Connect with us

prathivaram story

മകൾ

അമ്മ ഇനി കൂടുതലൊന്നും പറയണ്ട. ഒന്നുമാത്രം ആലോചിക്കൂ... എന്നെ ഒന്ന് ചേർത്തിരുത്തിയിട്ട് എത്ര കാലമായി... എന്റെ മുടിയിൽ ഒന്ന് തലോടിയത് അമ്മക്കോർമയുണ്ടോ? ഭക്ഷണം വാരിത്തന്നിട്ട് എത്ര നാളായി? പോട്ടേ...ഒന്നു മിണ്ടിപ്പറയാൻ നേരമുണ്ടോ അമ്മക്ക്... മൊബൈൽ ഫോൺ മാത്രം മതിയല്ലോ അമ്മക്ക്... '

Published

|

Last Updated

“അമ്മേ.. അമ്മ ഇനിയും എണീറ്റില്ലേ… ഞാൻ രുക്കുവാണ്…’

“ഫോൺ വെച്ചിട്ട് പോടീ… ഞാനൊന്നുറങ്ങട്ടെ’
“അമ്മേ, എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. സീരിയസാണ്’
“ഫോൺ വെക്കുന്നുണ്ടോ നീയ്… രാവിലെത്തന്നെ വെറുപ്പിക്കാൻ വന്നിരിക്കുന്നു ”
” ഇനി ഒരിക്കലും അമ്മയെ വെറുപ്പിക്കില്ല.. അത് പറയാനാ
വിളിച്ചത് ‘
“രുക്കൂ… നിന്നോടാ പറഞ്ഞത് ഫോൺ കട്ട് ചെയ്യാൻ… എന്നെ ദേഷ്യം പിടിപ്പിക്കല്ലേ…’
“അമ്മേ ഒരഞ്ചു മിനിറ്റ്. ഞാൻ പറയുന്നതൊന്ന് കേൾക്കൂ.. പ്ലീസ്..’
” ഫോൺ വച്ചിട്ട് പോ പെണ്ണേ…’
” അമ്മേ ഞാൻ പോന്നു കഴിഞ്ഞു. ഞാനിപ്പോൾ വീട്ടിലില്ല’
” എന്ത്, വീട്ടിലില്ലെന്നോ’

ശബ്ദം പുറത്തുവന്നത് അമ്മയുടെ ഹൃദയത്തിൽ നിന്നായിരുന്നു.അതോടെ അവശേഷിച്ചിരുന്ന ഉറക്കമെല്ലാം പമ്പ കടന്നു. ഫോൺ ഡിസ്കണക്റ്റ് ചെയ്യാതെ തന്നെ അവർ ബെഡിൽ നിന്ന് ചാടി എഴുന്നേറ്റു. മുകളിലേക്ക് ഓടിക്കയറി രുഗ്മിണിയുടെ ബെഡ്റൂം നോക്കുമ്പോൾ ശൂന്യം.
അമ്മക്ക് തലകറക്കം പോലെ അനുഭവപ്പെട്ടു. വായിൽ വെള്ളം വറ്റിയിരിക്കുന്നു. ബെഡിൽ മടക്കി വെച്ചിരുന്ന ഒരു കടലാസ് അവരുടെ ശ്രദ്ധയിൽപ്പെട്ടു.

” അമ്മേ… മാപ്പ് ചോദിക്കുന്നു. യാത്ര പുറപ്പെടുകയാണ്. എനിക്കിഷ്ടപ്പെട്ട ഒരാളുടെ കൂടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ… ഏറെ നാളത്തെ ആലോചനക്ക് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. അറിയുമ്പോൾ അമ്മക്ക് വിഷമമായിരിക്കുമെന്നറിയാം. അച്ഛനെ അറിയിക്കാൻ എനിക്ക് കരുത്തില്ല. ഒരു പ്രവാസിക്കും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യമാണല്ലോ ഞാൻ ചെയ്യുന്നത്. എന്താണ് എനിക്ക് ഒരു കുറവ് എന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്. വലിയ വീട്. അത്യാവശ്യം സൗകര്യങ്ങൾ. ഏക മകൾ. എന്നിട്ടും ഞങ്ങളോട് ഇങ്ങനെ ചെയ്തല്ലോ എന്നൊരു തോന്നൽ നിങ്ങളിലുണ്ടാവും. പക്ഷേ, ഇതൊന്നുമല്ല, അമ്മേ ഞാൻ ആഗ്രഹിക്കുന്നത്. എനിക്കു വേണ്ടത് അമ്മയെയായിരുന്നു. അച്ഛനെയായിരുന്നു. അമ്മക്ക് എന്നോട് സംസാരിക്കാൻ സമയമില്ല. ഒഴിവുള്ള സമയമത്രയും മൊബൈൽ ഫോണിനെ പറ്റിപ്പിടിച്ചു കിടന്നു. അതിനോട് മാത്രം കിന്നാരം പറഞ്ഞു.

