Connect with us

Travelogue

ഡേ ഓഫ് പുലീസ്

നിമിഷങ്ങൾ നീങ്ങുമ്പോൾ വഴിച്ചിത്രം തെളിഞ്ഞു. ബഫർ ഏരിയയിലെ ചുവന്ന വഴി. ഒരു മലത്തടം വളഞ്ഞിറങ്ങുന്നത് കല്ലിടാംമൺതേരിയിലേക്ക്. കമ്പിയിൽ ബലമായി പിടിച്ചിരിക്കണം. ആ വഴി അതു ചിലപ്പോൾ മണൽവഴിയായി രൂപം മാറി. കാടുകൾ. പുൽമേടുകൾ. മുമ്പ് പത്രത്താളുകളിൽ കണ്ടിട്ടുള്ള ചിത്രങ്ങൾ പകർന്ന ചാരുതക്കൊപ്പം അവയെയും ചേർത്തുവച്ചു.

Published

|

Last Updated

ടുവകളെ നേരിൽ കാണുക. കടുവക്കാഴ്ചകൾ തേടിയിറങ്ങിയത് മധ്യപ്രദേശിലെ പന്ന നാഷനൽ പാർക്കിലേക്കായിരുന്നു. ഡിസംബർ പുലർകാലത്ത്‌ വാരണസി ഛത്തർപൂർ നാഷനൽ ഹൈവേയിലൂടെ കടുവക്കാഴ്ചക്ക് പോകുന്ന നേരത്ത്‌ ഹോട്ടൽ മുറിയിൽ നിന്നുള്ള യാത്രയും അത്യപൂർവ സഞ്ചാരമായി മാറിയിരുന്നു. അസ്വാതന്ത്യത്തിന്റെ വലിയ ശ്വാസംമുട്ടലാണ് ആ വാഹനത്തിലിരുന്ന നേരത്ത്‌ വലയംചെയ്തത്. അതിനു കാരണം മറ്റൊന്നുമല്ല. വെളുപ്പിന് അഞ്ച് മണിക്ക് തുടങ്ങിയ ജിപ്‌സി ജീപ്പിലെയാത്രയുടെ തുടക്കം മുതൽ ചുറ്റിലും ഗാഢമായി പരന്നിരുന്ന മൂടൽമഞ്ഞിന്റെ തിമിരവെണ്മയായിരുന്നു നെഞ്ചിൽ വിമ്മിട്ടമായി മാറിയത്. ചുരുക്കിപ്പറഞ്ഞാൽ കാഴ്ചയില്ലാതെ ലോകത്ത് തപ്പിത്തപ്പി നടക്കാനിറങ്ങിയതുപോലെ.

റോഡിനു മധ്യത്തിലെ വെളുത്ത വര മാത്രമായിരുന്നു സത്യമെന്നു കടുംമൂടലിൽ തോന്നിപ്പോയി. ഇടത്തും വലത്തും മലയാണോ? അതോ കൊക്കയോ?

ഒന്നുമറിയില്ല. എതിരെ വരുന്ന വാഹനങ്ങളും മഞ്ഞവെളിച്ചം തെളിച്ചിട്ടും കാഴ്ച അടികൾ മാത്രമേ മുന്നിലേക്ക് തുളഞ്ഞിരുന്നുള്ളു. തൊട്ടുമുന്നിലെത്തുമ്പോൾ മാത്രം തിളക്കം വെക്കുന്ന രണ്ട് വൈരക്കണ്ണുകൾ. പള്ളയിലെ നാലും ആറും പലനിറ വിളക്കുകൾ തങ്ങൾ വലിയ വാഹനങ്ങളാണെന്ന സൂചന തന്നു.

മഞ്ഞാടയുടെ വഴുവഴുത്ത കൊഴുപ്പ്‌ തെല്ലുമങ്ങിയപ്പോൾ വണ്ടി മുഖ്യ പാതയൊക്കെ കടന്നു ഏതോ കാട്ടുവഴിയിൽ എത്തിയിരുന്നത് ശ്രദ്ധയിൽ വന്നു. മൗനിബാബകളായ ഡ്രൈവറും കിളിയും. സഹയാത്രികരിൽ നിഷ്‌കളങ്കരായ ഡൽഹി മിഥുനങ്ങളും. ആരോട് കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിയാൻ.

