Connect with us

Malappuram

ഇരുള്‍ മാഞ്ഞ സ്വരമാധുര്യം; പതിനായിരങ്ങള്‍ക്ക് ഇമാമായി ഹാഫിള് ശബീര്‍ അലി

അകക്കണ്ണിന്റെ വെളിച്ചത്തില്‍ പതിനായിരങ്ങള്‍ക്ക് നിസ്‌കാരത്തിന് നേതൃത്വം നല്‍കി ഹാഫിള് ശബീര്‍ അലി

Published

|

Last Updated

മലപ്പുറം | അകക്കണ്ണിന്റെ വെളിച്ചത്തില്‍ പതിനായിരങ്ങള്‍ക്ക് നിസ്‌കാരത്തിന് നേതൃത്വം നല്‍കി ഹാഫിള് ശബീര്‍ അലി. റമസാന്‍ ഇരുപത്തിയേഴാം രാവില്‍ മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളന നഗരിയില്‍ നടന്ന നിസ്‌കാരത്തിന് നേതൃത്വം വഹിച്ചാണ് എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശിയായ ശബീര്‍ അലി മാതൃക സൃഷ്ടിച്ചത്. വശ്യമനോഹര ശൈലിയിലുള്ള ഖുര്‍ആന്‍ പാരായണം വിശ്വാസികള്‍ക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്. കാഴ്ച ശക്തിയില്ലെങ്കിലും ഖുര്‍ആന്‍ മന:പാഠമാക്കലും പഠനവും ശബീറലിക്ക് തടസ്സമായില്ല. ആത്മവിശ്വാസവും ധൈര്യവും കൈമുതലാക്കി പഠനം തുടരുകയായിരുന്നു.

റമസാനിലെ ആദ്യ വെള്ളിയാഴ്ച മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ ജുമുഅ ഖുത്വുബക്ക് നേതൃത്വം നല്‍കിയതും ശബീര്‍ അലിയായിരുന്നു. ഷാര്‍ജാ ഹോളി ഖുര്‍ആന്‍ റേഡിയോ, ഷാര്‍ജ ഫൗണ്ടേഷന്‍ ഫോര്‍ ഹോളി ഖുര്‍ആന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അവാര്‍ഡ് ജേതാവായും ശബീര്‍ അലി തന്റെ കഴിവ് തെളിയിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത ഭിന്നശേഷി വിഭാഗത്തിലാണ് ഈ നേട്ടം കൈവരിച്ചത്.

പതിനെട്ട് മാസം കൊണ്ട് ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയ ശബീര്‍ അലി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രത്യേക ശിക്ഷണത്തിലും വാത്സല്യത്തിലുമാണ് വളര്‍ന്നത്. മാതാപിതാക്കളുടെയും ഗുരുനാഥന്മാരുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണയും പ്രോത്സാഹനവുമാണ് ഈ നേട്ടങ്ങള്‍ക്കെല്ലാം കാരണമെന്ന് ഈ ഇരുപത്തൊന്നുകാരന്‍ പറയുന്നു. ഭിന്നശേഷിക്കാരുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കാനും ഉന്നതങ്ങളിലെത്തിക്കാനും എല്ലാവരും മുന്നോട്ടുവന്നാല്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും ശബീര്‍ അലി അഭിപ്രായപ്പെട്ടു.

എസ് എസ് എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച ശബീര്‍ അലി കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എഫ് കേരള സാഹിത്യോത്സവില്‍ ഖവാലിയില്‍ മിന്നും പ്രകടനമായിരുന്നു ശബീറലിയുടേത്. ജില്ലാ തല സ്‌കൂള്‍ യുവജനോത്സവത്തില്‍ ഉര്‍ദു സംഘഗാനം എ ഗ്രഡോടെ വിജയിച്ചതും മാധ്യമ ശ്രദ്ധ നേടിയിരുന്നു. മധുര മൂറുന്ന ശബ്ദത്തില്‍ നിരവധി പാട്ടുകളും നഅ്ത്തുകളും ശബീറലി ആലപിച്ചിട്ടുണ്ട്.