Connect with us

articles

ദർസുകൾ: വിജ്ഞാനത്തിന്റെ പ്രതാപ കേന്ദ്രങ്ങൾ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പള്ളിദർസുകളുടെ നാനോന്മുഖമായ പുരോഗതിയും വ്യാപനവും ലക്ഷ്യമാക്കി വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു. ഇന്ന് കോഴിക്കോട് നടക്കുന്ന കേരള മുദർരിസ് സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ സമസ്ത: കേന്ദ്ര സെക്രട്ടറി മുഹ്്യിസ്സുന്ന: പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാരുമായി മാളിയേക്കൽ സുലൈമാൻ സഖാഫി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.

Published

|

Last Updated

മദീനയിൽ നിന്ന് കേരളത്തിലേക്ക് പടർന്ന ഇസ്‌ലാമിക നവോത്ഥാനത്തിന്റെ തുടർച്ചയിൽ പൊന്നാനി കേന്ദ്രമാക്കി സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ കെട്ടിപ്പടുത്തത് സർവകലാശാല. പൊന്നാനി തൊടുത്ത് വിട്ട വൈജ്ഞാനിക മുന്നേറ്റം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതൻമാർ ഏറ്റെടുത്തതിന്റെ പരിണതിയാണ് ഇന്നത്തെ പള്ളിദർസ് പ്രസ്ഥാനം. ഇസ്‌ലാമിനെതിരെ തലനീട്ടാൻ ശ്രമിച്ച വിഷമുളകളെ ഏത് കാലത്തും ചെറുത്ത് തോൽപ്പിച്ചത് പള്ളിദർസ് പ്രസ്ഥാനമായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പള്ളിദർസുകുടെ നാനോന്മുഖമായ പുരോഗതിയും വ്യാപനവും ലക്ഷ്യമാക്കി വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു. ഇന്ന് കോഴിക്കോട് വെച്ച് നടക്കുന്ന കേരള മുദർരിസ് സമ്മേളനത്തോടെ കർമപദ്ധതികൾക്ക് തുടക്കമാകും. മുദർരിസ് സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ സമസ്ത: കേന്ദ്ര സെക്രട്ടറി മുഹ്്യിസ്സുന്ന: പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാരുമായി മാളിയേക്കൽ സുലൈമാൻ സഖാഫി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.

? പള്ളിദർസുകളുടെ ചരിത്രം, ആരംഭം ?
= മദീന പള്ളിയിൽ നബി (സ) മുദർരിസായാണ് പള്ളിദർസ് പ്രസ്ഥാനത്തിന്റെ തുടക്കം. മുഹാജിറുകളും അൻസ്വാറുകളുമായ നബി സഖാക്കളായിരുന്നു ഈ ദർസിലെ വിദ്യാർഥികൾ. അവർ മദീന പള്ളിയിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് താമസിച്ചു. മദീനക്കാരായ മുസ്‌ലിംകളുടെ വീടുകളിൽ അവർക്ക് ഭക്ഷണമൊരുക്കി. ഇന്നത്തെ നമ്മുടെ ചെലവ് വീടുകളുടെ മാതൃകയും മദീനയിൽ നിന്ന് തന്നെ. ചരിത്രത്തിലെ ഒന്നാമത്തെ ദർസിൽ പഠിച്ച ആ വിദ്യാർഥികൾ “അഹ്‌ലുസുഫ’എന്ന് അറിയപ്പെടുന്നു.