അച്ഛനുമതെ, എന്നോടൊന്നു മിണ്ടിപ്പറഞ്ഞിട്ട് എത്ര നാളുകളായി. ഫോൺ ചെയ്യുമ്പോൾ ഒന്നോ രണ്ടോ വാക്കിൽ വിശേഷങ്ങൾ ഒതുക്കുന്നു. വീട്ടിൽ ഒറ്റപ്പെടലിന്റെ വേദന ഞാൻ അനുഭവിച്ചു. എല്ലാം ശരിയാവുമെന്ന് ആശ്വസിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
അമ്മയുടെ സ്നേഹം കിട്ടാക്കനിയായി തുടർന്നുകൊണ്ടിരുന്നു.
അപ്പോഴാണ് അടുത്ത വീട്ടിൽ ജോലിക്ക് വന്ന ഒരു ബംഗാളിച്ചേട്ടനുമായി പരിചയപ്പെട്ടത്. മലയാളം ശരിക്കറിയില്ലെങ്കിലും ഞങ്ങൾ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. എന്തൊരു സ്നേഹം, എന്തൊരു വാത്സല്യം…

അദ്ദേഹത്തിന് എന്നെപ്പോലെ ഒരു പെങ്ങളുണ്ടത്രേ…അവളെ കാണിച്ചുതരാൻ എന്നെ കൊണ്ടുപോകാം എന്ന് പറഞ്ഞിട്ടുണ്ട്. ഇനിയുള്ള കാലം അദ്ദേഹത്തിന്റെ വീട്ടിൽ കഴിയാമെന്നും…’

ബാക്കി വരികൾ വായിച്ചു പൂർത്തീകരിക്കാൻ അമ്മക്ക് കഴിഞ്ഞില്ല. കൈ വിറയ്ക്കുന്നു, കണ്ണു നിറയുന്നു. മകൾ നഷ്ടപ്പെടുന്നു എന്നറിഞ്ഞപ്പോൾ അസഹനീയമായ അസ്വസ്ഥത അനുഭവപ്പെടുന്നു. അത് ഒരു ആർപ്പുവിളിയായി പുറത്തേക്ക് പ്രവഹിച്ചപ്പോൾ ഫോൺ കട്ട് ചെയ്തിട്ടില്ലാത്ത മകൾ പറഞ്ഞു…

” കരയാതെ അമ്മേ… ഞാൻ പറയുന്നത് മുഴുവൻ കേൾക്കൂ…’
” നീ ഇപ്പോൾ എവിടെയാണ് മോളേ… ‘
തേങ്ങലിന്റെ അകമ്പടിയോടെ അമ്മയുടെ ചോദ്യം.
“എല്ലാം ഞാൻ പറയാം അമ്മേ…’
അവൾക്ക് ഒരു കൂസലുമില്ല. കുറ്റബോധത്തിന്റെ അംശം പോലുമില്ല. സീരിയൽ കഥാപാത്രങ്ങളുടെ അതേ ദൃഢത.

അവൾ തുടർന്നു: ” ഞങ്ങളിപ്പോൾ മാംഗളൂർ റെയിൽവേ സ്റ്റേഷനിലാണ്. ഇവിടുന്ന് വേറെ തീവണ്ടിയിൽ ഇനിയും അഞ്ചാറു മണിക്കൂർ യാത്ര ചെയ്യണമത്രെ. ആ ട്രെയിനിൽ കയറുന്നതോടു കൂടി എന്റെ ഫോൺ കട്ട് ചെയ്യും. പിന്നെ നമ്മൾ തമ്മിൽ അടുത്ത കാലത്തൊന്നും സംസാരിക്കില്ല. എനിക്കിപ്പോൾ 17 വയസ്സായതല്ലേ ഉള്ളൂ. പോലീസിന്റെ പിടിയിൽ പെട്ടാൽ പ്രശ്നമാണ്. ഒരു കൊല്ലം രഹസ്യമായി താമസിച്ച് വിവാഹം കഴിക്കാനാണ് പദ്ധതി. കാര്യങ്ങളെല്ലാം അദ്ദേഹം പ്ലാൻ ചെയ്തുകൊണ്ടിരിക്കുന്നു.

