി കൈയടക്കിയ കാലമാണിത്. മുന്‍കാലങ്ങളില്‍ മെട്രോ നഗരങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍ കുഗ്രാമങ്ങളില്‍ പോലും സുലഭം. ചിപ്‌സ്, ഇന്‍സ്റ്റന്റ് ഉപ്പുമാവ്, ദോശമാവ്, പുട്ടുപൊടി, ഇന്‍സ്റ്റന്റ് ബിരിയാണി, ചപ്പാത്തി, പൊറോട്ട എന്നിങ്ങനെ നീളുന്നു പാക്കറ്റ് ഭക്ഷണങ്ങളുടെ പട്ടിക. വന്‍കിട കമ്പനികള്‍ മാത്രമല്ല, കുടുംബശ്രീ യൂനിറ്റുകള്‍ പോലുള്ളവയും കടന്നുവന്നിട്ടുണ്ട് ഈ രംഗത്തേക്ക.് കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഇവകളുടെ ഉപഭോക്താക്കളാണ്. മൊബൈല്‍ അഡിക്്ഷനെ തുടര്‍ന്ന് ആഹാരം പാകം ചെയ്യാനുള്ള സമയക്കുറവ്, പാക്കറ്റ് ഭക്ഷണങ്ങളുടെ സവിശേഷ രുചി തുടങ്ങിയവയാണ് ഇവയുടെ ഡിമാന്‍ഡിനു പിന്നില്‍. ചില ഹോട്ടലുകാര്‍ പാക്കറ്റ് ചപ്പാത്തിയും പൊറോട്ടയും വാങ്ങി ചൂടാക്കിയാണ് തീന്‍മേശയിലെത്തിക്കുന്നത്. പണ്ട് കാലത്ത് മണിക്കൂറുകള്‍ കൊണ്ട് പാകം ചെയ്തിരുന്ന ഭക്ഷണങ്ങള്‍ മിനുട്ടുകള്‍ കൊണ്ട് റെഡിയാക്കുന്നു.
എന്നാല്‍ ആകര്‍ഷണീയമായ ലേബലുകളില്‍ വിപണിയിലെത്തുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും ഉപഭോക്താക്കളുടെ ആരോഗ്യം കാര്‍ന്നു തിന്നുന്നവയാണെന്ന യാഥാര്‍ഥ്യം പലര്‍ക്കുമറിയില്ല. ജീവിതശൈലീ രോഗങ്ങള്‍ ഭീഷണമാം വിധം വര്‍ധിച്ചു വരുന്നതില്‍ പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയവയുടെ ഉയര്‍ന്ന തോതിലുള്ള അളവാണ് കാരണം. പോഷകാഹാര ഗവേഷകരുടെ കാര്‍മികത്വത്തില്‍ ഇന്ത്യയിലെ റെഡി ടു ഈറ്റ് ഉത്പന്നങ്ങളില്‍ നടത്തിയ പഠനത്തില്‍ 70 ശതമാനത്തിലധികം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതായി കണ്ടെത്തി. ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് ആവശ്യമാണെങ്കിലും അധികമായാല്‍ ആരോഗ്യത്തിന് ഹാനികരമാണ്.
