Connect with us

From the print

പ്രവാസികളുടെ വിവരശേഖരണം അന്തിമഘട്ടത്തിൽ

സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥികളുടെ വിദേശ കുടിയേറ്റത്തിന് കാരണം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളുടെ മികവ് കുറവ് കൊണ്ടല്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പ്രവാസികളുടെ ഡാറ്റാ ബേസ് തയ്യാറാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം ബി രാജേഷ് നിയമസഭയെ അറിയിച്ചു. പ്രവാസികളെ സംബന്ധിച്ച പൂർണ വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും. പ്രവാസികളുടെ വിമാനയാത്രയുമായി ബന്ധപ്പെട്ട് നടക്കുന്ന ചൂഷണം തടയാൻ കേന്ദ്ര സർക്കാറാണ് നടപടി സ്വീകരിക്കേണ്ടതെന്നിരിക്കെ സംസ്ഥാനം പലതവണ ആവശ്യപ്പെട്ടിട്ടും ഇത് അവഗണിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എം പിമാർ ഇക്കാര്യത്തിൽ കൂടുതൽ ഇടപെടൽ നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വിദ്യാർഥി കുടിയേറ്റത്തിന് കാരണം വിദ്യാഭ്യാസത്തിന്റെ മികവ് കുറവല്ല

സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥികളുടെ വിദേശ കുടിയേറ്റത്തിന് കാരണം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സാധ്യതകളുടെ മികവ് കുറവ് കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നക്ഷത്രചിഹ്നമിട്ട ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്. വിദ്യാർഥികൾ വിദേശത്ത് പഠനത്തിനായി പോകുന്നതിന് നിരവധി ഘടകങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മികച്ച ഗുണമേന്മയുള്ള സുരക്ഷിതമായ ഉപരിപഠനം ലക്ഷ്യമിടുന്ന വിദ്യാർഥികളെ സർക്കാർ എല്ലാ രീതിയിലും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ കാര്യങ്ങൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നോളജ് ഇക്കോണമി മിഷന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 17,02,710 പേർ

കേരള നോളജ് ഇക്കോണമി മിഷന്റെ പോർട്ടലിൽ ഈ മാസം 29 വരെ 17,02,710 തൊഴിലന്വേഷകർ രജിസ്റ്റർ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 38,317 പേർക്ക് ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം വഴി തൊഴിൽ നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.
രക്തത്തിന്റെ 78 ശതമാനവും സന്നദ്ധ രക്തദാനത്തിലൂടെ
കേരളത്തിൽ ശേഖരിക്കപ്പെടുന്ന രക്തത്തിന്റെ 78 ശതമാനവും സന്നദ്ധ രക്തദാനത്തിലൂടെയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 5454 സന്നദ്ധ രക്തദാന ക്യാമ്പുകൾ കഴിഞ്ഞ വർഷം നടത്തി. കഴിഞ്ഞ വർഷം ശേഖരിച്ച 590726 യൂനിറ്റ് രക്തത്തിൽ 444966 യൂനിറ്റും സന്നദ്ധ രക്തദാനത്തിലൂടെ സ്വീകരിച്ചതാണ്. കേരള പോലീസുമായി ചേർന്ന് ആരംഭിച്ച “പോൽ ബ്ലഡ്’ൽ കൂടി അറുപതിനായിരത്തിലധികം യൂനിറ്റ് രക്തം ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി
അറിയിച്ചു.

മൂന്ന് വർഷത്തിനിടെ 916 കെ സ്റ്റോറുകൾ
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് 916 കെ സ്റ്റോറുകൾ അനുവദിച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. റേഷൻകട വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ലൈസൻസികൾക്ക് അധിക വരുമാനം എന്ന ലക്ഷ്യത്തോടെയാണ് കെ സ്റ്റോർ ആരംഭിച്ചത്. മെയ് അവസാനം വരെ 49,734,615 രൂപയുടെ വിൽപ്പന കെ സ്റ്റോറുകൾ മുഖേന നടന്നിട്ടുണ്ട്. കെ സ്റ്റോറുകളുടെ പ്രവർത്തനം ലാഭകരമാണെന്നാണ് ഇത് തെളിയിക്കുന്നത്. സംസ്ഥാനത്തെ റേഷൻ കട ഉടമകൾക്ക് കുടിശ്ശികയിനത്തിൽ നിലവിൽ ഒന്നും നൽകാനില്ലെന്നും കുടിശ്ശിക തീർത്ത് നൽകിയതായും മന്ത്രി പറഞ്ഞു.