National
ഡാറ്റ സെന്ററിൽ തീപിടുത്തം; രാജ്യത്ത് പലയിടത്തും ജിയോ സേവനങ്ങൾ തടസ്സപ്പെട്ടു
മൊബൈൽ നെറ്റ്‌വർക്കിൽ 68% ഉപയോക്താക്കളും മൊബൈൽ ഇന്റർനെറ്റ് സേവനത്തിൽ 37% പേരും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, ജിയോഫൈബർ ബന്ധത്തിൽ 14% ഉപയോക്താക്കൾ പ്രശ്നങ്ങൾ നേരിട്ടതായി ഡാറ്റകൾ കാട്ടുന്നു.
മുംബൈ | രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾ കണക്റ്റിവിറ്റി പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. മൊബൈൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെടുകയും ഫോൺ കോളുകൾ ഇടക്ക് കട്ടാവുകയും ചെയ്യുന്നതായി ഉപഭോക്താക്കൾ വിവിധ സാമൂഹിക മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നു. ചില ഉപഭോക്താക്കൾക്ക് ഈ തകരാർ കൂടുതൽ ബാധിച്ചതായാണ് റിപ്പോർട്ട്. മുംബൈയിലാണ് ഏറ്റവും കൂടുതൽ പ്രശ്നം നേരിട്ടത്.
ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടുന്ന സാഹചര്യം കണ്ടെത്തുന്ന ഡൗൺഡിറ്റക്റ്ററിലെ റിപ്പോർട്ടുകൾ പ്രകാരം, റിലയൻസ് ജിയോയുടെ മൊബൈൽ, ഫൈബർ ഇന്റർനെറ്റ് സേവനങ്ങളിൽ ഗണ്യമായ തടസ്സം നേരിട്ടിട്ടുണ്ട്. മൊബൈൽ നെറ്റ്‌വർക്കിൽ 68% ഉപയോക്താക്കളും മൊബൈൽ ഇന്റർനെറ്റ് സേവനത്തിൽ 37% പേരും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, ജിയോഫൈബർ ബന്ധത്തിൽ 14% ഉപയോക്താക്കൾ പ്രശ്നങ്ങൾ നേരിട്ടതായി ഡാറ്റകൾ കാട്ടുന്നു.
റോയിറ്റേഴ്സ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, റിലയൻസ് ജിയോയുടെ ഡാറ്റ സെൻററിൽ ഉണ്ടായ തീപിടിത്തമാണ് രാജ്യത്തെ നെറ്റ്‌വർക്ക് തകരാറിന് കാരണമായത്. തീ നിയന്ത്രണവിധേയമായതായും, സെർവറുകൾ ഉടൻ പ്രവർത്തനം പുനരാരംഭിക്കുമെന്നും റിലയൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
റിലയൻസ് ജിയോ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, സാങ്കേതിക കാരണങ്ങളാൽ തടസ്സം നേരിട്ടതായി സ്ഥിരീകരിച്ചപ്പോൾ, ഇപ്പോൾ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. സേവനങ്ങൾ പൂർണമായും പുനസ്ഥാപിച്ചതായി ജിയോ അവകാശപ്പെടുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്നില്ല.
മൊബൈൽ, ഫൈബർ സേവനങ്ങൾ ആശ്രയിക്കുന്ന ഉപഭോക്താക്കൾ അവരുടെ നിരാശയും ക്രോധവും പ്രകടിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. എക്‌സ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ #JioDown എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആയതോടെ ഉപഭോക്താക്കളുടെ സേവന തടസ്സം സംബന്ധിച്ച അതൃപ്തി കൂടുതൽ വ്യക്തമായി.