National
സ്വർണക്കടത്ത് കേസ്; നടി റന്യ റാവുവിന്റെ രണ്ടാനച്ഛനായ ഡിജിപിയെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച് കർണാടക സർക്കാർ
നടി റന്യ റാവു സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടത് കർണാടകയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

റന്യ റാവു
ബംഗളൂരു | സ്വർണക്കടത്ത് കേസിൽ പ്രതിയായ നടി റന്യ റാവുവിന്റെ രണ്ടാനച്ഛനും ഡി ജി പി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവുവിനെ കർണാടക സർക്കാർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു. കർണാടക സംസ്ഥാന പോലീസ് ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായാണ് റാവു സേവനമനുഷ്ടിച്ചിരുന്നത്. റന്യ സ്വർണക്കടത്ത് കേസിൽ പ്രതിയായ സാഹചര്യത്തിലാണ് നടപടി.
റന്യ റാവു സ്വർണ്ണക്കടത്ത് കേസിൽ ഉൾപ്പെട്ടത് കർണാടകയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. റന്യ റാവുവിന് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിനെ തുടർന്ന് നടിയെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
നടിയുടെ രണ്ടാനച്ചൻ ഉന്നത പോലീസ് ഉദ്യോഗസ്ഥനായതിനാൽ കേസ് അന്വേഷണത്തിൽ പക്ഷപാതിത്വം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ആരോപണങ്ങൾ ഉയർന്നതോടെയാണ് രാമചന്ദ്ര റാവുവിനെതിരെ നടപടിയെടുക്കാൻ കർണ്ണാടക സർക്കാർ നിർബന്ധിതമായത്.