കാടിന് സമാന്തരം പായുന്ന ചെറുവഴിയിലാണ് ഞങ്ങളുടെ വാഹനമിപ്പോൾ. വശങ്ങളിൽ സ്റ്റേറ്റു കല്ലുകൾ അടുക്കിവെച്ചു പണിത മതിലുകൾ തെളിഞ്ഞുവരുന്നു. അതിനുമപ്പുറത്ത് ഗോതമ്പുപാടങ്ങൾ. പശുക്കളെയും പതിവുപോലെ കണ്ടു. പുലർകാലത്തുതന്നെ പെണ്ണുങ്ങൾ വിറകുകെട്ടുകളുമായിവ റോഡിൽ തെളിഞ്ഞുവന്നു. അവരെവിടേക്കാവും പോകുന്നത്? അതു നിർധാരണം ചെയ്യാൻ പാകത്തിൽ ഉത്തരേന്ത്യൻ അനുഭവങ്ങൾ വിശദമായി ഇല്ലല്ലോ. അതിനാൽ ആ ഗ്രാമീണസ്ത്രീകളുടെ പുലർകാല ചുമടുമായുള്ള നടപ്പിന് പിന്നിലെ ലക്ഷ്യങ്ങളെ കുറിച്ചുള്ള ആലോചന വിട്ടുകളയുകതന്നെ.

പന്നയിലെ വജ്രഖനികളെ കുറിച്ച് ഓർമവന്നു. അടുത്തയിടെ ഒന്നു നോക്കിവരാൻ പോയ ഗ്രാമീണന് കോടികൾ വിലമതിപ്പുള്ള വജ്രം വീണുകിട്ടിയതിനെ കുറിച്ചുള്ള വാർത്തയും.
ഒടുവിൽ ഖജരാഹോയിൽ നിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ അകലെയുള്ള പന്ന നാഷനൽ പാർക്കിന്റെ മാഡ്‌ ലഗേറ്റിൽ മറ്റു ജിപ്‌സികൾക്കൊപ്പം ഞങ്ങളുടെ ജീപ്പുമെത്തി. നമ്മുടെ നാട്ടിലെ പോലെ വനംവകുപ്പ് സംവിധാനങ്ങൾ പ്രകടമായിരുന്നില്ല. ജീപ്‌സിഡ്രൈവർമാർ തന്നെയാണ് പ്രവേശന മുൾപ്പെടെ കാര്യങ്ങൾ അവിടെ നിയന്ത്രിക്കുന്നതെന്നുതോന്നി.

മേൽമൂടിയില്ലാത്ത തുറന്ന ജിപ്‌സിജീപ്പുകൾ ഒന്നൊന്നായി ഗേറ്റുകടന്നു നാഷനൽ പാർക്കിനുള്ളിലേക്ക് നീങ്ങി. നാലുപാടും വനക്കാഴ്ചകൾ മാത്രം. ഒരു പിടിക്കാട്ടോർമകൾ മനസ്സിൽ വന്നെങ്കിലും ഇതത്യപൂർവം. സമാനതകളില്ലാത്തത്. മനസ്സ് അങ്ങനെ പറഞ്ഞു. പുൽക്കാട്. വണ്ടികൾ ഓടിയോടി തെളിഞ്ഞ ചുവന്ന മൺനിരത്ത് നീണ്ടു പുളഞ്ഞ് പോകുന്നു. ഇപ്പോൾ വലിയ പൂച്ചകൾ! നെഞ്ചിടിപ്പ് കൂടിവന്നു.

