Connect with us

Kerala

മകള്‍ വന്നു; രാംസിംഗിന്റെ അന്ത്യാഭിലാഷം പൂര്‍ത്തിയായി

വൃദ്ധസദനത്തില്‍ മരണപ്പെട്ട ഗുജറാത്ത് സ്വദേശിയുടെ അന്ത്യകര്‍മം നടത്താന്‍ മകളെ തേടിപ്പിടിച്ച്് നടത്തിപ്പുകാര്‍

Published

|

Last Updated

ഫറോക്ക് | സ്നേഹതീരം വൃദ്ധസദനത്തില്‍ മരണപ്പെട്ട ഗുജറാത്ത് സ്വദേശി രാംസിംഗിന്റ അന്ത്യാഭിലാഷം പൂര്‍ത്തീകരിച്ച സന്തോഷത്തിലാണ് പരുത്തിപ്പാറ സ്നേഹതീരം നടത്തിപ്പുകാര്‍. അന്ത്യകര്‍മങ്ങള്‍ ഏക മകളെക്കൊണ്ട് ചെയ്യിപ്പിക്കണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആഗ്രഹം.
എറണാകുളത്ത് ഹോംനഴ്സ് ജോലി ചെയ്യുന്ന മകള്‍ സാവിത്രി മരണ വിവരമറിഞ്ഞ് ഞായറാഴ്ച സ്നേഹതീരം ഭവനം വൃദ്ധ സദനത്തിലെത്തുകയായിരുന്നു. സിദ്ദീഖ് കോടമ്പുഴയുടെ നേതൃത്വത്തില്‍ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി കോഴിക്കോട് സ്മൃതിപഥം ശ്മശാനത്തില്‍ രാംസിംഗിന്റെ ആഗ്രഹം പോലെ അന്ത്യ കര്‍മ്മങ്ങള്‍ നടത്തി സംസ്‌കരിച്ചു.

നന്നായി പാട്ടുപാടുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുന്ന രാംസിംഗ് വാര്‍ധക്യ സഹജമായ അസുഖം കാരണം കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. മരണപ്പെട്ടാല്‍ അന്ത്യകര്‍മങ്ങള്‍ക്ക് ഏക മകള്‍ സാവിത്രിയെ വിളിച്ചുവരുത്തണമെന്ന് രാംസിംഗ് ജീവിത സമയത്ത് പറയാറുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് മൃതദേഹം ഫറോക്ക് പോലീസിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും സ്നേഹതീരം ഭാരവാഹികള്‍ മകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുകയുമായിരുന്നു. ഇതിനിടെയാണ് മകള്‍ എറണാകുളത്ത് ജോലി ചെയ്യുന്ന വിവരം ലഭിച്ചത്.

50 വര്‍ഷം മുമ്പ് ബാന്‍ഡ് വാദ്യ ജോലിക്ക് ഗുജറാത്തില്‍ നിന്ന് കോഴിക്കോട്ടെത്തിയതായിരുന്നു രാംസിംഗ്. പിന്നീട് കൂടെ ജോലി ചെയ്തിരുന്ന കോഴിക്കോട് ഗോവിന്ദപുരം സ്വദേശി രാജു മകള്‍ സരസ്വതിയെ രാംസിംഗിന് വിവാഹം ചെയ്തു കൊടുത്തു. 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഊമയായ ഭാര്യ സരസ്വതിയെ കാണാതെയായി. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് കാണാതായ ഇണയെത്തേടി കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും അലഞ്ഞുനടന്നു. അവസാനം തെരുവില്‍ അഭയം തേടി പീടികത്തിണ്ണയിലും മറ്റും അന്തിയുറങ്ങി. കോഴിക്കോട് ഡി എല്‍ എസ് എ വളണ്ടിയര്‍മാരാണ് ഫാറൂഖ് കോളജിനടുത്ത പരുത്തിപാറയിലെ തെരുവില്‍ ഒറ്റപ്പെട്ടുപോയവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന സ്നേഹതീരം വൃദ്ധസദനത്തിലേക്ക് രാംസിംഗിനെ എത്തിച്ചത്. ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും കുടുംബത്തോടൊപ്പം ജീവിക്കണമെന്നായിരുന്നു 95 വയസ്സുള്ള രാംസിംഗിന്റെ ആഗ്രഹം. മകള്‍ സാവിത്രി ഇടക്കിടെ സന്ദര്‍ശിക്കാറുണ്ടെങ്കിലും സ്വന്തം വീടോ വാടക വീടോ ഇല്ലാത്തതിനാല്‍ കൂടെ താമസിപ്പിക്കാന്‍ പറ്റിയില്ല.

അതിനിടയില്‍ മകളുടെ വിവാഹം നടന്നുവെങ്കിലും ഭര്‍ത്താവ് പിന്നീട് മരണപ്പെട്ടു. ഒരു മകനുള്ള സാവിത്രി കുടുംബ ബാധ്യത കാരണം ഹോം നഴ്സിംഗ് ജോലി തേടി പുറപ്പെട്ടതോടെ പിതാവിനെ സന്ദര്‍ശിക്കുന്നതും മുടങ്ങുകയായിരുന്നു.

 

Latest