അമ്മയോടും അച്ഛനോടും എനിക്ക് ഒരു വെറുപ്പുമില്ല. കല്യാണശേഷം നിങ്ങളെ വന്ന് കണ്ട് അനുഗ്രഹം വാങ്ങണമെന്ന് ആഗ്രഹിക്കുന്നു. അതുവരെ അമ്മ ക്ഷമിക്കണം’
” മോളേ..എന്ത് അബദ്ധമാണ് ഈ കാണിക്കുന്നത്. ഇങ്ങനെയൊന്നും ചെയ്യല്ലേ…
ഞങ്ങൾക്കിത് സഹിക്കാനാവില്ല…’
“എനിക്കും വേണ്ടേ അമ്മേ ഒരു ജീവിതം. അതും എന്നെ സ്നേഹിക്കുന്ന ഒരാളുടെ കൂടെ…’
” മോളേ’

“അമ്മ ഇനി കൂടുതലൊന്നും പറയണ്ട. ഒന്നുമാത്രം ആലോചിക്കൂ… എന്നെ ഒന്ന് ചേർത്തിരുത്തിയിട്ട് എത്ര കാലമായി… എന്റെ മുടിയിൽ ഒന്ന് തലോടിയത് അമ്മക്കോർമയുണ്ടോ? ഭക്ഷണം വാരിത്തന്നിട്ട് എത്ര നാളായി? പോട്ടേ…ഒന്നു മിണ്ടിപ്പറയാൻ നേരമുണ്ടോ അമ്മക്ക്… മൊബൈൽ ഫോൺ മാത്രം മതിയല്ലോ അമ്മക്ക്… ‘

അതും പറഞ്ഞ് രുഗ്മിണി പൊടുന്നനെ ഫോൺ കട്ട് ചെയ്തു.
മോളേ എന്ന് വിളിച്ചെങ്കിലും അവൾ കേട്ട ഭാവം നടിച്ചില്ല.
അടുത്ത നിമിഷം ഫോൺ സ്വിച്ചോഫ്‌ ആവുകയും ചെയ്തു.
തീർന്നു, എല്ലാം തീർന്നു.. ഇങ്ങനെ എത്രയോ കഥാപാത്രങ്ങളെ
അഭ്രപാളികളിൽ കണ്ടതാണല്ലോ…

വിവരം പറയാൻ ഗൾഫിലെ ഭർത്താവിനെ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല. അദ്ദേഹം ഉറങ്ങുന്ന സമയമായിരിക്കും.

കരഞ്ഞുപിടിച്ച് അയൽക്കാരെ അറിയിക്കണോ, അതല്ല നേരെ പോലീസ് സ്റ്റേഷനിലേക്ക് പോകണോ എന്നാലോചിച്ചു കുറെ സമയം ബെഡിൽ തന്നെയിരുന്നു.
ജീവിതത്തിന്റെ എല്ലാ സൗന്ദര്യവും സന്തോഷവും ഒറ്റ നിമിഷം കൊണ്ട് നഷ്ടപ്പെട്ടതായി അമ്മ തിരിച്ചറിഞ്ഞു. ഇനിയെന്ത് എന്നറിയാതെ വെപ്രാളപ്പെട്ടിരിക്കുമ്പോൾ ഡൈനിംഗ് ഹാളിലെ ബാത്റൂം തുറന്നു അവൾ പുറത്തുവരുന്നു.
അതെ, രുക്കു മോൾ…

അമ്മക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവൾ തന്നെ, സംശയമില്ല.. കൈയിൽ മൊബൈൽ ഫോൺ. ചുണ്ടിൽ മന്ദസ്മിതം. അമ്മ പേടിച്ചു പോയോ എന്ന ഭാവം മുഖത്ത്.
പേടിക്കണം അമ്മേ, ശരിക്കും പേടിക്കണം… അവൾ പറയാതെ പറഞ്ഞുകൊണ്ടിരുന്നു.
തർക്കിക്കാനോ ശാസിക്കാനോ നിൽക്കാതെ പൊന്നുമോളെ അമ്മ വാരിപ്പുണർന്നു. നീ എന്നെ പാഠം പഠിപ്പിച്ചു എന്ന് മനസ്സിൽ പറയുന്നുണ്ടായിരുന്നു.