Connect with us

cover story

മകളേ നിനക്കായ്...

ആ സത്യം ഹൃദയത്തില്‍ സൂക്ഷിച്ചു ദിനരാത്രങ്ങള്‍ തള്ളിനീക്കിയാണ് അയാള്‍ മുന്നോട്ടു പായുന്നത്. അമ്മ എവിടെ എന്ന മകളുടെ ചോദ്യം കേട്ടു പലപ്പോഴും പകച്ചു നില്‍ക്കേണ്ടതായി വന്നിട്ടുണ്ട്. അടുത്ത കാലത്തായി രാജപ്പനെ ആ ചിന്ത അലട്ടിക്കൊണ്ടിരിക്കുകയാണ്. പ്രായാധിക്യം അയാളെ അതിന് പ്രേരിപ്പിക്കുന്നു. അധികനാൾ ഇനി ജീവിതമില്ല. അതിനാൽ ആ രഹസ്യം ഉള്ളിൽ െവച്ചു നീറുന്നതിൽ നിന്ന് മോചനം വേണം. ഒടുവിൽ അദ്ദേഹം അത് തുറന്നുപറയാൻ തീരുമാനിച്ചു.

Published

|

Last Updated

32 വര്‍ഷമായി ആ സത്യം മനസ്സില്‍ പേറി രാജപ്പന്‍ സൈക്കിള്‍ ചവിട്ടുകയാണ്. ഗ്രാമങ്ങളില്‍ നിന്നു ഗ്രാമങ്ങളിലേക്കു കിലോമീറ്ററുകളോളം. പറയണ്ടാ എന്നുറച്ചിരുന്നതാണ്. പക്ഷേ, മനസ്സ് പറയുന്നു പറയണം. പറഞ്ഞേപറ്റൂ… ഇനി അമാന്തിച്ചു കൂടാ എന്ന്. അതിനുള്ള സമയവും സാഹചര്യവും ഒത്തുവരണമെന്നു മാത്രം.
ആ സത്യം ഹൃദയത്തില്‍ സൂക്ഷിച്ചു ദിനരാത്രങ്ങള്‍ തള്ളിനീക്കിയാണ് അയാള്‍ മുന്നോട്ടു പായുന്നത്. ദിവസവും കാടുകളില്‍ കയറിയിറങ്ങി പച്ചമരുന്നുകള്‍ പറിച്ചാണു ജീവിതത്തിന്റെ മുറകൂട്ടുന്നത്. അമ്മ എവിടെ എന്ന മകളുടെ ചോദ്യം കേട്ടു പലപ്പോഴും പകച്ചു നില്‍ക്കേണ്ടതായി വന്നിട്ടുണ്ട്.
അപ്പോഴെല്ലാം മനസ്സിനെ ധൈര്യപ്പെടുത്തി പതറാതെ നിന്നു. എന്റെ കുഞ്ഞ് അതറിഞ്ഞാല്‍ അവളുടെ ഭാവിയെ ബാധിക്കും..അവള്‍ തകര്‍ന്നു പോകും. അതുണ്ടാകരുതേ എന്ന ചിന്ത മാത്രമായിരുന്നു രാജപ്പന് ഇത്രയും നാള്‍. എങ്കിലും മകളെ തൃപ്തിപ്പെടുത്താനായി രാജപ്പന്‍ പറഞ്ഞു. “അമ്മ മരിച്ചുപോയി’ എന്ന്… എന്നാല്‍ സത്യം അതായിരുന്നില്ല.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം ഉറവയില്‍ ലക്ഷം വീട് കോളനിയില്‍ താമസക്കാരനായിരുന്ന രാജപ്പന് സഹോദരനും അമ്മയും മാത്രം. നാലാം ക്ലാസ് വരെ സ്‌കൂളില്‍ പോയതായേ ഓര്‍മയുള്ളൂ. അച്ഛനോടൊപ്പം കൂലിപ്പണിയായിരുന്നു തൊഴില്‍. പിന്നീട് മീന്‍വില്‍പ്പനയായി.. കുട നന്നാക്കലായി..ചെരുപ്പുകുത്തിയായി..അങ്ങനെ പലതും.
മധ്യകേരളത്തിലെ കടത്തിണ്ണകളിലെവിടെയും രാജപ്പനെ കാണാമായിരുന്നു. അല്ലലില്ലാതെ ജീവിച്ചുവരവെ പലയിടത്തു നിന്നും വിവാഹാലോചനകള്‍ വന്നു. പെണ്ണുകാണാന്‍ പോയ വീട്ടുകാര്‍ക്കും പെണ്‍കുട്ടികള്‍ക്കും രാജപ്പനെ ഇഷ്ടം. പക്ഷേ ഒരു കുഴപ്പം. ഒരു പെണ്ണിനും ചെരുപ്പുകുത്തിയെ വേണ്ട. കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന കുത്തഴിഞ്ഞ ജീവിതമാണു ചെരുപ്പുകുത്തിക്കെന്ന് അവര്‍ കരുതി. അങ്ങനെ കണ്ടിഷ്ടപ്പെട്ട വിവാഹമൊന്നും നടന്നില്ല.
അങ്ങനെയിരിക്കെ ഒരു കൂട്ടുകാരന്‍ ചെരുപ്പുകുത്തിയെ ഇഷ്ടപ്പെടുന്ന ഒരു പെണ്ണിനെ കാണിക്കാന്‍ കൊണ്ടുപോയി. പെണ്ണിനെ കണ്ടു. രാജപ്പനു സമ്മതം. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് മറ്റൊരു സത്യവുമായി ഒരു ബന്ധു രാജപ്പന്റെ വീട്ടിലേക്കു വരുന്നത്. താന്‍ കണ്ട പെണ്ണ് സ്വന്തം പെങ്ങളാണെന്ന വെളിപ്പെടുത്തല്‍. അതോടെ വിവാഹമെന്ന മോഹം എന്നെന്നേക്കുമായി വേണ്ടെന്നുെവച്ചു.