? ദർസുകളുടെ കേരള ചരിത്രം എന്ന് മുതൽ ആരംഭിക്കുന്നു.
= ഇസ്‌ലാമിക പ്രബോധനത്തിന്റെ ആരംഭം മുതൽ തന്നെ ദർസുകളും ആരംഭിച്ചു എന്ന് വേണം കരുതാൻ. ഹബീബ് ബ്നു മാലിക് (റ) ആണ് കേരളത്തിലെ ഒന്നാമത്തെ ദർസിന്റെ സ്ഥാപകൻ എന്ന് ചരിത്രത്തിൽ കാണാം. ഇബ്നു ബത്തൂത്തയുടെ യാത്രാ വിവരണത്തിലും കേരളത്തിലെ പള്ളിദർസുകളെ കുറിച്ച് പരാമർശങ്ങൾ ഉണ്ട്. എങ്കിലും സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ പൊന്നാനിയിൽ സ്ഥാപിച്ച ലോകപ്രശസ്തമായ ദർസോടെയാണ് കേരളത്തിൽ വ്യവസ്ഥാപിതമായി പള്ളിദർസ് പ്രസ്ഥാനം ആരംഭിക്കുന്നത്. അത് പതിനാറാം നൂറ്റാണ്ടിലായിരുന്നു.

?എന്തെല്ലാമായിരുന്നു ദർസിന്റെ സവിശേഷതകൾ?
= ദർസുകൾ ശാസ്ത്രീയമായ വിദ്യാഭ്യാസ പ്രവർത്തനമാണ്. കേവലം മതജ്ഞാനങ്ങൾ മാത്രമായിരുന്നില്ല അവിടെ അഭ്യസിച്ചിരുന്നത്. ആധുനിക വിജ്ഞാനത്തിന്റെ മിക്ക ശാഖകളും ദർസിൽ പാഠ്യവിഷയങ്ങളായിരുന്നു. ഗുരുകുല സമ്പ്രദായമായിരുന്നു ദർസുകളുടെ രീതി. പള്ളിയിൽ തന്നെ വിദ്യാർഥികളും അധ്യാപകരും താമസിക്കുന്നു. ഭക്ഷണത്തിന് വേണ്ടി ചുറ്റുമുള്ള വീടുകളിൽ പോകുന്നു. ഹോസ്റ്റൽ ഇനത്തിലോ ഭക്ഷണ ഇനത്തിലോ ഭാരിച്ച ചെലവുകൾ വരുന്നില്ല. വിദ്യാർഥികൾക്ക് സമയനഷ്ടം ഇല്ലാതെ പഠിക്കാനാകുന്നു. ഈ വിദ്യാർഥികൾ മുഖേന ഇസ്‌ലാമിക വിഷയങ്ങൾ പഠിക്കാൻ ഓരോ വീട്ടുകാർക്കും അവസരം ലഭിക്കുന്നു. നാട്ടിലാകെയും ആത്മീയപരിവർത്തനം സൃഷ്ടിക്കുന്നതിന് ദർസുകൾ കാരണമാകുന്നു. ബന്ധപ്പെട്ടവരുടെ ജാഗ്രതക്കുറവ് മൂലം സംഭവിക്കുന്ന ഒറ്റപ്പെട്ട അപവാദങ്ങൾ പള്ളിദർസുകളുടെ വ്യാപനത്തിന് തടസ്സമാകരുത്. പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ നമുക്ക് സാധിക്കണം. മത യുക്തിവാദികളും ആധുനികവാദികളും ഒരുക്കുന്ന കെണിയിൽ വീണ് പോകുന്നത് മുസ്‌ലിം സമുദായം സൂക്ഷിക്കണം.

