Connect with us

Kerala

സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റി

ആരോഗ്യനില മോശമായതിനെ തുടർന്നാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

Published

|

Last Updated

തിരുവനന്തപുരം | എൻഡോസൾഫാൻ ദുരിതബാധിതർക്കായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തക ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്നാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗാന്ധിജയന്തി ദിനത്തിലാണ് ദായാബായി നിരാഹാര സമരം ആരംഭിച്ചത്.

ദുരിതത്തിൽ ഇരയായവരുടെ പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് ദയാബായിയുടെ സമരം. എയിംസിനായി പരിഗണിക്കുന്ന ജില്ലകളിൽ കാസർകോടിനെ കൂടി പരിഗണിക്കുക, ജില്ലയിലെ അഞ്ച് ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സംഘത്തെ നിയോഗിക്കുക, എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളിൽ ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, എൻഡോസൾഫാൻ ബാധിതർക്കായി നടത്താറുള്ള ചികിത്സാ ക്യാമ്പ് പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവർ മുന്നോട്ടുവെക്കുന്നത്.

ദുരിതബാധിതരെ ജീവിക്കാൻ അനുവദിക്കണമെന്നും ഇവരുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ താൻ അവിടെ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കിയെന്നും അതുകൊണ്ടാണ് സഹന സമരത്തിനു തയ്യാറായതെന്നും ദയാബായി പറഞ്ഞിരുന്നു. ദുരിതബാധിതർക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയാണ്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി അടിയന്തരമായി മെഡിക്കൽ ക്യാമ്പ് നടത്തണം. അത് നിറവേറ്റാൻ സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

Latest