വിവാഹം കഴിക്കില്ലെന്ന് ഉറച്ച തീരുമാനം എടുത്തെങ്കിലും ഒരു കുഞ്ഞിനെ വളര്‍ത്തണമെന്ന ആഗ്രഹം മനസ്സില്‍ തളിര്‍ത്തുനിന്നു. അങ്ങനെയിരിക്കെ, ആരോ ഉപേക്ഷിച്ച ഒരു ചോരക്കുഞ്ഞിന് രക്ഷാകര്‍ത്താവാനുള്ള നിയോഗം രാജപ്പനെ തേടിയെത്തി. തുണിയില്‍പ്പൊതിഞ്ഞ നിലയില്‍ ഉപേക്ഷിക്കപ്പെട്ട ആ പെണ്‍കുഞ്ഞുമായി വീട്ടിലെത്തിയപ്പോള്‍ അമ്മയുടെ ചോദ്യത്തിന് ഇതു ദൈവത്തിന്റെ കുഞ്ഞാണെന്ന മറുപടി മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. പൊന്നോമനയായി ഇവളെ വളര്‍ത്തണമെന്ന രാജപ്പന്റെ അപേക്ഷകേട്ട് മറ്റൊന്നും ആലോചിക്കാതെ അമ്മ സമ്മതം മൂളി.

ഏറെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ച് അവളെ വളർത്തി. ഇതിനിടയില്‍ കുടുംബസ്വത്തായ എട്ട് സെന്റില്‍ ഈ കുഞ്ഞുകൂടി ഭാവിയില്‍ അവകാശിയായിത്തീരുമോ എന്ന ചിന്ത സഹോദരനിലും മറ്റും ഉണ്ടായി. അത് കുഞ്ഞിന്റെ ഭാവി അപകടത്തിലാക്കുമെന്നും രാജപ്പന്‍ ഭയപ്പെട്ടു. അതോടെ കുഞ്ഞുമായി വീട്ടില്‍ നിന്നിറങ്ങി. മൂന്ന് വയസ്സുള്ള കുഞ്ഞിനേയും ഒക്കത്തെടുത്ത് 26 കാരനായ യുവാവ് വീടുവിട്ടിറങ്ങി. കൈയിലുള്ള ചെരുപ്പും കുടയും നന്നാക്കുന്ന പണിയായുധങ്ങള്‍ മാത്രമായിരുന്നു ആശ്രയം.
ഈ കുഞ്ഞിന്റെ അമ്മയെവിടെ എന്ന ചോദ്യത്തില്‍ അവള്‍ മരണപ്പെട്ടുപോയി എന്നു പറഞ്ഞു. പിന്നീടുള്ള ജീവിതം കൊല്ലം, ആലപ്പുഴ ജില്ലകളിലായിരുന്നു. പാതയോരത്ത് ചെരുപ്പുകുത്തിയും കുട നന്നാക്കിയും വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയി.

വെയിലും മഴയും തണുപ്പും ചൂടും കാറ്റുമേറ്റു കടത്തിണ്ണകളില്‍ കാലം കഴിഞ്ഞുപോയി. കായംകുളം കറ്റാനത്തു കുഞ്ഞുമായി ജോലി ചെയ്തു വരവെ പലരും സഹായിക്കാനായി മുന്നോട്ടുവന്നു. ചിലരുടെ സഹായത്തോടെ കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്തു.
13-ാം വയസ്സില്‍ മകള്‍ പ്രായപൂര്‍ത്തിയാതോടെ സുരക്ഷിതമായ വീടുകളില്‍ അവളെ പാര്‍പ്പിച്ചു.
പത്താം ക്ലാസ് നല്ല മാര്‍ക്കോടെ പാസ്സായ മകള്‍ക്ക് അധ്യാപികയാകണമെന്ന ആഗ്രഹം സാധിച്ചുകൊടുക്കാന്‍ അടൂരില്‍ ടി ടി സിക്കു ചേര്‍ത്തു. ഹോസ്റ്റലില്‍ താമസിപ്പിച്ചായിരുന്നു പഠനം. അതും പാസ്സായതോടെ ജോലി വാങ്ങിക്കൊടുക്കാനും രാജപ്പനു കഴിഞ്ഞു.
മകളെ ഒരു സ്ഥാനത്തെത്തിച്ചതില്‍ അതീവ സന്തോഷത്തിലായ അയാള്‍ മകള്‍ക്കു ഒരു വരനെ അന്വേഷിച്ചുള്ള യാത്രയിലായി പിന്നീട്. അങ്ങനെ ആലപ്പുഴ ജില്ലയിലുള്ള ഒരു യുവാവുമായി വിവാഹവും നടത്തി. എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞായിരുന്നു വിവാഹം. അതിനായി കടത്തിണ്ണയില്‍ നിന്ന് ആദ്യമായി ഒരു ലോഡ്ജിലേക്ക് രാജപ്പന്‍ താമസം മാറ്റി. പരിചയക്കാരും കുറെ ബന്ധുക്കളുമൊക്കെ പങ്കെടുത്തായിരുന്നു വിവാഹം.