? ദർസിന്റെ ഉള്ളടക്കം, അവ ഉണ്ടാക്കിയ ഇംപാക്റ്റ്?
= ഏറെ വിപുലമായ ഉള്ളടക്കമാണ് ദർസിന്റേത്. മതവിജ്ഞാനത്തിന്റെ വിവിധ ശാഖകൾക്ക് പുറമെ വൈദ്യശാസ്ത്രം, ഗോള ശാസ്ത്രം, തർക്കശാസ്ത്രം, ഭൂമി ശാസ്ത്രം തുടങ്ങിയവയും ദർസുകളിൽ പാഠ്യവിഷയങ്ങളായി.
കേവലം വിജ്ഞാനീയമായ ഉള്ളടക്കം മാത്രമല്ല മാതൃകകളാകാൻ പോന്ന മുസ്‌ലിംകളെയും പ്രബോധകരെയും വിദ്യാഭ്യാസ പ്രവർത്തകരെയും കഴിഞ്ഞ കാലങ്ങളിൽ കേരളത്തിന് സംഭാവന ചെയ്തത് പള്ളിദർസുകളായിരുന്നു. പർവത സമാനരായ പണ്ഡിതൻമാർ, മുഫ്തിമാർ, സമരനായകൻമാർ, ഗ്രന്ഥകാരൻമാർ… എല്ലാം പള്ളിദർസിന്റെ സംഭാവനകളായിരുന്നു. സമസ്തയുടെ പിന്നിട്ട നൂറ് വർഷങ്ങളുടെ ചരിത്രത്തിൽ അതിന് നേതൃത്വം നൽകിയ മഹോന്നതൻമാരൊക്കെയും പള്ളിദർസിന്റെ സംഭാവനകൾ തന്നെ. കേരളത്തിൽ മുസ്‌ലിം നവോത്ഥാനത്തിനും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്കും നേതൃത്വം നൽകിയതും പള്ളിദർസിൽ പഠിച്ചു വളർന്ന പണ്ഡിതരായിരുന്നു. നമ്മുടെ പഴയ കാല ദർസുകളാണ് പിൽക്കാലത്ത് നോളജ് സിറ്റികളായും എജ്യു പാർക്കുകളായും വികാസം കൊള്ളുന്നത്. കേരളത്തിലും ഇന്ത്യയിലാകെയും പടർന്ന് വളരുന്ന വിദ്യാഭ്യാസ സമൂച്ചയങ്ങളുടെ ആദ്യ ഹേതുവും പള്ളിദർസുകളായിരുന്നു. കേരളത്തിൽ മത പരിഷ്കരണ വാദികൾ തോറ്റ് പോയെതെന്ത്? അതിന്റെ ഉത്തരമിരിക്കുന്നതും പള്ളിദർസുകളിൽ തന്നെ.

? ശരീഅത്ത്, ദഅ്വ കോളജുകൾ ഉൾപ്പെടെയുള്ള പുതിയ സംരംഭങ്ങൾ പള്ളിദർസുകൾക്ക് പകരമാകുമോ?
= ഒരു പ്രത്യേക സാഹചര്യത്തിൽ നാം അത്തരം സംരംഭങ്ങൾ ആരംഭിക്കുകയായിരുന്നു. അവ പലപ്പോഴും കെട്ടിട കേന്ദ്രീകൃതങ്ങളാണ്. ദർസുകൾ നാടുമായി ജനങ്ങളുമായി ചേർന്ന് നിൽക്കുന്നവയാണ്. ഔപചാരിക സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയോ നിർത്തിവെച്ചോ ആയിരുന്നു പഴയകാലങ്ങളിൽ ദർസ് പഠനം ആരംഭിച്ചിരുന്നത്. ഇപ്പോൾ രണ്ടും ഒരുമിച്ച് കൊണ്ടുപോകുന്നത് പള്ളിദർസുകളിൽ പ്രായോഗിക പ്രയാസങ്ങൾ ഉണ്ടാക്കുന്നത് കൊണ്ടാണ് പ്രസ്ഥാനം പുതിയ രീതികൾ ചിന്തിക്കേണ്ടി വന്നത്. എങ്കിലും പള്ളിദർസുകൾക്ക് തന്നെ പ്രഥമ പരിഗണന നൽകണം. കുറവുകൾ നികത്തി ദർസുകളെ സജീവമാക്കണം.