പണ്ടു പണ്ട് എം എസ് സി പഠനം കഴിഞ്ഞുവെറുതെ നിൽക്കുന്ന കാലം. അതൊന്നു മിന്നലടിച്ചതുമാതിരി മനസ്സിലേക്ക്. കടുവാ സെൻസസിന് ഒരു ചങ്ങാതി പറമ്പിക്കുളത്ത് പോയ കഥ കേട്ട നാൾ അടിവയറ്റിൽ വീണത് കൗതുകത്തീയാണ്. ഈ പ്രപഞ്ചത്തിൽ കൈയെത്താനാകാത്ത എന്തെല്ലാം അനുഭവങ്ങൾ കിടക്കുന്നു. അതിതാവിളഞ്ഞു പാകപ്പെട്ടിരിക്കുന്നു. വലിയ പൂച്ചകൾ. അവ ഇതാ നിരനരയായി മുന്നിൽ എത്താൻ പോകുന്നു. ചിത്രങ്ങളിൽ കണ്ടതുമാതിരി. ജയ്പൂരിലെ ഹോൾക്കർ മ്യൂസിയത്തിൽ കണ്ട സ്റ്റഫുചെയ്ത ബംഗാൾ കടുവകൾ. അവയെത്ര വലിപ്പമുള്ളവയാണ്. ആ സ്റ്റഫ്ഡ്‌ രൂപങ്ങളെ ചേർന്നു നിന്നപ്പോൾ പകർന്ന ഭീതിയും ഒപ്പത്തിനു വളർന്നു. വല്ല ലക്കുകെട്ട കടുവയും ഈ പന്നയിൽ ഉണ്ടെങ്കിൽ!

നിമിഷങ്ങൾ നീങ്ങുമ്പോൾ വഴിച്ചിത്രം തെളിഞ്ഞു. ബഫർ ഏരിയയിലെ ചുമന്ന വഴി. ഒരു മലത്തടം വളഞ്ഞിറങ്ങുന്നത് കല്ലിടാംമൺതേരിയിലേക്ക്. കമ്പിയിൽ ബലമായി പിടിച്ചിരിക്കണം. ആ വഴി അതു ചിലപ്പോൾമണൽവഴിയായി രൂപം മാറി. കാടുകൾ. പുൽമേടുകൾ. മുമ്പ് പത്രത്താളുകളിൽ കണ്ടിട്ടുള്ള ചിത്രങ്ങൾ പകർന്ന ചാരുതക്കൊപ്പം അവയെയും ചേർത്തുെവച്ചു. ഞങ്ങളുടെ ജീപ്പിലെ കാഴ്ചക്കാരുടെ പതിനാറ് കണ്ണുകൾ. ആറ് കടുവ സ്‌നേഹികൾ, ഡ്രൈവർ, ഗൈഡ്. കാട്ടിലും മേട്ടിലും ഒരാൾപ്പൊക്കം പുൽക്കാട്ടിലും പതിനാറ് നേത്രങ്ങൾ പരതിക്കൊണ്ടിരുന്നു. മാനുകൾ, മ്ലാവുകൾ, രണ്ട് കുറുനരികൾ അവ ഇണചേരാനൊരുങ്ങുകയായിരുന്നു. ഇത്രയും കണ്ടുകഴിഞ്ഞു.

അവനെവിടെ? അതാണല്ലോ വേണ്ടത്. ഒരു പറമ്പിക്കുളം യാത്രയിൽ നീർച്ചോല തടത്തിലെ കുഴഞ്ഞ മണ്ണിൽ കണ്ട എണ്ണമറ്റ മൃഗക്കാൽപ്പാടുകളെ കുറിച്ചു തന്നെയാണ് ആ നിമിഷത്തിൽ ഓർക്കേണ്ടത്. വെള്ളം കുടിക്കാനിപ്പോൾ വഴിയോരത്തെ ഈ ജലസംഭരണിക്കടുത്ത്. വഴിയോരത്ത് കൃത്രിമമായി നിർമിച്ചതും പ്രകൃതിദത്തവുമായ ഓരോ വെള്ളക്കെട്ടുകളും പ്രതീക്ഷ വളർത്തിക്കൊണ്ടിരുന്നു. മാനുകൾ ചെവികൂർപ്പിക്കുന്നുണ്ട്. ഈ പുൽക്കാട്ടിൽ. അവന്റെ ഗന്ധം കടന്നുവന്നിട്ടുണ്ടാകും. ഇപ്പോൾ പ്രത്യക്ഷനാകും.