മകളെ വിവാഹം കഴിച്ചയച്ചതോടെ ചെരുപ്പുകുത്തലും കുടനന്നാക്കലുമൊക്കെ അവസാനിപ്പിച്ചു. വളര്‍ത്തുമകളുമൊത്തു ഏറെക്കാലം ഊരുചുറ്റിയെങ്കിലും മകളെ ചിറകു വിടര്‍ത്തി പറക്കാന്‍ പഠിപ്പിച്ചെങ്കിലും സന്തതസഹചാരിയെപ്പോലെ സൈക്കിളും ഫിലിപ്സ് റേഡിയോയും രാജപ്പന്‍ ഉപേക്ഷിച്ചില്ല.
സൈക്കിളില്‍ കെട്ടിെവച്ച ഫിലിപ്സ് റേഡിയോയുമായിട്ടേ എവിടേയും രാജപ്പനെ കാണാനാകൂ. ഊണിലും ഉറക്കത്തിലുമൊക്കെ ആ റേഡിയോയും കൂട്ടിനുണ്ടാകും. ഒരിക്കല്‍ അതു കേടായതോടെ അന്നു തന്നെ മറ്റൊരു റേഡിയോ വാങ്ങി. ഫിലിപ്സ് തന്നെ വേണമെന്നു രാജപ്പനു നിര്‍ബന്ധമുണ്ട്.
സൈക്കിളിനു പ്രായാധിക്യം ബാധിച്ചതോടെ അതും മാറ്റി. ഉപയോഗിച്ചിരുന്ന റാലി സൈക്കിളിനു പകരം അതേ റാലി സൈക്കിള്‍ അന്വേഷിച്ചു അലഞ്ഞെങ്കിലും ഒടുവില്‍ ഹെര്‍ക്കുലീസ് വാങ്ങി തൃപ്തിപ്പെടേണ്ടി വന്നു.

ഒരിക്കല്‍ ഒരു പച്ചമരുന്നു കച്ചവടക്കാരന്‍ കാട്ടില്‍ നിന്നു ചൂരല്‍ വെട്ടി കൊണ്ടുവരാമോ എന്നു ചോദിച്ചു. പിന്നീട് കാടുകയറി ചൂരല്‍ അന്വേഷിച്ചുള്ള യാത്രയായിരുന്നു. കാട്ടില്‍ നിന്നു പച്ചമരുന്നും ശേഖരിക്കാന്‍ തുടങ്ങി.
പച്ചമരുന്നുകള്‍ തേടി കിലോമീറ്ററോളം സൈക്കിളില്‍ യാത്ര ചെയ്യുന്നു. പച്ചമരുന്നിന്റെ ആവശ്യക്കാരെ നിരാശപ്പെടുത്താതെ 68-ാം വയസ്സിലും സൈക്കിളില്‍ ചുറ്റിക്കറങ്ങുന്നു.
മകള്‍ തന്റെതല്ലെന്നും താന്‍ എടുത്തുവളര്‍ത്തിയതാണെന്നുമുള്ള ആ സത്യം ഒരിക്കല്‍ അവളെ നേരിട്ടു അറിയിക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ട്.
സ്വന്തമായി ഒരു വീടുവേണം. അവിടെക്കിടന്നു മരിക്കണം. അതാണ് അന്ത്യാഭിലാഷം. വീടില്ലാത്തതുകാരണം റേഷന്‍ കാര്‍ഡില്ല, ആധാറില്ല. കുടുംബസ്വത്തും സഹോദരങ്ങളും ഇല്ല. സര്‍ക്കാറിന്റെ ഒരു രേഖയിലും പെടാതെ ഒരു മനുഷ്യന്‍..ആകാശവാണിയില്‍ നിന്നൊഴുകിവരുന്ന പാട്ടുപോലെ ബാലന്‍സ് തെറ്റാതെ ഉരുളുന്ന സൈക്കിള്‍ പോലെ ഒരു മനുഷ്യന്‍…ആരോ ജന്മം നല്‍കിയ ഒരു ജീവന് ആശ്രയമായിത്തീര്‍ന്ന ഒരുമനുഷ്യന്‍..പച്ചമരുന്നുപോലെ ഒരു പച്ച മനുഷ്യന്‍.

Latest