From the print
മതാടിസ്ഥാനത്തില്‍ വിവരശേഖരണം: വിദ്യാഭ്യാസ വകുപ്പില്‍ നാല് പേര്‍ക്ക് സസ്പെന്‍ഷന്‍
ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടി.

തിരുവനന്തപുരം | മതാടിസ്ഥാനത്തില്‍ വിവരശേഖരണം നടത്താന്‍ നിര്‍ദേശം നല്‍കിയ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് പേരെ സസ്പെന്‍ഡ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസ്സിസ്റ്റന്റ് പി കെ മനോജ്, ജൂനിയര്‍ സൂപ്രണ്ട് അപ്സര, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന ഗീതാകുമാരി, അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് എ കെ ഷാഹിന എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ആദായ നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ സംഭവത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നിര്‍ദേശം റദ്ദ് ചെയ്യാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സംഭവത്തെ കുറിച്ച് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഇതോടൊപ്പം സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാതിയുമായി മുന്നോട്ട് വന്ന കെ അബ്ദുല്‍ കലാമിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസ്സിസ്റ്റന്റ് പി കെ മനോജ്, ജൂനിയര്‍ സൂപ്രണ്ട് അപ്സര എന്നിവര്‍ നല്‍കിയ നിര്‍ദേശപ്രകാരം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് എ കെ ഷാഹിനയാണ് ഏപ്രില്‍ 22ന് മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍. എയ്ഡഡ് പ്രധാനാധ്യാപകര്‍ക്കും കത്തയച്ചത്. ‘താങ്കളുടെ സ്‌കൂളില്‍ നിന്ന് സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപോര്‍ട്ട് രണ്ട് ദിവസത്തിനകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാക്കണം’ എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. ഉത്തരവ് വിവാദമായതോടെ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഉത്തരവ് പിന്‍വലിച്ചിരുന്നു.
നടപടി പൊതുവിഭ്യാഭ്യാസ ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍
മതം തിരിച്ചുള്ള വിവരശേഖരണ വിവാദത്തിലേക്ക് നയിച്ചത് കോഴിക്കോട് സ്വദേശിയുടെ പരാതി. 2024 നവംബര്‍ 23ന് കോഴിക്കോട് സ്വദേശി കെ അബ്ദുല്‍ കലാം എന്ന വ്യക്തി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ കത്താണ് നടപടികള്‍ക്ക് ആധാരം. ‘സര്‍ക്കാര്‍ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാര്‍ ഇന്‍കം ടാക്സ് നിയമങ്ങളും രാജ്യത്തെ നിലവിലുള്ള മറ്റ് സര്‍ക്കാര്‍ നിയമങ്ങളും സര്‍ക്കാര്‍ ചട്ടങ്ങളും കാറ്റില്‍ പറത്തി ഒരു രൂപ പോലും ഇന്‍കം ടാക്സ് ഡിപാര്‍ട്ട്മെന്റിലേക്ക് ഇന്‍കം ടാക്സായി അടയ്ക്കാതെ മുങ്ങിനടക്കുന്നു’ എന്ന തരത്തിലുള്ള പരാതിയാണ് കത്തിലുണ്ടായിരുന്നത്.
ഈ പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസ്സിസ്റ്റന്റ് 2025 ഫെബ്രുവരി 13ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ 2025 ഫെബ്രുവരി 20ന് പരാതിയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് തുടര്‍ നിര്‍ദേശം ലഭിക്കുന്നത് വരെ വിഷയത്തില്‍ തുടര്‍ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് അസ്സിസ്റ്റന്റ് രണ്ടാമതൊരു നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ 2025 ഫെബ്രുവരി 13ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് അയച്ച ആദ്യ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപോര്‍ട്ടാക്കി അഞ്ച് ദിവസത്തിനകം നല്‍കണമെന്ന് നിര്‍ദേശിച്ച് 2025 മാര്‍ച്ച് നാലിന്, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കുകയായിരുന്നു.
ഇതിന് പിന്നാലെ 2025 ഏപ്രില്‍ 22ന് മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും 2025 ഏപ്രില്‍ 20ന് ഡി ഡി ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശം എന്ന സൂചന ചൂണ്ടിക്കാട്ടി ‘ക്രിസ്തുമത വിശ്വാസികളായ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപോര്‍ട്ടാക്കി രണ്ട് ദിവസത്തിനകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാക്കണമെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു.