Eranakulam
ഫ്‌ളാറ്റില്‍ നിന്ന് വീണ് മകള്‍ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് പിതാവ്, പുനരന്വേഷണം ആരംഭിച്ച് പോലീസ്
തന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയാണ് മകളുടെ മരണത്തിന് പിന്നിലെന്നാണ് ചാലക്കുടി സ്വദേശിയായ പിതാവ് റോയ് സംശയിക്കുന്നത്.
![](https://assets.sirajlive.com/2025/02/irin-897x538.jpg)
കൊച്ചി | മകള്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ്. കൊച്ചി ശാന്തി തൊട്ടേക്കാട് എസ്റ്റേറ്റ് ഫ്‌ളാറ്റിലെ ഐറിന്‍ റോയിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ചാണ് പിതാവ് റോയ് രംഗത്തെത്തിയിരിക്കുന്നത്.
മൂന്ന് വര്‍ഷം മുമ്പായിരുന്നു സംഭവം. തന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയാണ് മകളുടെ മരണത്തിന് പിന്നിലെന്നാണ് ചാലക്കുടി സ്വദേശിയായ റോയ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് പുനരന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2021 ആഗസ്റ്റിലാണ് പതിനെട്ടുകാരിയായിരുന്ന ഐറിന്‍ റോയി ഫ്‌ളാറ്റിലെ പത്താം നിലയില്‍ നിന്ന് വീണ് മരിക്കുന്നത്. ഫ്‌ളാറ്റില്‍ നിന്ന് തെന്നിവീണാണ് മരണമെന്നായിരുന്നു പോലീസ് നിഗമനം. എന്നാല്‍ ഐറിന്റെ മരണത്തില്‍ ബന്ധുവായ പെണ്‍കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ച് പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് റോയ്.
ഐറിന്റെ മരണ ശേഷം ആരോപണവിധേയയായ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് റോയ് പറയുന്നു. നാട്ടില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിയുണ്ടായിരുന്നിട്ടും പെണ്‍കുട്ടി പെട്ടെന്ന് വിദേശത്തേക്ക് പോയതും സംശയത്തിനിടയാക്കുന്നതായും റോയിയുടെ പരാതിയില്‍ പറയുന്നു.