സഞ്ചാരികൾക്ക് അങ്ങനെ പോകാനനുവാദമുള്ള നാലുതട്ടു മലനിരകളിൽ, അവയുടെ താഴ്‌വരകളിൽ, ചെങ്കുത്തു താഴ്ചകളിൽജലപ്രവാഹങ്ങളിൽ ( അതൊക്കെ വരണ്ടതായിരുന്നു.) തലങ്ങും വിലങ്ങും കടുവകളെ തേടിയിറങ്ങിയവരുടെ ജീപ്പുകൾ ഓടിക്കൊണ്ടിരുന്നു. എതിരേ വന്ന വാഹനങ്ങൾ പരസ്പരം ആരാഞ്ഞു. ദേക്കാ. ന ദേക്കിയാ. അവർ പറഞ്ഞ ബാക്കി കലപില വാക്കുകൾ ഞങ്ങൾ വിട്ടുകളഞ്ഞു. ഇന്നലെ ഇവിടെ െവച്ചായിരുന്നു ദർശനം നൽകിയത്. അതൊക്കെ കേട്ടിട്ട് എന്തു കാര്യം. കണ്ണു നിറയില്ലല്ലോ!

കെൻ നദിയുടെ കൈവഴി. വെള്ളം വറ്റിയിരുന്നതിനാൽ അതിന്റെ അടിത്തട്ടും വശങ്ങളുമെല്ലാം പാറമേൽ പണിഞ്ഞതാണ് എന്നു മനസ്സിലായി. അതുംകടന്ന് ഫാൾസിലേക്ക് ജീപ്പ് നീങ്ങി. വമ്പിച്ച ജലപാതത്തിനുള്ള സർവ സാധ്യതകളും ഉണങ്ങിക്കിടക്കുന്നു. അകലെ വെള്ളച്ചാട്ടത്തിലെ പാറപ്പൊത്തുകളിൽ സാക്ഷാൽ കഴുകന്മാർ മിഴിച്ചിരിക്കുന്നു. അവിടെ ഏറുമാടങ്ങൾ. കടുവാ നിരീക്ഷണ സംവിധാനങ്ങൾ അടക്കം സാഹചര്യങ്ങളെല്ലാം അനുകൂലം. പൂച്ചകളുടെ വലിയമ്മകൾ മാത്രമില്ല.

നദികളുടെ കൈവഴികൾ നിരവധി പിന്നെയും കയറിയിറങ്ങി. ഒടുവിൽ സാക്ഷാൽ നദീമുഖത്ത് ചെന്നെത്തി. ഞങ്ങളുടെ വാഹനം മാത്രമല്ല. എല്ലാ ജീപ്പുകളുമവിടെയുണ്ടായിരുന്നു. കെൻ നദിയുടെ മോഹനമായ കാഴ്ച.പൂഴിപ്പരപ്പ്, പുഴ മുറിച്ചു കാഴ്ചയെ നീട്ടിയാൽ അപാരമായ കാടുകൾ. ഉത്തരേന്ത്യൻ ഉൾവന അപാരതയിൽ മനം നിറഞ്ഞു.

കഴിഞ്ഞ ദിവസം ഇവിടെ നിന്നും കോർ ഏരിയയിലെ കാടുകളിലേക്ക് അവൻ നീന്തിപ്പോയിരുന്നു. അപ്പോൾ ഇത്രയും നേരം ചുറ്റിക്കറങ്ങിയത്‌ വെറും ബഫർ സോണിലായിരുന്നു. തമാശ പുറത്ത് പറഞ്ഞില്ല. വിന്ധ്യനിലെ എൺപതിൽപ്പരം ബംഗാൾ കടുവകൾ വിഹരിക്കുന്ന കാടാണ്. പന്ന- ഛത്തർപ്പൂർ ജില്ലകളിൽ വ്യാപിച്ച കാടാണ്. മടക്കത്തിൽ പുച്ഛം തോന്നിപ്പോയി. ഇതൊരു ഗാരിയൽസാങ്ച്വറി കൂടിയാണ്. ഒ രുമുതലയെപ്പോലും കണ്ടതുമില്ല.

