Kerala
അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്കായി ഡേ കെയർ ആരംഭിക്കും: മന്ത്രി പി രാജീവ്
ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് സർക്കാർ ധനസഹായമായ 10 ലക്ഷം രൂപ കൈമറി
കൊച്ചി |സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ കുട്ടികൾക്കായി ഡേ കെയർ ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്. സ്‌കൂൾ അവധി ദിനങ്ങളിലും സ്‌കൂൾ സമയം കഴിഞ്ഞും പ്രവര്‍ത്തിക്കുന്ന തരത്തിലാകും ഡേ കെയറിന്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. ആലുവയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് സർക്കാർ ധനസഹായമായ 10 ലക്ഷം രൂപ കൈമറിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ കുറ്റമറ്റ രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും പോലീസ് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്കായി പൊലീസ് ക്ലിയറൻസ് സംവിധാനം നടപ്പാക്കാന്‍ കഴിയുമോ എന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ തീരുമാനമെടുത്തത്.