prathivaram story
ഇരുണ്ട പ്രകാശം
വീണ്ടും ശ്രദ്ധ ആ ഓർമകളിലേക്ക്, സുധാകരൻ ഇതളുകൾ പതിയെ മറിച്ചു. ആ നിമിഷങ്ങളിലൂടെ ഒരിക്കൽ കൂടി അയാൾ സഞ്ചരിച്ചു.
ചീറി വരുന്ന മഴത്തുള്ളികളിൽ നിന്ന് രക്ഷ പ്രാപിക്കാനയാൾ അടുത്തുള്ള പീടിക ലക്ഷ്യമാക്കി നടന്നു. മരവിച്ചുപോയ കാലുകൾ ഇരിപ്പിടത്തെ തേടുന്നുണ്ട്. കണ്ണുകളെ അയാൾ ചുറ്റുപാടിലേക്ക് യാത്രയാക്കി, ഒടുവിൽ ഒരു മൂലയിൽ സ്ഥാനം പിടിച്ചു. തണുപ്പിനെ പുതപ്പിക്കാൻ അയാൾ തന്റെ കീശയിലേക്ക് കൈയിട്ടു. കിട്ടിയ ചുരുട്ടിനെ പുകച്ച് ചുണ്ടിലമർത്തി.
പുറത്ത് മഴ തിമിർത്തു പെയ്യുന്നു. മഴയുടെ ശക്തി പീടികയുടെ ഷീറ്റിന് മുറിവേൽപ്പിക്കുകയാണ്. പതിയെ അയാൾ തന്റെ സഞ്ചിയിലേക്ക് ദിശ പതിപ്പിച്ചു. സുന്ദര നിമിഷങ്ങളെ ഒളിപ്പിച്ച ഓട്ടോഗ്രാഫ് അയാളെ നോക്കി പരിഹസിക്കുന്നുണ്ട്. സുധാകരൻ പതിയെ ഓട്ടോഗ്രാഫ് കൈയിലെടുത്തു. പൊടുന്നനെ പൊട്ടിയ ഇടിയയാളെ നിശ്ചലനാക്കി. അയാൾ ഭീതിയുടെ മുഖം തടവിക്കളഞ്ഞു. വീണ്ടും ശ്രദ്ധ ആ ഓർമകളിലേക്ക്, സുധാകരൻ ഇതളുകൾ പതിയെ മറിച്ചു. ആ നിമിഷങ്ങളിലൂടെ ഒരിക്കൽ കൂടി അയാൾ സഞ്ചരിച്ചു.
ഇതളുകൾ ഒരുപാട് കൊഴിഞ്ഞുപോയി. അയാളുടെ കണ്ണുകളിൽ ബാല്യത്തെ മുറിവേൽപ്പിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവും കൂടെയുള്ള താളുകളും രക്തത്തെ ഇരട്ടിപ്പിച്ചു. ഒഴുകിവരുന്ന കണ്ണുനീരിനെ മഴത്തുള്ളികൾ കൊണ്ട് തൂത്തുവാരി. ആ ദിവസത്തെ യാഥാർഥ്യത്തിലേക്ക് അയാൾ വീണ്ടും വാഹനം കയറി.
ഒരു മഴക്കാലം; കൂടെയുണ്ടായിരുന്ന അമലും ശിവനും ഇന്ന് അവധിയാണത്രേ. “ഇല്ലെങ്കിൽ നിങ്ങൾക്കിത് ഇന്നലെ പറഞ്ഞൂടായിരുന്നോ’. സുധാകരൻ ഇരുവരോടും കയർത്തു. “അതിന് നിന്റെ അടുക്കൽ ഫോണില്ലല്ലോ’ പരിഹാസ ഭാവത്തോടെ അമലിന്റെ മറുപടി. പിന്നെ അവിടെ സ്ഥാനം ഇല്ലാത്തതുകൊണ്ട് അവിടെനിന്ന് കാലുകളെ ചലിപ്പിച്ചു.
ചൂടുപിടിച്ച ദിനങ്ങളെ സുധാകരൻ പിഴുതെറിഞ്ഞ് ഒരു ഫോൺ അവനും വാങ്ങി. പിന്നെ അയാൾ തനിച്ചായി, കുടുംബം അയാൾ മറന്നുപോയി, സൗഹൃദം സുധാകരനെ രോഷാകുലനാക്കി, ഇരുണ്ട മുറിയിലെ ജീവിതകാലം. വർഷത്തോളം യാത്ര ചെയ്തു. അതിനിടെ അവൾ യാത്രയായത് അവനെ പുറംലോകം കാണിക്കാനിടയാക്കി. അമ്മ സരോജിനി വെള്ള പുതച്ച് കിടക്കുന്നുണ്ട്. പടിവാതിലിൽ നിന്ന് കുഞ്ഞനിയത്തിയുടെ ഒഴുകുന്ന കണ്ണീര് മാറ്റിയുള്ള വാക്ക്. “എത്ര തവണ അമ്മ കെഞ്ചിയതാ ആ വാതിലൊന്ന് തുറക്കാൻ. ഒന്നു തുറന്നിരുന്നെങ്കിൽ അമ്മ…’ പിന്നീട് അവൾ വാക്കുകൾ വിഴുങ്ങി.
തന്റെ ചുറ്റുമുള്ള ആളുകളുടെ ഉപദേശവിപ്ലവമായിരുന്നു പിന്നീട്. മൂടിവെച്ച ദിനങ്ങളെ ഓർത്തയാൾ വിതുമ്പി റൂമിലേക്ക് ഓടിക്കയറി, തന്റെ സഞ്ചിയുമെടുത്ത് യാത്ര തുടങ്ങി. ഒടുവിൽ വീണ്ടും ഒരു ഓർമ പുതുക്കലിനിടയിൽ അയാൾ മയക്കത്തിലേക്ക് ചാടിവീണു.