? ദർസിന്റെ സംഘാടനം. ഒരു ദർസ് എങ്ങനെയാണ് രൂപം കൊള്ളുന്നത്.
= മിടുക്കനായ ഒരു പണ്ഡിതൻ വിചാരിച്ചാൽ നിഷ്പ്രയാസം സാധിക്കുന്നതാണ് ദർസിന്റെ സംഘാടനം. ഖത്വീബോ ഇമാമോ ആയി ഒരു പ്രദേശത്ത് പ്രവർത്തനം ആരംഭിക്കുന്നതോടെ ദർസും ആരംഭിക്കാം. പുറത്ത് നിന്നുള്ള വിദ്യാർഥികൾ പ്രഥമഘട്ടത്തിൽ ആവശ്യമില്ല. ഒന്നാം ഘട്ടമായി പ്രഭാത ദർസുകൾ തുടങ്ങാം. നാട്ടിലെ പ്രൊഫഷനലുകൾ, പ്രൊഫഷനൽ കോളജ് വിദ്യാർഥികൾ, യുവജനങ്ങൾ ഉൾപ്പെടെയുള്ളവർ പ്രഭാത നിസ്കാരത്തിന് പള്ളിയിലെത്തുന്നു. ഇവരാണ് പ്രഭാത ദർസിലെ വിദ്യാർഥികൾ. ഇവർക്കായി പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കണം. ഒരു മണിക്കൂർ സമയം ദർസ് നടക്കട്ടെ. ആവേശകരമായ അനുഭവമായിരിക്കും ഇത്. ക്രമത്തിൽ ഇവരുടെ മക്കൾ നിങ്ങളുടെ ദർസ് വിദ്യാർഥികളായി ഭാവിയിൽ മാറുന്നത് കാണാം. ഇത്തരം സ്വദേശി ദർസുകൾ പിൽക്കാലത്ത് ധാരാളം പുറം വിദ്യാർഥികളെ ആകർഷിച്ചു വളർന്നത് കാണാം.

? ദർസിന്റെ സംഘാടനത്തിന് മാനേജ്മെന്റിന്റെ സഹകരണം കൂടി വേണമല്ലോ.
= ദുഃഖകരമായ ചില സംഭവങ്ങൾ ഈ രംഗത്ത് ഉണ്ടാകാം. പലപ്പോഴും അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്നതാണ്. ഈയിടെ പുതുക്കിപ്പണിത പള്ളിയിൽ നിന്ന് ദർസ് ഒഴിവാക്കിയതിന് മാനേജ്മെന്റ് കാരണം പറഞ്ഞത് ചുമരുകളിൽ അഴുക്ക് പുരളുമെന്നതാണ്. ഇത്തരം പരിഹാസ്യമായ നിലപാടുകളിൽ നിന്ന് സമുദായ നേതൃത്വം മാറണം. നിസ്സാര കാരണങ്ങൾ പറഞ്ഞ് വലിയ മതവിജ്ഞാന സംരംഭത്തെ നാട്ടിൽ ഇല്ലായ്മ ചെയ്യരുത്.

? ദർസുകളിൽ വിദ്യാർഥികൾ കുറഞ്ഞ് വരുന്നുണ്ടോ. എന്താണ് പരിഹാരം.
= പള്ളിദർസുകളിൽ സ്കൂൾ പഠനത്തിന് അവസരം ലഭിക്കാതിരിക്കുന്നത് ഒരു കാരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ മത വിദ്യാഭ്യാസം കൂടി ആഗ്രഹിക്കുന്ന വിദ്യാർഥികൾ ശരീഅത്ത്, ദഅ്വ കോളജുകളെ ആശ്രയിക്കുന്നു. ഇവർ ദർസുകളിൽ എത്താതെ പോകുന്നു. മറ്റൊരു കാരണം മാനേജ്മെന്റിന്റെ താത്പര്യക്കുറവാണ്. ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയാൽ പരിഹരിക്കാവുന്നതേയുള്ളൂ പ്രശ്നം. പ്രതിഭാധനരായ പണ്ഡിതർക്ക് ഇതൊന്നും തടസ്സമാകേണ്ടതില്ല. മത വിദ്യാഭ്യാസം കൊണ്ട് ഭാവിയിൽ തന്റെ മകൻ സാമ്പത്തിക പ്രയാസങ്ങളിൽ പെട്ട് പോകുമോ എന്ന ഭയവും പൊതുവെ മതവിജ്ഞാനത്തോടുള്ള വിപ്രതിപത്തിക്കും ശോഷണത്തിനും കാരണമാകാം. എനിക്ക് പ്രാസ്ഥാനിക പ്രവർത്തകരോട് പറയാനുള്ളത് ഇതാണ്. ഓരോ പ്രവർത്തകനും സ്വന്തം മക്കളിൽ ഒരാളെയെങ്കിലും മതപണ്ഡിതനാക്കുമെന്ന് തീരുമാനമെടുക്കുക. രണ്ടാമതായി നമ്മുടെ യൂനിറ്റിൽ “ഒരു കുടുംബത്തിൽ ഒരുപണ്ഡിതൻ’ എന്ന ലക്ഷ്യം വെച്ച് പ്രവർത്തിക്കുക. നമുക്ക് കരുത്തുറ്റ പണ്ഡിത വൃന്ദത്തെ നിർമിക്കാനാകും.