ഇതുതന്നെയാണ് കൊഴുപ്പ്, പഞ്ചസാര തുടങ്ങി മറ്റു ചേരുവകളുടെ സ്ഥിതിയും. ഒരു നിശ്ചിത അളവില്‍ മാത്രമേ അവ ശരീരത്തിലെത്താവൂ. ആവശ്യത്തിലധികം കൊഴുപ്പ് ശരീരത്തിലെത്തുന്നത് കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുകയും രക്തക്കുഴലുകളില്‍ മാര്‍ഗതടസ്സങ്ങള്‍ സൃഷ്ടിച്ച് ഹൃദായാഘാത സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മധുരത്തിന്റെ കൂടിയ അളവ് അമിതവണ്ണം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകാം. നാരുകള്‍, വൈറ്റമിനുകള്‍ തുടങ്ങിയവയുടെ അഭാവമാണ് ഇത്തരം ഭക്ഷ്യവസ്തുക്കളിലെ മറ്റൊരു പ്രശ്‌നം. ഇതും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
കുട്ടികളുടെ ഇഷ്ടവിഭവങ്ങളായ ലൈസ്, കുര്‍ക്കുറെ തുടങ്ങി ആകര്‍ഷണീയമായ നിറങ്ങളിലും മണത്തിലും ലഭിക്കുന്ന പൊട്ടാറ്റോ ചിപ്‌സുകള്‍ അപകടകാരികളാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മാരകമായ രാസവസ്തുക്കളാണ് ഇവയുടെ ആകര്‍ഷകമായ നിറത്തിനും മണത്തിനും കേടുകൂടാതെ കൂടുതല്‍ കാലമിരിക്കുന്നതിനും പിന്നില്‍. അടുത്തിടെ കോഴിക്കോട് ജില്ലയില്‍ പന്നിക്കോട് ഒരു കുട്ടി പാക്കറ്റ് ചിപ്‌സ് കഴിച്ചതിനെ തുടര്‍ന്ന് ചുണ്ടുപൊട്ടിയതും വായയില്‍ മുറിവുകളേറ്റതും വാര്‍ത്തയായതാണ്. അതിലടങ്ങിയ ഉയര്‍ന്ന തോതിലുള്ള രാസഘടകങ്ങളാണ് വില്ലന്‍. ഇത്തരം ഉത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന അക്രിലമൈഡ് എന്ന രാസവസ്തു ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ ക്ഷണിച്ചുവരുത്തും.
ഉള്ളിലെ ഭക്ഷ്യവസ്തുക്കളില്‍ മാത്രമല്ല, അതടക്കം ചെയ്ത പാക്കറ്റുകളിലും പതിയിരിപ്പുണ്ട് അപകടങ്ങള്‍. ഫ്രോണ്ടിയേഴ്‌സ് ഇന്‍ ടോക്‌സിക്കോളജി ജേണല്‍ നടത്തിയ പഠനത്തില്‍; പ്ലാസ്റ്റിക്, കാര്‍ഡ്‌ബോര്‍ഡ്, പേപ്പര്‍ തുടങ്ങി ഭക്ഷണം പാക്ക് ചെയ്യുന്ന വസ്തുക്കളിലും ക്യാന്‍സറിനു കാരണമാകുന്ന നിരവധി രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുകയുണ്ടായി. ഭക്ഷ്യപദാര്‍ഥങ്ങള്‍ മാസങ്ങളോളം കേടുകൂടാതിരിക്കുന്നത് ഈ രാസവസ്തുക്കളുടെ സാന്നിധ്യം മൂലമാണ്.
ആഗോളതലത്തിലെ നാല് ലക്ഷം ഉത്പന്നങ്ങളില്‍ നടത്തിയ ഒരു പഠനത്തില്‍ പാക്കറ്റ് ഭക്ഷ്യവസ്തുക്കളില്‍ ഏറ്റവും മോശം ഇന്ത്യന്‍ നിര്‍മിതമാണെന്നാണ് കണ്ടെത്തിയത്. ഇന്ത്യന്‍ ഉത്പന്നങ്ങളില്‍ പഞ്ചസാര, ഉപ്പ്, കൊഴുപ്പ്, കലോറി എന്നിവയുടെ അളവ് കൂടുതലാണ്. ഗുണനിലവാരം കുറഞ്ഞതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളതുമായ ഇത്തരം ഉത്പന്നങ്ങളാണ് വീട്ടിലേക്ക് വരുത്തി ഭക്ഷിക്കുന്നത്. അതേസമയം ആഭ്യന്തര ഉപയോഗത്തിനു വേണ്ടിയുള്ള ഉത്പന്നങ്ങള്‍ക്ക് മാത്രമാണ് ഗുണമേന്മാ കുറവ്. ചേരുവകളുടെ അനുവദനീയമായ അളവ് പരമാവധി പാലിച്ചും രാസവസ്തുക്കളുടെ അളവ് നിയന്ത്രിച്ചും ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് ബ്രാന്‍ഡഡ് കമ്പനികള്‍ വിദേശ രാഷ്ട്രങ്ങള്‍ക്കായി നിര്‍മിക്കുന്നത്. അത്തരം ഉത്പന്നങ്ങളില്‍ എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി എന്ന് രേഖപ്പെടുത്തിയതായി കാണാം. ഇന്ത്യക്കാരന് ഭക്ഷിക്കാനുള്ളതാണ് അവരെ സംബന്ധിച്ചിടത്തോളം മോശം ഉത്പന്നങ്ങള്‍!