യാത്ര അവിസ്മരണീയമാവുമോ? ഒരു കാഴ്ചയിൽ കൊടുംതണുപ്പിൽ സ്വെറ്ററുകൾക്കുള്ളംവിയർക്കുമോ? പ്രതീക്ഷകൾ കൈവിട്ടില്ല. എന്തായാലും അവസാന റീലിൽ ക്ലൈമാക്‌സുണ്ടായി. പത്ത് മണിവരെ ഇത്രയും തെണ്ടിനടന്നിട്ട് ആശ്വസിക്കാൻ അത്രയെങ്കിലുമായി. നിരത്തിനു സമീപത്തു തന്നെ. വണ്ടികൾ ആകാംക്ഷയിൽ കുതിർന്നു. വഴിയോരത്തെ കുറ്റിക്കാട്ടിൽ ഉയർന്ന വാൽ. സാക്ഷാൽ പുലിവാൽ. പുച്ചകൾ ചുഴറ്റിക്കാട്ടുന്ന അതേ വാലുശിര് കുറ്റിച്ചെടികൾക്ക് മുകളിൽ കാണാൻ കഴിഞ്ഞു. അത്‌ ചെടിത്തലപ്പുകൾക്കു മുകളിൽ തെന്നിത്തെന്നി നീങ്ങുന്നു. പുലി ദേഹം കാണാനില്ല. അത് കുറ്റിക്കാട്ടിൽ മറഞ്ഞുനിന്നു. ചുറ്റുവട്ടങ്ങളിലെ ഭയന്ന മാനുകൾ. അവർ പരസ്പരം ജാഗ്രതാസന്ദേശങ്ങൾ കൈമാറിക്കൊണ്ടിരുന്നു.

ഖുർ. ഖുർ.. നീയാണ് എന്റെ നാസ്ത. ആ പുലിമുരളിച്ചയുടെ അർഥം അതായിരുന്നു എന്നു തോന്നിപ്പോയി. ജീപ്പുകൾ ഒന്നിനു പുറകിൽ മറ്റൊന്നായി ആ സ്‌പോട്ടിൽ നിന്നു. കാഴ്ചയില്ല. കാട്ടിനുള്ളിൽ നിന്നും ഒച്ചകൾ മാത്രം. മുരളൽ. ഒടുവിൽ ഒരൊറ്റ അമറിച്ച.അത് മാനിന്റെ കൊരവള്ളി മുറിച്ചപ്പോഴത്തേ തീർച്ചയായി. ഇരയുമായി പുലി മരം കേറുമോ? ജീപ്പുകളിലെ കണ്ണുകൾ അവിസ്മരണീയമായ കാഴ്ചക്ക് കാത്തുനിന്നുമടുത്തു. പന്ന നാഷനൽ പാർക്കിൽ പിന്നെയുമൊരു പുലിദർശനമുണ്ടായി.

ഇന്നത്തെ പരിപാടി തീർന്നതായി ജിപ്‌സിക്കാർ പറഞ്ഞു. നിരാശയിൽ കുതിർന്ന മടക്കവഴിയാണ്. അവൻ ഞങ്ങൾക്ക് പുറംതിരിഞ്ഞു നിന്നു. ചെവി അനങ്ങുന്നുണ്ട്. അവരിൽ ഒരാൾ എഴുന്നേറ്റ് ഇവരൊന്നു കണ്ടോട്ടേ എന്ന സൗജന്യ നടത്ത ശേഷം വീണ്ടും തിരിഞ്ഞുകിടന്നു. അത്രയെങ്കിലുമായി. സമാധാനത്തോടെ തിരിച്ചുപോന്നു.

Latest