? ദർസുകൾ, ശരീഅത്ത് കോളജുകൾ, ദഅ്വ കോളജുകൾ തമ്മിൽ അക്കാദമികമായ വ്യത്യാസങ്ങൾ എന്താണ്. സേവന വേതന വ്യത്യാസങ്ങൾ എന്തെല്ലാമാണ്.
= പ്രത്യേക സാഹചര്യങ്ങളിൽ രൂപം കൊണ്ടതാണ് ഇവയെല്ലാം. ഓരോന്നും വ്യത്യസ്ത ലക്ഷ്യങ്ങളോടെ പ്രവർത്തിക്കേണ്ടവയാണ്. സേവന വേതന കാര്യത്തിലും വ്യത്യാസങ്ങൾ വേണം. സമൂഹത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞ് വ്യത്യസ്ത കഴിവുകളാർജിച്ച പണ്ഡിതൻമാരെ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. മുദർരിസ്, മുഫ്തി, ഖാസി, ഖത്വീബ്, ദാഇ, മുഅല്ലിം, സ്വദർ മുഅല്ലിം, ഹാഫിള്, ഹാസിബ്, ഇമാം, പ്രഭാഷകർ, വാഇളുകൾ, വിദ്യാഭ്യാസ പ്രവർത്തകർ, സംഘടനാ നേതാക്കൾ തുടങ്ങിയ സേവന മേഖലകളിലേക്ക് വ്യത്യസ്ത കഴിവുകളുള്ള പണ്ഡിതരെ ആവശ്യമാണ്. ഇവരുടെ വേതന വ്യവസ്ഥയും വ്യത്യസ്തമാകണം. പഠന കാലവും അധ്വാനവും വ്യത്യസ്തമായിരിക്കും. വിവിധോദ്ദേശ്യങ്ങളോടെയുള്ള ട്രൈനിംഗ് പ്രോഗ്രാമുകൾ ഈ മേഖലയിൽ ആവിഷ്കരിക്കേണ്ടതുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും കേരള മുസ്‌ലിം ജമാഅത്തും ഇതേ കുറിച്ച് ഗൗരവത്തിൽ ആലോചിക്കുകയും കർമപദ്ധതിക്ക് രൂപം നൽകുകയും ചെയ്തിട്ടുണ്ട്. അവ ഘട്ടം ഘട്ടമായി നടപ്പാകുന്നതോടെ പുതിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

? കേരള മുദർരിസ് സമ്മേളനത്തിന്റെ ലക്ഷ്യം.
= വിപുലമായ ഒരു കർമപദ്ധതിയുടെ ആരംഭമാണ് മുദർരിസ് സമ്മേളനം. സമസ്തയുടെ ഉജ്ജ്വലമായ ഒരു കാൽവെപ്പ് എന്ന് പറയാം. കേരളത്തിലെ മദ്റസാ പ്രസ്ഥാേേേനത്തിന് സമാനമായി ദർസ് പ്രസ്ഥാനത്തെ വ്യവസ്ഥാപിതമായും വിപുലമായും വളർത്തേണ്ടതുണ്ട്. കേരള മുദർരിസ് സമ്മേളനത്തോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.

Latest